Tweet 1560

Tweet 1560
September 21, 2026 • Monday

അബൂദാവൂദ്(റ), അബൂസഈദ് അൽ ഖുദ്രി(റ)വിനെ തൊട്ട് നിവേദനം ചെയ്യുന്നു: ഒരിക്കൽ തിരുനബിﷺ പള്ളിയിലേക്ക് പ്രവേശിച്ചു. അപ്പോൾ അവിടെ അൻസ്വാരികളിൽ പെട്ട അബൂ ഉമാമ(റ) എന്ന് വിളിക്കപ്പെടുന്ന ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു. അവിടുന്ന് ചോദിച്ചു: “ഹേ അബൂ ഉമാമ, നിസ്കാരത്തിന്റേതല്ലാത്ത സമയത്ത് നിന്നെ ഞാൻ പള്ളിയിൽ കാണാൻ കാരണമെന്താണ്?” അദ്ദേഹം പറഞ്ഞു: “യാ റസൂലല്ലാഹ്ﷺ, അല്ലയോ അല്ലാഹുവിൻ്റെ ദൂതരെﷺ എന്നെ പിടികൂടിയ ചിന്തകളും കടങ്ങളുമാണ്.” അവിടുന്ന് ചോദിച്ചു: “നീ രാവിലെയും വൈകുന്നേരവും ചൊല്ലിയാൽ നിന്റെ വിഷമം അല്ലാഹു അകറ്റിത്തരികയും കടം വീട്ടിത്തരികയും ചെയ്യുന്ന ഒരു കാര്യം ഞാൻ നിനക്ക് പഠിപ്പിച്ചു തരട്ടെയോ?”

അദ്ദേഹം പറഞ്ഞു: “തീർച്ചയായും, പ്രവാചകരെﷺ.” അവിടുന്ന് പറഞ്ഞു: “നീ ഇങ്ങനെ പറയുക: ‘അല്ലാഹുവേ, മടുപ്പിലും ദുഃഖത്തിലും നിന്ന് ഞാൻ നിന്നിൽ അഭയം തേടുന്നു. പരാശ്രയത്വത്തിലും അടിയാളത്തത്തിലും നിന്ന് ഞാൻ നിന്നിൽ അഭയം തേടുന്നു. കടത്തിന്റെ ഭാരത്തിൽ നിന്നും മനുഷ്യരുടെ അതിക്രമങ്ങളിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു.'”

അത് ചൊല്ലി, അങ്ങനെ അല്ലാഹു എന്റെ വിഷമവും ദുഃഖവും അകറ്റിത്തന്നു, എന്റെ കടം വീട്ടിത്തരികയും ചെയ്തു.

അനസ്(റ) നിവേദനം ചെയ്യുന്നു; തിരുനബിﷺ മുആദ് ബിൻ ജബൽ(റ)വിനോട് പറഞ്ഞു: “ഉഹ്ദ് മലയുടെ അത്രയും വായ്പയുണ്ടെങ്കിൽ പോലും അത് നിങ്ങൾക്ക് വീട്ടാൻ സഹായിക്കുന്ന ഒരു പ്രാർത്ഥന ഞാൻ നിങ്ങൾക്ക് പഠിപ്പിച്ചു തരട്ടെയോ? മുആദേ, പറയുക:

അല്ലാഹുവേ, ആധിപത്യത്തിന്റെ ഉടമയേ! നീ ഉദ്ദേശിക്കുന്നവർക്ക് ആധിപത്യം നൽകുന്നു; നീ ഉദ്ദേശിക്കുന്നവരിൽ നിന്ന് ആധിപത്യം നീക്കം ചെയ്യുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവരെ നീ പ്രതാപശാലികളാക്കുന്നു; നീ ഉദ്ദേശിക്കുന്നവരെ നീ നിന്ദിതരാക്കുകയും ചെയ്യുന്നു. നന്മയെല്ലാം നിന്റെ കയ്യിലാണ്. നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്. ദുന്യാവിന്റെയും പരലോകത്തിന്റെയും പരമകാരുണികനേ! നീ ഉദ്ദേശിക്കുന്നവർക്ക് അവ നീ നൽകുന്നു; നീ ഉദ്ദേശിക്കുന്നവരിൽ നിന്ന് അവ തടയുകയും ചെയ്യുന്നു. നിന്റെതല്ലാത്തവരുടെ കാരുണ്യത്തിൽ നിന്ന് എന്നെ സ്വയംപര്യാപ്തനാക്കുന്ന ഒരു കാരുണ്യം എനിക്ക് നൽകിയരുളേണമേ!”

ഇമാം ബൈഹഖി(റ) നിവേദനം ചെയ്യുന്നു: അദ്ദേഹം തിരുനബിﷺയോട് പറഞ്ഞു: “എനിക്ക് രാത്രിയിൽ ഭയവും വിറയലും അനുഭവപ്പെടുന്നുണ്ട്.” അപ്പോൾ അവിടുന്ന് പറഞ്ഞു: “ജിന്നുകളിൽ പെട്ട ഒരു അഫ്രീത്ത് ദുഷ്ടജിന്ന് രാത്രികാലങ്ങളിൽ ചതി പ്രയോഗിക്കാറുണ്ട് എന്ന് പറഞ്ഞുകൊണ്ട്, ജിബ്രീൽ(അ) എനിക്ക് പഠിപ്പിച്ച തത്വങ്ങൾ ഞാൻ നിനക്ക് പഠിപ്പിച്ചു തരട്ടെയോ? പറയുക:

നല്ലവനോ ചീത്തയവനോ ആയ ആർക്കും അതിലംഘിക്കാൻ കഴിയാത്ത അല്ലാഹുവിന്റെ പൂർണ്ണമായ വചനങ്ങളിൽ ഞാൻ ശരണം തേടുന്നു; ആകാശത്തുനിന്ന് ഇറങ്ങുന്നതിന്റെ തിന്മയിൽ നിന്നും, അതിലേക്ക് കയറിപ്പോകുന്നതിന്റെ തിന്മയിൽ നിന്നും, ഭൂമിയിൽ അവൻ സൃഷ്ടിച്ചതിന്റെ തിന്മയിൽ നിന്നും, അതിൽ നിന്ന് പുറത്തുവരുന്നതിന്റെ തിന്മയിൽ നിന്നും, രാപ്പകലുകളുടെ കുഴപ്പങ്ങളുടെ തിന്മയിൽ നിന്നും, രാപ്പകലുകളിൽ പെട്ടെന്ന് വന്നുചേരുന്ന ആപത്തുകളുടെ തിന്മയിൽ നിന്നും -നന്മയുമായി വരുന്ന ആപത്തൊഴികെ, ഹേ പരമകാരുണികാ! ഞാൻ രക്ഷ തേടുന്നു.” അദ്ദേഹം പറഞ്ഞു: “ഞാൻ അങ്ങനെ ചെയ്തപ്പോൾ അല്ലാഹു എന്റെ ആ ഭയം മാറ്റിത്തന്നു.”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

👁️ 45