Tweet 1559

Tweet 1559
September 20, 2026 • Sunday

അനസ്(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ ആഇശ(റ)യുടെ അരികിൽ വന്നു. അവർ പനി ബാധിച്ച് ശക്തമായ ശരീരവേദനയോടെ കിടക്കുകയായിരുന്നു. അവർ പനിയെ ശപിച്ചുകൊണ്ട് പറഞ്ഞു: “അല്ലാഹു നിന്നെ ശപിക്കട്ടെ!” അപ്പോൾ അവിടുന്ന് പറഞ്ഞു: “നീ അതിനെ ശപിക്കരുത്; തീർച്ചയായും അത് അല്ലാഹുവിന്റെ. കൽപ്പനപ്രകാരം നിയോഗിക്കപ്പെട്ടതാണ്. എന്നാൽ നീ ഉദ്ദേശിക്കുന്നുവെങ്കിൽ, നീ ചൊല്ലിയാൽ അല്ലാഹു നിന്റെ പനി മാറ്റിത്തരുന്ന ചില വരികൾ ഞാൻ നിനക്ക് പഠിപ്പിച്ചു തരട്ടെയോ? ആഇശ(റ) പറഞ്ഞു: “എന്നെ പഠിപ്പിച്ചു തന്നാലും.”

അപ്പോൾ അവിടുന്ന് പറഞ്ഞു: “നീ ഇപ്രകാരം പറയുക: ‘അല്ലാഹുവേ, കടുത്ത ചൂടുമൂലം ക്ഷീണിച്ച എന്റെ നേർത്ത തൊലിയോടും ദുർബലമായ അസ്ഥിയോടും നീ കരുണ കാണിക്കേണമേ. ഹേ ഉമ്മു മിൽദം /പനിയുടെ വിളിപ്പേര്! നീ മഹാനായ അല്ലാഹുവിൽ വിശ്വസിച്ചിട്ടുള്ളവളാണെങ്കിൽ, നീ തലവേദന ഉണ്ടാക്കരുത്; വായ ദുർഗന്ധമുള്ളതാക്കരുത്; മാംസം തിന്നരുത്; ചോര കുടിക്കരുത്; അല്ലാഹുവിന് കൂറ് കാരെ നിശ്ചയിച്ചവരുടെ അടുത്തേക്ക് നീ മാറിപ്പോവുക.'” അനസ്(റ) പറഞ്ഞു: അവർ അത് പ്രാർത്ഥിച്ചു, അങ്ങനെ അവരിൽ നിന്ന് പനി മാറിപ്പോയി.

ആഇശ(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ അവർക്ക് ഈ പ്രാർത്ഥന പഠിപ്പിച്ചു കൊടുത്തു: “അല്ലാഹുവേ, അതിന്റെ പെട്ടെന്നുള്ളതും വൈകിയുള്ളതുമായ സകല നന്മകളും ഞാൻ നിന്നോട് ചോദിക്കുന്നു; എനിക്കറിയാവുന്നതും അറിയാത്തതുമായ കാര്യങ്ങളിൽ നിന്നും, സകല തിന്മകളിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു; അതിന്റെ പെട്ടെന്നുള്ളതും വൈകിയുള്ളതുമായ കാര്യങ്ങളിൽ നിന്നും എനിക്കറിയാവുന്നതും അറിയാത്തതുമായ തിന്മകളിൽ നിന്നും. അല്ലാഹുവേ, നിന്റെ ദാസനും ദൂതനുമായ തിരുനബിﷺ ചോദിച്ച സകല നന്മകളും ഞാൻ നിന്നോട് ചോദിക്കുന്നു; നിന്റെ ദാസനും ദൂതനുമായ തിരുനബിﷺ ഏതൊരു തിന്മയിൽ നിന്നാണോ അഭയം തേടിയത്, അതിൽ നിന്നെല്ലാം ഞാൻ നിന്നിൽ അഭയം തേടുന്നു. ഞാൻ നിന്നോട് സ്വർഗ്ഗവും അതിലേക്ക് അടുപ്പിക്കുന്ന വാക്കിനെയും പ്രവൃത്തിയെയും ചോദിക്കുന്നു. നരകത്തിൽ നിന്നും, അതിലേക്ക് അടുപ്പിക്കുന്ന വാക്കിലും പ്രവൃത്തിയിലും നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു. നീ എനിക്കായി വിധിച്ച എല്ലാ വിധികളും നീ എനിക്ക് നന്മയാക്കി തീർക്കണമെന്നും ഞാൻ ചോദിക്കുന്നു.”

ഇമാം ബൈഹഖി(റ), ആഇശ(റ)വിനെ തൊട്ട് നിവേദനം ചെയ്യുന്നു: അവരുടെ പിതാവ് അബൂബക്കർ സിദ്ദീഖ്(റ) അവരുടെ അരികിൽ വന്നു. അപ്പോൾ അവർ പറഞ്ഞു: “തിരുനബിﷺ യിൽ നിന്ന് ഞാൻ ഒരു പ്രാർത്ഥന കേൾക്കുകയുണ്ടായി. നിങ്ങളുടെ മേൽ സ്വർണ്ണത്തിന്റെ ഒരു മലയോളം കടമുണ്ടെങ്കിലും, അത് ഓതിയവന് അല്ലാഹു അത് വീട്ടിനൽകും.”

അത് ഇപ്രകാരമാണ്: “അല്ലാഹുവേ, വിഷമങ്ങൾ നീക്കുന്നവനേ, പ്രയാസങ്ങൾ അകറ്റുന്നവനേ, അടിയുറച്ചവരുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുന്നവനേ, ദുനിയാവിന്റെയും പരലോകത്തിന്റെയും പരമകാരുണികനും ദയാപരനുമായവനേ, മറ്റുള്ളവരുടെ കാരുണ്യത്തിന്റെ ആവശ്യമില്ലാത്ത വിധത്തിലുള്ള കാരുണ്യം കൊണ്ട് നീ എന്നോട് കരുണ കാണിക്കേണമേ!”

അബൂബക്കർ(റ) പറഞ്ഞു: “എന്റെ മേൽ അൽപ്പം കടമുണ്ടായിരുന്നു. കടമുള്ളതായിരിക്കുന്നത് എനിക്ക് തീരെ ഇഷ്ടവുമില്ലായിരുന്നു. അൽപസമയം കഴിഞ്ഞ ഉടനെ അല്ലാഹു എനിക്ക് ഒരു ധനസഹായം എത്തിച്ചു തന്നു. അങ്ങനെ എന്റെ മേലുണ്ടായിരുന്ന കടം അല്ലാഹു വീട്ടിത്തന്നു.”

ആഇശ(റ) പറഞ്ഞു: “എന്റെ മേൽ അസ്മാഅ് എന്നവർക്ക് ചില കടങ്ങളുണ്ടായിരുന്നു. അവരെ നോക്കുമ്പോഴൊക്കെ ഞാൻ ലജ്ജിച്ചുപോകുമായിരുന്നു. അതിനാൽ ഞാൻ ഈ പ്രാർത്ഥന പതിവാക്കി. അൽപസമയം കഴിഞ്ഞ ഉടനെ ദാനധർമ്മത്തിലൂടെയല്ലാതെയോ അനന്തരാവകാശത്തിലൂടെയല്ലാതെയോ അല്ലാഹു എനിക്ക് ഒരു ഉപജീവന മാർഗ്ഗം എത്തിച്ചുതന്നു. അങ്ങനെ ഞാൻ ആ കടം വീട്ടുകയും ചെയ്തു.”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

👁️ 77