അംറ് ബ്നു ശുഐബ്(റ) തന്റെ പിതാവിൽ നിന്ന്, അദ്ദേഹം തന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു: ഭയം ഉണ്ടാകുമ്പോൾ ഓതാൻ വേണ്ടി തിരുനബിﷺ ഇത് പഠിപ്പിക്കാറുണ്ടായിരുന്നു: “അല്ലാഹുവിന്റെ കോപത്തിൽ നിന്നും ശിക്ഷയിൽ നിന്നും അവന്റെ ദാസന്മാരുടെ തിന്മകളിൽ നിന്നും പിശാചുക്കളുടെ ദുർമന്ത്രവാദങ്ങളിൽ നിന്നും അവർ എന്റെ അടുക്കൽ സന്നിഹിതരാകുന്നതിൽ നിന്നും അല്ലാഹുവിന്റെ പൂർണ്ണമായ വചനങ്ങളിൽ ഞാൻ അഭയം തേടുന്നു.”
അംറ്(റ) പറഞ്ഞു: അബ്ദുല്ലാഹിബ്നു അംറ്(റ) തന്റെ മക്കളിൽ പ്രായപൂർത്തിയായവർക്ക് അത് പഠിപ്പിച്ചു കൊടുക്കാറുണ്ടായിരുന്നു. പ്രായപൂർത്തിയാകാത്തവർക്കായി അദ്ദേഹം അത് ഒരു കടലാസിൽ എഴുതി അവരുടെ കഴുത്തിൽ കെട്ടിത്തൂക്കിക്കൊടുക്കുമായിരുന്നു. ഹസൻ(റ) പറഞ്ഞു, അതിന്റെ വാചകം ഇപ്രകാരമാണ്; തിരുനബിﷺ പറഞ്ഞു: “നിങ്ങളിൽ ആർക്കെങ്കിലും ഉറക്കത്തിൽ ഭയം ഉണ്ടായാൽ അവൻ പറയട്ടെ…” എന്ന് പറഞ്ഞ് പ്രാർത്ഥന പരാമർശിച്ചു. അതിൽ ഇങ്ങനെയുമുണ്ട്: “പ്രായപൂർത്തിയാകാത്തവന് അത് എഴുതി അവന്റെ കഴുത്തിൽ കെട്ടിത്തൂക്കിക്കൊടുക്കും.”
ഇത് ഇമാം ഹാകിം(റ) നിവേദനം ചെയ്യുകയും അതിന്റെ പരമ്പര സ്വീകാര്യമാണെന്ന് പറയുകയും ചെയ്തു.
മുവത്വയിൽ മാലിക്(റഹ്), യഹ് യബ്നു സഈദി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: ഖാലിദ് ബിൻ അൽ-വലീദ്(റ) തിരുനബിﷺയോട് പറഞ്ഞു: “എനിക്ക് ഉറക്കത്തിൽ ഭയം അനുഭവപ്പെടുന്നുണ്ട്.” അപ്പോൾ അവിടുന്ന് അദ്ദേഹത്തോട് അതുപോലെ പറയാൻ നിർദ്ദേശിച്ചു. ത്വബ്റാനി(റ) അബൂ ഉമാമ(റ)യുടെ ഹദീസിലൂടെ ഇതിന് സമാനമായി നിവേദനം ചെയ്തിട്ടുണ്ട്. അതിന്റെ അവസാനത്തിൽ ആഇശ(റ) പറഞ്ഞു: രണ്ടു രാത്രികൾ മാത്രമേ കഴിഞ്ഞുള്ളൂ, ഖാലിദ് ബിൻ അൽ-വലീദ്(റ) വന്നു പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, എന്റെ മാതാപിതാക്കൾ അങ്ങേക്ക് സമർപ്പിക്കപ്പെടട്ടെ! സത്യവുമായി അങ്ങയെ അയച്ചവൻ തന്നെയാണെ സത്യം! അങ്ങ് എനിക്ക് പഠിപ്പിച്ച മന്ത്രങ്ങൾ ഞാൻ മൂന്ന് പ്രാവശ്യം പൂർത്തിയാക്കാൻ പോലും കഴിഞ്ഞിരുന്നില്ല, അതിനുമുമ്പ് എനിക്ക് അനുഭവപ്പെട്ടിരുന്ന ഭയം അല്ലാഹു എന്നിൽ നിന്ന് നീക്കിക്കളഞ്ഞു. രാത്രിയിൽ അതിന്റെ കൂട്ടിലുളള ഒരു സിംഹത്തിന്റെ അരികിലേക്ക് ഞാൻ ചെന്നാൽ പോലും എനിക്ക് യാതൊരു ഭയവുമില്ല.”
ഇബ്നു സുന്നി(റ) മറ്റൊരു ഉദ്ധരണിയിൽ നിവേദനം ചെയ്യുന്നു: ഒരാൾ തിരുനബിﷺയുടെ അടുക്കൽ വന്നു തനിക്ക് ഉറക്കത്തിൽ കാണുന്ന ഭീകരസ്വപ്നങ്ങളെക്കുറിച്ച് പരാതിപ്പെട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: “നിങ്ങൾ വിരിപ്പിലേക്ക് ചെന്നാൽ പറയുക:
‘അല്ലാഹുവിന്റെ കോപത്തിൽ നിന്നും ശിക്ഷയിൽ നിന്നും അവന്റെ ദാസന്മാരുടെ തിന്മകളിൽ നിന്നും പിശാചുക്കളുടെ ദുർമന്ത്രവാദങ്ങളിൽ നിന്നും അല്ലാഹുവിന്റെ പൂർണ്ണമായ വചനങ്ങളിൽ ഞാൻ അഭയം തേടുന്നു. അവർ എന്റെ അടുക്കൽ സന്നിഹിതരാകുന്നതിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു.'”
ഇബ്നു ഇസ്ഹാഖ്(റ), അംറ് ബിൻ ശുഐബി(റ)ൽ നിന്ന്, നിവേദനം ചെയ്യുന്നു: ഉറക്കത്തിൽ ഭയം തോന്നുമ്പോൾ പറയാനായി തിരുനബിﷺ ഞങ്ങളെ ചില വചനങ്ങൾ പഠിപ്പിച്ചു തരുമായിരുന്നു: “ബിസ്മില്ലാഹ്, അല്ലാഹുവിന്റെ കോപത്തിൽ നിന്നും ശിക്ഷയിൽ നിന്നും അവന്റെ ദാസന്മാരുടെ തിന്മകളിൽ നിന്നും പിശാചുക്കളുടെ ദുർമന്ത്രവാദങ്ങളിൽ നിന്നും അവർ എന്റെ അടുക്കൽ സന്നിഹിതരാകുന്നതിൽ നിന്നും അല്ലാഹുവിന്റെ വചനങ്ങളിൽ ഞാൻ അഭയം തേടുന്നു.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
