Tweet 1522

    Tweet 1522
    August 14, 2026 • Friday
    Post Header

    അബൂ ഉമാമ(റ) പറയുന്നതായി ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു.
    “അല്ലാഹു അയച്ച ഏതൊരു പ്രവാചകനും തന്റെ സമുദായത്തിന് ദജ്ജാലിനെക്കുറിച്ച് മുന്നറിയിപ്പ് നൽകാതിരുന്നിട്ടില്ല. ഞാൻ പ്രവാചകന്മാരിൽ അവസാനത്തെയാളാണ്, നിങ്ങൾ സമുദായങ്ങളിൽ അവസാനത്തെ ആളുകളുമാണ്. അതിനാൽ അവൻ നിങ്ങളുടെ ഇടയിൽ പുറത്തുവരുമെന്നതിൽ യാതൊരു സംശയവുമില്ല. ഞാൻ നിങ്ങൾക്കിടയിൽ ജീവിച്ചിരിക്കുമ്പോഴാണ് അവൻ പുറത്തുവരുന്നതെങ്കിൽ, ഏതൊരു മുസ്ലിമിനും വേണ്ടി അവനെതിരെയുള്ള വാദിയും പ്രതിരോധവും ഞാനായിരിക്കും. എന്നാൽ എനിക്ക് ശേഷം അവൻ പുറത്തുവരികയാണെങ്കിൽ, ഓരോ വ്യക്തിയും സ്വയം പ്രതിരോധിക്കേണ്ടി വരും.

    അല്ലാഹുവാണ് ഓരോ മുസ്ലിമിന്റെ കാര്യത്തിലും ഇടപെടുന്നത്. അവൻ ഇറാഖിനും ശാമിനും ഇടയിലുള്ള ഒരു വഴിയിലൂടെയായിരിക്കും പുറത്തുവരിക. അവൻ വലത്തോട്ടും ഇടത്തോട്ടും എല്ലായിടത്തും നാശവും കുഴപ്പവും വിതയ്ക്കും. ഹേ അല്ലാഹുവിന്റെ ദാസന്മാരേ! നിങ്ങൾ സത്യവിശ്വാസത്തിൽ ഉറച്ചുനിൽക്കുവിൻ! അവൻ തുടക്കത്തിൽ താൻ ഒരു പ്രവാചകനാണെന്ന് അവകാശപ്പെടും; എന്നാൽ എനിക്ക് ശേഷം ഒരു പ്രവാചകനുമില്ല! അവന്റെ രണ്ടു കണ്ണുകൾക്കുമിടയിൽ അവിശ്വാസി എന്ന് എഴുതപ്പെട്ടിട്ടുണ്ടാകും. എഴുതാനറിയാവുന്നവനും അറിയാത്തവനുമായ ഏതൊരു സത്യവിശ്വാസിക്കും അത് വായിക്കാൻ സാധിക്കും. അതിനാൽ ആരെങ്കിലും അവനെ കണ്ടുമുട്ടിയാൽ അവന്റെ മുഖത്ത് തുപ്പുകയും സൂറത്തുൽ കഹ്ഫിലെ ആദ്യ ആയത്തുകൾ പാരായണം ചെയ്യുകയും ചെയ്യട്ടെ.

    മനുഷ്യരിൽ പെട്ട ഒരു വ്യക്തിയുടെ മേൽ അവന് ആധിപത്യം നൽകപ്പെടുകയും അവൻ ആ വ്യക്തിയെ വധിക്കുകയും തുടർന്ന് ജീവിപ്പിക്കുകയും ചെയ്യും. എന്നാൽ അതിനുശേഷം മറ്റൊരു വ്യക്തിയുടെ മേലും അവന് ഇത്തരം ആധിപത്യം ലഭിക്കുകയില്ല.
    അവന്റെ പരീക്ഷണങ്ങളിൽ പെട്ടതാണ് അവന്റെ കൂടെ നരകവും സ്വർഗ്ഗവും ഉണ്ടാവുക എന്നത്. എന്നാൽ അവന്റെ നരകം യഥാർത്ഥത്തിൽ സ്വർഗ്ഗവും, അവന്റെ സ്വർഗ്ഗം നരകവുമായിരിക്കും. ആരെങ്കിലും അവന്റെ നരകത്താൽ പരീക്ഷിക്കപ്പെട്ടാൽ, അവൻ തന്റെ കണ്ണുകൾ അടയ്ക്കുകയും അല്ലാഹുവിനോട് സഹായം തേടുകയും ചെയ്യട്ടെ. ഇബ്രാഹീം നബി(അ)ക്ക് തീ തണുപ്പും സമാധാനവും ആയതുപോലെ അതും തണുപ്പും സമാധാനവുമായി മാറും.

    അവന്റെ നാളുകൾ 40 ദിവസങ്ങളായിരിക്കും. ഒരു ദിവസം ഒരു വർഷം പോലെയും, ഒരു ദിവസം ഒരു മാസം പോലെയും, ഒരു ദിവസം ഒരു ആഴ്ച പോലെയും, മറ്റു ദിവസങ്ങൾ സാധാരണ ദിവസങ്ങൾ പോലെയും ആയിരിക്കും. അവന്റെ അവസാന നാളുകൾ ഒരു മരീചിക പോലെയായിരിക്കും; ഒരാൾ നഗരത്തിന്റെ ഒരു കവാടത്തിൽ നിന്ന് പ്രഭാതത്തിൽ പുറപ്പെട്ടാൽ അടുത്ത കവാടത്തിൽ എത്തുന്നതിന് മുമ്പ് തന്നെ വൈകുന്നേരമാകും.” സ്വഹാബികൾ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരെﷺ! ആ ചുരുങ്ങിയ ദിവസങ്ങളിൽ ഞങ്ങൾ എങ്ങനെയാണ് നിസ്കരിക്കേണ്ടത്?” അവിടുന്ന് അരുളി: “ദീർഘിച്ച ദിവസങ്ങളിൽ നിങ്ങൾ സമയം കണക്കാക്കിയത് പോലെ അതിലും കണക്കാക്കി നിസ്കരിക്കുക.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 21
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...