Tweet 1523

    Tweet 1523
    August 15, 2026 • Saturday
    Post Header

    ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “തീർച്ചയായും ദജ്ജാൽ ഒറ്റക്കണ്ണനും, വെളുത്ത നിറമുള്ളവനും, തിളങ്ങുന്ന ചർമ്മമുള്ളവനുമാണ്. അവന്റെ തല വലിയ പാമ്പിന്റെ തല പോലെയാണ്. മനുഷ്യരിൽ അവനോട് ഏറ്റവും സാദൃശ്യമുള്ളയാൾ ‘അബ്ദുൽ ഉസ്സ ബിൻ ഖത്വൻ’ ആണ്. എന്നാൽ ഈ പരീക്ഷണത്തിൽ പെട്ട് നശിക്കുന്നവർ നശിച്ചു കൊള്ളട്ടെ, നിങ്ങളുടെ രക്ഷിതാവ് ഒരിക്കലും ഒറ്റക്കണ്ണനല്ല!”

    ക്വതാദ ബിൻ ഉമയ്യ(റ) ഒരു സ്വഹാബിയിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ ഞങ്ങളുടെ ഇടയിൽ എഴുന്നേറ്റു നിന്ന് അരുളി: “ഞാൻ ദജ്ജാലിനെക്കുറിച്ച് നിങ്ങൾക്ക് മൂന്ന് തവണ മുന്നറിയിപ്പ് നൽകുന്നു; അവൻ ചുരുണ്ട മുടിയുള്ളവനും ഇടത് കണ്ണ് കാഴ്ചയില്ലാത്തവനുമായിരിക്കും.”

    അബ്ദുല്ലാഹി ഇബ്നു ഉമർ(റ) നിവേദനം ചെയ്യുന്നു; തിരുനബിﷺ: “തന്റെ സമുദായത്തിന് ദജ്ജാലിനെക്കുറിച്ച് മുന്നറിയിപ്പ് നൽകാത്ത ഒരു പ്രവാചകനുമില്ല. തീർച്ചയായും അവൻ ഒറ്റക്കണ്ണനാണ്, എന്നാൽ നിങ്ങളുടെ റബ്ബ് ഒറ്റക്കണ്ണനല്ല. അവന്റെ ഇരു കണ്ണുകൾക്കുമിടയിൽ ‘കാഫിർ’ എന്ന് എഴുതപ്പെട്ടിട്ടുണ്ടാകും. അക്ഷരജ്ഞാനമുള്ളവനും ഇല്ലാത്തവനുമായ ഏതൊരു സത്യവിശ്വാസിക്കും അത് വായിക്കാൻ സാധിക്കും.”

    അബു യഅ്ല(റ) അബൂ ഉമാമ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ ഒരു ദിവസം ഞങ്ങളോട് പ്രസംഗിച്ചു. അവിടുത്തെ പ്രസംഗത്തിൽ ഭൂരിഭാഗവും ദജ്ജാലിനെക്കുറിച്ചുള്ള കാര്യങ്ങളായിരുന്നു. അവിടുന്ന് അരുൾ ചെയ്തു: “അല്ലാഹു ആദമിന്റെ സന്തതികളെ സൃഷ്ടിച്ചത് മുതൽ ഭൂമിയിൽ ദജ്ജാലിന്റെ ഫിത്നയേക്കാൾ, കുഴപ്പത്തേക്കാൾ വലിയൊരു ഫിത്നയും ഉണ്ടായിട്ടില്ല. നൂഹ് നബി(അ)ക്ക് ശേഷം അല്ലാഹു അയച്ച എല്ലാ പ്രവാചകന്മാരും തങ്ങളുടെ ഉമ്മത്തിനെ ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഞാൻ പ്രവാചകന്മാരിൽ അവസാനത്തെയാളാണ്, നിങ്ങൾ ഉമ്മത്തുകളിൽ അവസാനത്തെയാളുകളുമാണ്. അവൻ നിങ്ങളിൽ നിന്ന് പുറപ്പെടുക തന്നെ ചെയ്യും. ഞാൻ നിങ്ങൾക്കിടയിലുള്ളപ്പോൾ അവൻ പുറപ്പെടുകയാണെങ്കിൽ, ഓരോ മുസ്ലിമിനും വേണ്ടി ഞാൻ അവനോട് വാദിക്കുന്നതാണ്. ഇനി എനിക്ക് ശേഷമാണ് അവൻ പുറപ്പെടുന്നതെങ്കിൽ, ഓരോ വ്യക്തിയും അവനവന്റെ കാര്യം സ്വയം വാദിക്കേണ്ടിവരും; ഓരോ മുസ്ലിമിന്റെ കാര്യത്തിലും അല്ലാഹുവാണ് രക്ഷകൻ.”

    ഇമാം അഹമദും(റ) അഹമദ് ബിൻ മനീഉം(റ) വിശ്വസ്തരായ നിവേദകരിലൂടെ ഹിശാം ബിൻ ആമിറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു. “ദജ്ജാലിന്റെ തലമുടി പിന്നിലേക്ക് ചുരുണ്ടതാണ്. അവൻ പറയും: ‘ഞാനാണ് നിങ്ങളുടെ രക്ഷിതാവ്.’ അപ്പോൾ ആരെങ്കിലും ‘നീയാണ് എന്റെ രക്ഷിതാവ്’ എന്ന് പറഞ്ഞാൽ അവൻ വഴികേടിലായി. എന്നാൽ ആരെങ്കിലും ‘നീ കളവ് പറഞ്ഞു, അല്ലാഹുവാണ് എന്റെ രക്ഷിതാവ്, അവനിലാണ് ഞാൻ ഭരമേൽപ്പിച്ചിരിക്കുന്നത്, അവനിലേക്ക് ഞാൻ മടങ്ങുന്നു’ എന്ന് പറഞ്ഞാൽ അവന് ഒരു ഉപദ്രവവും ഉണ്ടാവുകയില്ല അല്ലെങ്കിൽ അവൻ കുഴപ്പത്തിൽപ്പെടുകയില്ല.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 17
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...