
ഇമാം ത്വയാലിസി(റ), ഇബ്‌നു അബീ ശൈബ(റ), ഇമാം അഹ്‌മദ്(റ) എന്നിവർ തിരുനബിﷺയുടെ സ്വതന്ത്രമാക്കപ്പെട്ട അടിമയായ സഫീന(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ തിരുനബിﷺ ഞങ്ങളോട് പ്രസംഗിച്ചു. “അറിയുക! ദജ്ജാൽ ഇടതുകണ്ണ് കേടുള്ളവനാണ് അല്ലെങ്കിൽ അന്ധനാണ്. വലതുകണ്ണിൽ കട്ടിയുള്ള മാംസവളർച്ചയുണ്ട്. അവന്റെ രണ്ടു കണ്ണുകൾക്കുമിടയിൽ ‘സത്യനിഷേധി’ എന്ന് എഴുതപ്പെട്ടിട്ടുണ്ടാകും.”
ത്വബ്റാനി(റ) അസ്മാഅ് ബിൻത് യസീദി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “ദജ്ജാലിനെ കുറിച്ച് ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. എല്ലാ പ്രവാചകന്മാരും തങ്ങളുടെ ജനതയ്ക്ക് അവനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സമൂഹത്തിൽ വച്ചാണ് അവൻ വരാനിരിക്കുന്നത്. എനിക്ക് മുമ്പുള്ള പ്രവാചകന്മാരൊന്നും തങ്ങളുടെ ജനതയ്ക്ക് വിവരിച്ചു കൊടുക്കാത്ത ചില ലക്ഷണങ്ങൾ ഞാൻ നിങ്ങൾക്ക് പറഞ്ഞുതരാം. അവന്റെ പുറപ്പാടിന് മുമ്പ് കഠിനമായ അഞ്ച് വരൾച്ചാ വർഷങ്ങളുണ്ടാകും, കുളമ്പുള്ള സകല മൃഗങ്ങളും നശിക്കുന്നതുവരെ അത് തുടരും.”
അപ്പോൾ ചോദിക്കപ്പെട്ടു: “എങ്കിൽ സത്യവിശ്വാസികൾ എങ്ങനെ ജീവിക്കും?” പ്രവാചകൻ പറഞ്ഞു: “മലക്കുകൾ എന്തുകൊണ്ടാണോ ജീവിക്കുന്നത് അതുതന്നെയായിരിക്കും അവരുടെയും ഭക്ഷണം. പിന്നീട് അവൻ പുറപ്പെടും. അവൻ കണ്ണുപൊട്ടനാണ്, എന്നാൽ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു കണ്ണുപൊട്ടനല്ല. അവന്റെ രണ്ടു കണ്ണുകൾക്കുമിടയിൽ ‘കാഫിർ’ എന്ന് എഴുതിയിട്ടുണ്ടാകും; എഴുത്ത് വായിക്കാൻ അറിയുന്നവനും അറിയാത്തവനുമായ എല്ലാ സത്യവിശ്വാസിയും അത് വായിക്കും. അവനെ പിന്തുടരുന്നവരിൽ ഭൂരിഭാഗവും ജൂതന്മാരും സ്ത്രീകളും ഗ്രാമീണരായ അറബികളുമായിരിക്കും. ആകാശം മഴ പെയ്യിക്കുന്നതായി നിങ്ങൾ കാണും, എന്നാൽ അത് മഴയായിരിക്കില്ല. ഭൂമി മുളപ്പിക്കുന്നതായി നിങ്ങൾ കാണും, എന്നാൽ അത് സസ്യങ്ങളായിരിക്കില്ല.
അവൻ ഗ്രാമീണ അറബികളോട് ചോദിക്കും: ‘നിങ്ങൾ എന്നിൽ നിന്ന് എന്താണ് ആഗ്രഹിക്കുന്നത്? ഞാൻ നിങ്ങൾക്കായി ആകാശത്തുനിന്ന് ധാരാളമായി മഴ പെയ്യിച്ചു തന്നില്ലേ? നിങ്ങളുടെ കന്നുകാലികളെ മടിയും അറുതിയും മാറ്റി, പാലുകൊണ്ട് നിറഞ്ഞുതുളുമ്പുന്ന അവസ്ഥയിലാക്കി ജീവിപ്പിച്ചു തന്നില്ലേ?’ മരണപ്പെട്ടുപോയ അവരുടെ പിതാക്കന്മാരുടെയും സഹോദരന്മാരുടെയും സുഹൃത്തുക്കളുടെയും രൂപത്തിൽ പിശാചുക്കൾ അവനോടൊപ്പം അയക്കപ്പെടും. അങ്ങനെ അവരിലൊരാൾ തന്റെ പിതാവിന്റെയോ സഹോദരന്റെയോ ബന്ധുവിന്റെയോ അടുക്കൽ ചെന്ന് ചോദിക്കും: ‘ഞാൻ ഇന്ന ആളല്ലേ? എന്നെ നിനക്ക് മനസ്സിലായില്ലേ? ഇതാണ് നിന്റെ രക്ഷിതാവ്, അതിനാൽ അവനെ പിന്തുടരുക.’ അവൻ നാല്പത് വർഷം വാഴും; അതിലെ ഒരു വർഷം ഒരു മാസം പോലെയും, ഒരു മാസം ഒരു ആഴ്ച പോലെയും, ഒരു ആഴ്ച ഒരു ദിവസം പോലെയും, ഒരു ദിവസം ഒരു മണിക്കൂർ പോലെയും, ഒരു മണിക്കൂർ തീയിൽ ഈന്തപ്പനയോല കരിയുന്നത്ര വേഗത്തിലും ആയിരിക്കും. രണ്ട് മസ്ജിദുകൾ മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി ഒഴികെ മറ്റെല്ലാ സ്ഥലങ്ങളിലും അവൻ പ്രവേശിക്കും.”
പിന്നീട് തിരുനബിﷺ വുളൂഅ് ചെയ്യാനായി എഴുന്നേറ്റു. അപ്പോൾ ജനങ്ങളുടെ കരച്ചിലും സങ്കടവും അവിടുന്ന് കേട്ടു. തുടർന്ന് അവരുടെ ഇടയിലേക്ക് മടങ്ങിവന്ന് പറഞ്ഞു: “നിങ്ങൾ സന്തോഷിക്കുവിൻ! ഞാൻ നിങ്ങൾക്കിടയിലുള്ളപ്പോഴാണ് അവൻ പുറപ്പെടുന്നതെങ്കിൽ, അല്ലാഹുവും അവന്റെ ദൂതരുംﷺ നിങ്ങൾക്ക് മതിയായവരാണ്. ഇനി എനിക്ക് ശേഷമാണ് അവൻ പുറപ്പെടുന്നതെങ്കിൽ, ഓരോ മുസ്ലിമിന്റെ കാര്യത്തിലും അല്ലാഹുവാണ് എന്റെ രക്ഷാധികാരി. അഥവാ അവൻ കാത്തുകൊള്ളും.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
