
അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: തിരുനബിﷺ പറഞ്ഞു: “എന്റെ കുടുംബത്തിൽപ്പെട്ട ഒരു വ്യക്തി ഭരണാധികാരിയാവുകയും ഇസ്തംബൂളും ദയ്‌ലം പർവ്വതനിരകളും കീഴടക്കുകയും ചെയ്യുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല. ദുനിയാവിന്റെ ആയുസ്സിൽ ഇനി ഒരൊറ്റ ദിവസമല്ലാതെ ബാക്കിയില്ലെങ്കിൽ പോലും, അവൻ അത് കീഴടക്കുന്നത് വരെ അല്ലാഹു ആ ദിവസത്തെ നീട്ടിക്കൊടുക്കുക തന്നെ ചെയ്യും.” മറ്റൊരു നിവേദനത്തിൽ: “എന്റെ കുടുംബത്തിൽപ്പെട്ട ഒരു വ്യക്തി ദയ്‌ലം പർവ്വതനിരകളും കോൺസ്റ്റാന്റിനോപ്പിളും ഭരിക്കുന്നത് വരെ അല്ലാഹു ആ ദിവസത്തെ നീട്ടിക്കൊടുക്കുക തന്നെ ചെയ്യും.”
അബു സഈദ്(റ)വിൽ നിന്ന് നിവേദനം തിരുനബിﷺ പറഞ്ഞു: “എന്റെ കുടുംബത്തിൽപ്പെട്ട ചെറിയ നെറ്റിയും പൊങ്ങിയ മൂക്കുമുള്ള, ഒരു വ്യക്തി ഭരണാധികാരിയാവുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല. അതിന് മുമ്പ് ഭൂമി അക്രമത്താൽ നിറഞ്ഞതുപോലെ അവൻ അതിനെ നീതിയാൽ നിറക്കും. അവൻ ഏഴ് വർഷം ഭരിക്കും.”
ഇബ്‌നു മസ്ഊദ്(റ)വിൽ നിന്ന് നിവേദനം: തിരുനബിﷺ പറഞ്ഞു: “ദുനിയാവിന്റെ ആയുസ്സിൽ ഇനി ഒരൊറ്റ ദിവസമല്ലാതെ ബാക്കിയില്ലെങ്കിൽ പോലും എന്റെ കുടുംബത്തിൽപ്പെട്ട ഒരു വ്യക്തി ഭരണം ഏറ്റെടുക്കുന്നത് വരെ അത് അവസാനിക്കില്ല.” മറ്റൊരു നിവേദനത്തിൽ: “ദുനിയാവിന്റെ ആയുസ്സിൽ ഒരൊറ്റ ദിവസമല്ലാതെ ബാക്കിയില്ലെങ്കിൽ പോലും അതിൽ ഒരു വ്യക്തിയെ നിയോഗിക്കുന്നത് വരെ അല്ലാഹു ആ ദിവസത്തെ നീട്ടിക്കൊടുക്കുക തന്നെ ചെയ്യും.” മറ്റൊരു നിവേദനത്തിൽ: “എന്റെ പേരിനോട് പേര് ഒത്തുപോകുന്നവനും, എന്റെ പിതാവിന്റെ പേരിനോട് പിതാവിന്റെ പേര് ഒത്തുപോകുന്നവനുമായ, എന്റെ കുടുംബത്തിൽപ്പെട്ട ഒരു വ്യക്തിയെ അല്ലാഹു നിയോഗിക്കുന്നത് വരെ ദുനിയാവ് വിട്ടുപോവുകയില്ല. അക്രമവും അനീതിയും കൊണ്ട് നിറഞ്ഞതുപോലെ അവൻ ഭൂമിയെ നീതിയും ന്യായവും കൊണ്ട് നിറക്കും.”
ഇബ്‌നു മസ്ഊദ്(റ)വിൽ നിന്ന് നിവേദനം: തിരുനബിﷺ പറഞ്ഞു: “എന്റെ പേരിനോട് പേര് ഒത്തുപോകുന്ന, എന്റെ കുടുംബത്തിൽപ്പെട്ട ഒരു വ്യക്തി അറബികളെ ഭരിക്കുന്നത് വരെ ഈ ലോകം അവസാനിക്കുകയോ തീരുകയോ ഇല്ല.” മറ്റൊരു നിവേദനത്തിൽ: “എന്റെ പേരിനോട് പേര് ഒത്തുപോകുന്ന, എന്റെ കുടുംബത്തിൽപ്പെട്ട ഒരു വ്യക്തി അധികാരത്തിൽ വരുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല.”
അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: തിരുനബിﷺ പറഞ്ഞു: “ദുനിയാവിന്റെ ആയുസ്സിൽ ഇനി ഒരൊറ്റ രാത്രിയല്ലാതെ ബാക്കിയില്ലെങ്കിൽ പോലും, എന്റെ കുടുംബത്തിൽപ്പെട്ട ഒരു വ്യക്തി അധികാരത്തിൽ വരുന്നത് വരെ അല്ലാഹു ആ രാത്രിയെ നീട്ടിക്കൊടുക്കുക തന്നെ ചെയ്യും.”
മുആവിയ ബിൻ ഖുറ അൽ-മുസനി(റ) തന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “തീർച്ചയായും ഭൂമി അക്രമവും അനീതിയും കൊണ്ട് നിറയും. അങ്ങനെ അക്രമവും അനീതിയും കൊണ്ട് നിറഞ്ഞുകഴിഞ്ഞാൽ, എന്നിൽപ്പെട്ട ഒരു വ്യക്തിയെ അല്ലാഹു നിയോഗിക്കും. അവന്റെ പേര് എന്റെ പേരും, അവന്റെ പിതാവിന്റെ പേര് എന്റെ പിതാവിന്റെ പേരുമായിരിക്കും. അക്രമവും അനീതിയും കൊണ്ട് നിറഞ്ഞതുപോലെ അവൻ ഭൂമിയെ നീതിയും ന്യായവും കൊണ്ട് നിറക്കും. ആകാശം അതിന്റെ മഴത്തുള്ളികളിൽ നിന്നോ, ഭൂമി അതിന്റെ സസ്യങ്ങളിൽ നിന്നോ യാതൊന്നും തടഞ്ഞുവെക്കുകയില്ല. അവൻ നിങ്ങൾക്കിടയിൽ ഏഴോ എട്ടോ, പരമാവധി ഒമ്പതോ വർഷം കഴിച്ചുകൂട്ടും.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
