Tweet 1516

    Tweet 1516
    August 8, 2026 • Saturday
    Post Header

    ഇമാം ഹാക്കിം(റ) അബൂ സഈദ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “എന്റെ ഉമ്മത്തിൽ മഹ്ദി വരും. അല്ലാഹു അദ്ദേഹത്തിന് സമൃദ്ധമായ മഴ നൽകും. ഭൂമി അതിന്റെ സസ്യങ്ങൾ പുറന്തള്ളും. ധനം തുല്യമായി നൽകപ്പെടും. കന്നുകാലികൾ വർദ്ധിക്കുകയും ഉമ്മത്ത് മഹത്വപ്പെടുകയും ചെയ്യും. അദ്ദേഹം ഏഴോ എട്ടോ വർഷങ്ങൾ ജീവിക്കും.”

    ഇമാം അഹ്മദു(റ) അബൂ സഈദ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “മഹ്ദിയെക്കുറിച്ച് നിങ്ങൾ സന്തോഷവാർത്ത സ്വീകരിച്ചോളൂ. ജനങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുമ്പോൾ ഖുറൈശികളിൽപ്പെട്ട എന്റെ കുടുംബത്തിൽ നിന്നുള്ള ഒരാൾ വരും. അക്രമവും അനീതിയും കൊണ്ട് നിറഞ്ഞ ഭൂമിയെ അദ്ദേഹം നീതിയും ന്യായവും കൊണ്ട് നിറയ്ക്കും. ആകാശത്തുള്ളവരും ഭൂമിയിലുള്ളവരും അദ്ദേഹത്തെക്കുറിച്ച് തൃപ്തിപ്പെടും. അദ്ദേഹം ധനം സമമായി പങ്കുവെക്കും.” ജനങ്ങൾ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേﷺ, എന്താണ് സമമായി പങ്കുവെക്കുക എന്നാൽ?” അവിടുന്ന് പറഞ്ഞു: “തുല്യമായി. മുഹമ്മദിന്റെ ഉമ്മത്തിന്റെ ഹൃദയങ്ങളിൽ അദ്ദേഹം ഐശ്വര്യം നിറയ്ക്കും. അദ്ദേഹത്തിന്റെ നീതി എല്ലാവരെയും ഉൾക്കൊള്ളും. എത്രത്തോളമെന്നാൽ, ‘എന്തെങ്കിലും ആവശ്യമുള്ളവർ എന്റെ അടുക്കൽ വരട്ടെ’ എന്ന് വിളിച്ചു പറയാൻ അദ്ദേഹം ഒരു വിളമ്പരക്കാരനോട് നിർദ്ദേശിക്കും. അപ്പോൾ ഒരാളല്ലാതെ വേറെ ആരും വരില്ല.

    ആ മനുഷ്യൻ വന്ന് ആവശ്യപ്പെടുമ്പോൾ അദ്ദേഹം പറയും: ‘ഭണ്ഡാര സൂക്ഷിപ്പുകാരന്റെ അടുക്കൽ പോവുക, അവർ നിനക്ക് തരും.’ അവൻ അവിടെ ചെന്ന് പറയും: ‘എനിക്ക് ധനം നൽകാനായി മഹ്ദി എന്നെ അങ്ങയുടെ അടുക്കലേക്ക് അയച്ചതാണ്.’ അപ്പോൾ അയാൾ പറയും: ‘വാരിയെടുത്തോളൂ.’ അവൻ വാരിയെടുക്കും, എന്നാൽ അത് പേറാൻ അവന് സാധിക്കില്ല. അപ്പോൾ തനിക്ക് പേറാൻ കഴിയുന്നത്ര മാത്രം എടുത്ത് ബാക്കി അവൻ താഴെയിടും. പുറത്തിറങ്ങുമ്പോൾ അവൻ പശ്ചാത്തപിച്ചുകൊണ്ട് പറയും: ‘എനിക്ക് നൽകപ്പെട്ട ഒന്ന് തിരിച്ചുനൽകാത്തവനായി ഞാൻ മാറിയല്ലോ!’ എന്നിട്ട് അത് തിരികെ കൊടുക്കാൻ ശ്രമിക്കും, എന്നാൽ അവർ അത് സ്വീകരിക്കില്ല. അങ്ങനെ ആറോ ഏഴോ എട്ടോ ഒമ്പതോ വർഷം അദ്ദേഹം അതിൽ കഴിച്ചുകൂട്ടും. അതിനുശേഷമുള്ള ജീവിതത്തിൽ യാതൊരു നന്മയുമില്ല.”

    ഇമാം ഇബ്നു മാജ(റ)യും ത്വബറാനി(റ)യും അബ്ദുല്ലാഹിബ്നുൽ ഹാരിസ് ബിൻ ജസ്അ് അൽ സുബൈദി(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “കിഴക്ക് ഭാഗത്ത് നിന്ന് ഒരു കൂട്ടർ വരികയും അവർ മഹ്ദിയുടെ ഭരണത്തിന് വഴിയൊരുക്കുകയും ചെയ്യും.”

    അബു സഈദ്(റ)വിൽ നിന്ന് നിവേദനം: തിരുനബിﷺ പറഞ്ഞു: “അക്രമവും അന്യായവും കൊണ്ട് ഭൂമി നിറയുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല. പിന്നീട് എന്റെ കുടുംബത്തിൽപ്പെട്ട ഒരു വ്യക്തി പുറപ്പെടുകയും, അക്രമവും അന്യായവും കൊണ്ട് നിറക്കപ്പെട്ടതുപോലെ ഭൂമിയെ നീതിയും ന്യായവും കൊണ്ട് അവൻ നിറക്കുകയും ചെയ്യും.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 7
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...