Tweet 1518

    Tweet 1518
    August 11, 2026 • Tuesday
    Post Header

    ഇബ്നു അസാകിർ(റ) അലിയ്യ് ബിൻ ഹുസൈനി(റ)ൽ നിന്നും അദ്ദേഹം തന്റെ പിതാവിൽ നിന്നും നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “ഫാത്തിമാ, നിനക്ക് സന്തോഷവാർത്ത! മഹ്ദി നിന്നിൽ നിന്നുള്ളവനാണ് അഥവാ നിന്റെ പരമ്പരയിലാണ്.”

    അബൂ ഹുറൈറ(റ)യിൽ നിന്ന് അബൂ നുഐം(റ) ‘ഹുല്യ’യിൽ നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “അല്ലയോ നബിﷺയുടെ പിതൃവ്യനായ അബ്ബാസ്(റ)! തീർച്ചയായും അല്ലാഹു ഇസ്ലാമിന് എന്നെക്കൊണ്ട് തുടക്കം കുറിച്ചു, താങ്കളുടെ സന്താനങ്ങളിൽ നിന്നുള്ള ഒരു യുവാവിനെക്കൊണ്ട് അതിനെ പൂർത്തിയാക്കുകയും ചെയ്യും. ഈസാ ബിൻ മർയമി(അ)ന് മുന്നിൽ ഇമാം ആയി നിൽക്കുന്നത് അദ്ദേഹമായിരിക്കും.”

    അൽ-ഖതീബും(റ) ഇബ്നു അസാകിറും(റ) അലി(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “അല്ലാഹു ഈ ഇസ്ലാമിന് എന്നെക്കൊണ്ട് തുടക്കം കുറിക്കുകയും, താങ്കളുടെ സന്തതികളെക്കൊണ്ട് അത് പൂർത്തിയാക്കുകയും ചെയ്തു എന്ന വിവരം ഞാൻ താങ്കൾക്ക് അറിയിച്ചു തരട്ടെയോ?”

    ദജ്ജാലിന്റെ പുറപ്പാടിനെക്കുറിച്ച് തിരുനബിﷺ നൽകിയ പ്രവചനങ്ങളിൽ ഇതിൽ വിവിധ വിഷയങ്ങളുണ്ട്. ചിലത് ഇപ്രകാരം വായിക്കാം.

    ബസ്സാറും(റ) ഔഫ് ബിൻ മാലിക്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “ദജ്ജാലിന്റെ പുറപ്പാടിന് മുമ്പ് വഞ്ചനാപരമായ ചില വർഷങ്ങളുണ്ടാകും. അതിൽ മഴ കൂടുതലായിരിക്കും. എന്നാൽ, സസ്യങ്ങളുടെ ഉൽപ്പാദനം കുറവായിരിക്കും. സത്യസന്ധൻ അവിടെ വ്യാജനായി ചിത്രീകരിക്കപ്പെടും, കള്ളം പറയുന്നവൻ സത്യസന്ധനായി അംഗീകരിക്കപ്പെടും. വഞ്ചകൻ വിശ്വസ്തനായി കരുതപ്പെടും, വിശ്വസ്തൻ വഞ്ചിക്കപ്പെടും. അതിൽ ‘റുവൈബിള’/അധമന്മാർ സംസാരിക്കും.” അപ്പോൾ ചോദിക്കപ്പെട്ടു: “അല്ലാഹുവിന്റെ റസൂലേﷺ, ആരാണ് ഈ റുവൈബിള?” അവിടുന്ന് പറഞ്ഞു: “യാതൊരു പരിഗണനയും അർഹിക്കാത്തവൻ അഥവാ യോഗ്യതയില്ലാത്തവൻ.”

    ഇമാം അഹ്മദ്(റ), അൽ-ഹാരിസ്(റ), അബൂ യഅ്‌ല(റ) എന്നിവർ അസ്മാ ബിൻത് യസീദി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “ദജ്ജാൽ പുറപ്പെടുന്നതിന് മൂന്ന് വർഷം മുമ്പ് ആകാശം അതിന്റെ മഴയുടെ മൂന്നിലൊന്നും, ഭൂമി സസ്യങ്ങളുടെ മൂന്നിലൊന്നും തടഞ്ഞുവെക്കും. രണ്ടാമത്തെ വർഷമാകുമ്പോൾ ആകാശം മഴയുടെ മൂന്നിൽ രണ്ടു ഭാഗവും, ഭൂമി സസ്യങ്ങളുടെ മൂന്നിൽ രണ്ടു ഭാഗവും തടഞ്ഞുവെക്കും. മൂന്നാമത്തെ വർഷമാകുമ്പോൾ ആകാശം പൂർണ്ണമായും മഴ തടയുകയും, ഭൂമി പൂർണ്ണമായും സസ്യങ്ങളെ തടയുകയും ചെയ്യും. അതോടെ അഞ്ചുവിരലുകളുള്ളവയോ /ഒട്ടകം, കുതിര മുതലായ കുളമ്പുള്ളവയോ ആയ മൃഗങ്ങളൊന്നും നശിക്കാതെ ബാക്കിയുണ്ടാവില്ല…”

    ……….അവർ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരെﷺ, അന്ന് സത്യവിശ്വാസികൾക്ക് ഭക്ഷണത്തിന് പകരം നിൽക്കുന്നത് എന്തായിരിക്കും?” അവിടുന്ന് പറഞ്ഞു: “മലക്കുകൾക്ക് പ്രാപ്തമാകുന്നതുപോലെ തസ്ബീഹ്/സുബ്ഹാനല്ലാഹ്, തഹ്‌ലീൽ /ലാ ഇലാഹ ഇല്ലല്ലാഹ്, തക്ബീർ/അല്ലാഹു അക്ബർ, തഹ്‌മീദ് /അൽഹംദുലില്ലാഹ് എന്നിവ വിശ്വാസികൾക്കും മതിയാകുന്നതാണ്.” തുടർന്ന് അവിടുന്ന് പറഞ്ഞു: “നിങ്ങൾ കരയേണ്ടതില്ല. ഞാൻ നിങ്ങൾക്കിടയിലുള്ളപ്പോൾ ദജ്ജാൽ പുറപ്പെടുകയാണെങ്കിൽ ഞാൻ അവനുമായി വാദിച്ചു ജയിച്ചുകൊള്ളാം. എന്നാൽ എനിക്ക് ശേഷം അവൻ പുറപ്പെടുകയാണെങ്കിൽ, ഓരോ മുസ്ലിമിന്റെയും കാര്യത്തിൽ അല്ലാഹുവിനെ ഏൽപ്പിക്കുന്നു.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 3
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...