
ഇമാം അഹ്മദ്(റ), അബൂദാവൂദ്(റ), ബൈഹഖി(റ) എന്നിവർ സലാമ ബിന്ത് അൽ ഹുർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു: “പള്ളിയിലുള്ളവർ തങ്ങൾക്ക് ഇമാമായി നിന്ന് നിസ്കരിക്കാൻ ഒരാളെയും കിട്ടാതെ പരസ്പരം തള്ളിമാറ്റുന്നത് അന്ത്യനാളിന്റെ അടയാളങ്ങളിൽ പെട്ടതാണ്.”
ഇമാംത്വബ്റാനി(റ) അംറ് ബിൻ തഗ്ലിബ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു: “ജ്ഞാനം ഉയർത്തപ്പെടുകയും ധനം വർദ്ധിക്കുകയും കച്ചവടം വ്യാപകമാവുകയും ചെയ്യുന്നത് അന്ത്യനാളിന്റെ അടയാളങ്ങളിൽ പെട്ടതാണ്.”
ഇമാം അഹ്മദ്(റ) ഇബ്നു മസ്ഊദ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “പരിചയമുള്ളവർക്ക് മാത്രം സലാം പറയുന്നത് അന്ത്യനാളിന്റെ അടയാളങ്ങളിൽ പെട്ടതാണ്.”
ഇമാം മഹ്ദിയുടെ ആഗമനത്തെക്കുറിച്ച് തിരുനബിﷺ നൽകിയ ചില മുന്നറിയിപ്പുകൾ ഇങ്ങനെ വായിക്കാം.
ഇമാം അഹ്മദും(റ) ഹാക്കിമും(റ) സൗബാൻ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “ഖുറാസാന്റെ ഭാഗത്ത് നിന്ന് കറുത്ത പതാകകൾ വരുന്നത് നിങ്ങൾ കണ്ടാൽ നിങ്ങൾ അവരുടെ അടുക്കലേക്ക് ചെല്ലുക. കാരണം തീർച്ചയായും അവരിൽ അല്ലാഹുവിന്റെ ഖലീഫയായ മഹ്ദി ഉണ്ട്.”
അബൂ സഈദ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു: “തീർച്ചയായും എന്റെ ഉമ്മത്തിൽ മഹ്ദി വരും. അദ്ദേഹം അഞ്ചോ ഏഴോ ഒമ്പതോ വർഷം ജീവിക്കും. അപ്പോൾ അദ്ദേഹത്തിന്റെ അടുക്കൽ ഒരാൾ വന്ന് ‘ഓ മഹ്ദി, എനിക്ക് തന്നാലും, എനിക്ക് തന്നാലും’ എന്ന് പറയും. അപ്പോൾ അദ്ദേഹത്തിന് വസ്ത്രത്തിൽ പേറാൻ കഴിയുന്നത്ര അദ്ദേഹം അവിടുന്ന് വാരി നൽകും.”
ഇമാം അഹ്മദ്(റ) അബൂ സഈദ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “എന്റെ ഉമ്മത്തിൽ മഹ്ദി വരും, അഞ്ചോ ഏഴോ ഒമ്പതോ…” നിവേദകൻ പറയുന്നു, ഞാൻ ചോദിച്ചു: “അതെന്താണ്?” അവിടുന്ന് പറഞ്ഞു: “വർഷങ്ങൾ. ശേഷം അല്ലാഹു അവർക്ക് സമൃദ്ധമായ മഴ വർഷിപ്പിക്കും. ഭൂമി അതിന്റെ സസ്യങ്ങളൊന്നും മാറ്റിവെക്കാതെ മുളപ്പിച്ചെടുക്കും. ധനം കുന്നുകൂട്ടിയ നിലയിലാകും.” അവിടുന്ന് തുടർന്നു: “ഒരാൾ അദ്ദേഹത്തിന്റെ അടുക്കൽ വന്ന് ‘ഓ മഹ്ദി, എനിക്ക് തന്നാലും, എനിക്ക് തന്നാലും’ എന്ന് പറയും. അപ്പോൾ തന്റെ വസ്ത്രത്തിൽ പേറാൻ കഴിയുന്നത്ര ധനം അദ്ദേഹം വാരി നൽകും.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
