
ഇബ്നു ഉമർ(റ)വിൽ നിന്ന് ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: തിരുനബിﷺയുടെ അടുക്കൽ ഒരു സ്വർണ്ണക്കഷണം കൊണ്ടുവരപ്പെട്ടു. അത് ഞങ്ങളുടെ ഒരു ഖനിയിൽ നിന്ന് അവിടുത്തേക്ക് ലഭിച്ച ആദ്യത്തെ ദാനമായിരുന്നു. അപ്പോൾ തിരുനബിﷺ പറഞ്ഞു: “തീർച്ചയായും ഇനിയും ധാരാളം ഖനികൾ ഉണ്ടാകും. സൃഷ്ടികളിൽ ഏറ്റവും ദുഷിച്ചവരായിരിക്കും അതിലേക്ക് വന്നെത്തുന്നത്.”
ഇബ്നു അബീ ശൈബ(റ), റാഫിഅ് ബിൻ ഖദീജ്(റ)വിൽ നിന്നും നിവേദനം ചെയ്യുന്നു: അദ്ദേഹം തിരുനബിﷺയുടെ അടുക്കൽ കുറച്ച് വെള്ളിയുമായി വന്നു, എന്നിട്ട് പറഞ്ഞു: “ഇത് ഞങ്ങളുടെ ഒരു ഖനിയിൽ നിന്നുള്ളതാണ്.” അപ്പോൾ തിരുനബിﷺ പറഞ്ഞു: “തീർച്ചയായും ഇനിയും ഖനികൾ ഉണ്ടാകും, ജനങ്ങളിലെ ഏറ്റവും ദുഷിച്ചവരായിരിക്കും അവിടെ ഹാജരാകുന്നത്.”
ഇത് ഇമാം അഹ്മദ്(റ) നിവേദനം ചെയ്തിട്ടുണ്ട്, ഇതിന്റെ നിവേദകർ സ്വഹീഹായ പരമ്പരയിലുള്ളവരാണ്. എന്നാൽ സൈദ് ബിൻ അസ്ലമി(റ)ൽ നിന്നുള്ള നിവേദനത്തിൽ ബനൂ സുലൈം ഗോത്രത്തിലെ വ്യക്തിയുടെയും അദ്ദേഹത്തിന്റെ മുത്തശ്ശന്റെയും പേര് വ്യക്തമാക്കാത്ത ഒരു നിവേദകനുണ്ട്.
അബൂ ഹുറൈറ(റ)വിൽ നിന്ന് ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “നരകാവകാശികളായ രണ്ട് വിഭാഗം ആളുകൾ, അവരെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. പശുക്കളുടെ വാല് പോലുള്ള ചാട്ടവാറുകൾ കൈവശം വെക്കുകയും അത് ഉപയോഗിച്ച് ജനങ്ങളെ മർദ്ദിക്കുകയും ചെയ്യുന്ന ഒരു കൂട്ടർ. രണ്ടാമത്തെ വിഭാഗം: വസ്ത്രം ധരിച്ചിട്ടുണ്ടെങ്കിലും നഗ്നരായ, അന്യപുരുഷന്മാരെ ആകർഷിക്കുന്നവരും അവരിലേക്ക് ആകൃഷ്ടരാകുന്നവരുമായ സ്ത്രീകൾ. അവരുടെ തലകൾ ഒട്ടകത്തിന്റെ ചരിഞ്ഞ പൂഞ്ഞകൾ പോലെയായിരിക്കും. അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല, അതിന്റെ സുഗന്ധം പോലും അവർക്ക് ലഭിക്കുകയില്ല. തീർച്ചയായും സ്വർഗ്ഗത്തിന്റെ സുഗന്ധം ഇത്രയിത്ര ദൂരത്തുനിന്ന് പോലും ലഭിക്കുന്നതാണ്.” അഥവാ അതിവിദൂരത്ത് നിന്ന് പോലും ലഭിക്കുന്ന സുഗന്ധം അവർക്ക് അന്യമാകും.
മുസദ്ദദ്(റ), ഇബ്നു അബീ ശൈബ(റ), ഇമാം അഹ്മദ്(റ) എന്നിവർ ഉമർ ബിൻ സഅ്ദ് ബിൻ അബീ വഖാസി(റ)ൽ നിന്നും, ളിയാഅ്(റ) അൽ-മുഖ്താറയിൽ സഅ്ദി(റ)ൽ നിന്നും, ഇമാം അഹ്മദ്(റ), നസാഈ(റ), ഇബ്നു ഹിബ്ബാൻ(റ), ഖറാഇത്വീ(റ) എന്നിവർ ഉമർ ബിൻ സഅ്ദി(റ)ൽ നിന്നും നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: “എനിക്ക് എന്റെ പിതാവ് സഅ്ദ് ബിൻ അബീ വഖാസി(റ)ൽ നിന്ന് ഒരു ആവശ്യമുണ്ടായിരുന്നു. അതിനാൽ എന്റെ ആവശ്യം അവതരിപ്പിക്കുന്നതിന് മുൻപായി, ആളുകൾ തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ വേണ്ടി സാധാരണ പറയാറുള്ള ചില ആമുഖ സംസാരങ്ങൾ ഞാൻ സംസാരിച്ചു. സഅ്ദ്(റ) ഇതിനുമുമ്പ് എന്നിൽ നിന്ന് അത്തരം സംസാരങ്ങൾ കേട്ടിട്ടുണ്ടായിരുന്നില്ല. ഞാൻ സംസാരിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം ചോദിച്ചു: ‘മകനേ, നീ പറഞ്ഞു കഴിഞ്ഞോ?’ ഞാൻ പറഞ്ഞു: ‘അതെ.’ അപ്പോൾ അദ്ദേഹം പറഞ്ഞു: ‘നിന്റെ ഈ സംസാരം കേട്ടതുമുതൽ, നിന്റെ ആവശ്യത്തോട് ഇതിനേക്കാൾ അകൽച്ച തോന്നിയതോ, നിന്നോട് ഇതിനേക്കാൾ വിരക്തി തോന്നിയതോ ആയ മറ്റൊരു സന്ദർഭം എനിക്കുണ്ടായിട്ടില്ല. കാരണം, തിരുനബിﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: “ഭാവിയിൽ ഒരു ജനവിഭാഗം വരാനുണ്ട്” —മറ്റൊരു നിവേദനത്തിൽ: “മാടുകൾ തങ്ങളുടെ നാവുകൊണ്ട് മണ്ണിൽ നിന്ന് പുല്ല് തിന്നുന്നത് പോലെ, തങ്ങളുടെ നാവുകൊണ്ട് തിന്നുന്ന, നാവുകൊണ്ട് ഉപജീവനം നടത്തുന്ന/ആളുകളെ കബളിപ്പിക്കുന്ന ഒരു ജനവിഭാഗം പുറപ്പെടുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല”.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
