Tweet 1471

    Tweet 1471
    June 24, 2026 • Wednesday
    Post Header

    ഇബ്നു മസ്ഊദ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു:
    “തീർച്ചയായും പിശാച് മനുഷ്യരൂപം പൂണ്ട് ജനങ്ങളുടെ അടുക്കൽ വരികയും അവരോട് കള്ളക്കഥകൾ പറയുകയും ചെയ്യും. പിന്നീട് ജനങ്ങൾ അവിടെനിന്ന് പിരിഞ്ഞുപോകും.”

    ഇമാം ബുഖാരി(റ) തന്റെ താരീഖിലും ബൈഹഖി(റ)യും സുഫ്യാനി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു:
    “മസ്ജിദുൽ ഖൈഫിൽ വെച്ച് കഥകൾ പ്രസംഗിക്കുന്ന ഒരാളെ കണ്ട ഒരു വ്യക്തി എന്നോട് പറഞ്ഞു; ഞാൻ അയാളെ അന്വേഷിച്ചു ചെന്നപ്പോൾ അതൊരു പിശാചായിരുന്നു എന്ന് മനസ്സിലായി.”

    ഇബ്നു അദിയ്യും(റ) ബൈഹഖി(റ)യും ഈസാ ബിൻ അബീ ഫാത്തിമ അൽ-ഫസാരി(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു:
    “ഞാൻ മസ്ജിദുൽ ഹറാമിൽ ഒരു ശൈഖിന്റെ അടുത്ത് ഇരുന്ന് അദ്ദേഹം പറയുന്നത് എഴുതിയെടുക്കുകയായിരുന്നു. അപ്പോൾ ശൈഖ് പറഞ്ഞു: ‘എന്നോട് ശൈബാനി നിവേദനം ചെയ്തു.’ അപ്പോൾ ഒരാൾ ചോദിച്ചു: ‘ശൈബാനി നിങ്ങളോട് പറഞ്ഞുവെന്നോ?’ ശൈഖ് പറഞ്ഞു: ‘അദ്ദേഹം ശഅ്ബിയിൽ നിന്ന് നിവേദനം ചെയ്തതാണ്.’ അയാൾ ചോദിച്ചു: ‘ശഅ്ബി നിങ്ങളോട് പറഞ്ഞുവെന്നോ?’ ശൈഖ് പറഞ്ഞു: ‘അദ്ദേഹം ഹാരിസിൽ നിന്ന് നിവേദനം ചെയ്തതാണ്.’ അപ്പോൾ അയാൾ ചോദിച്ചു: ‘അല്ലാഹുവാണേ, നിങ്ങൾ ഹാരിസിനെ കാണുകയും അദ്ദേഹത്തിൽ നിന്ന് കേൾക്കുകയും ചെയ്തിട്ടുണ്ടോ?’ ശൈഖ് പറഞ്ഞു: ‘അതെ, അല്ലാഹുവാണേ, ഞാൻ അലി(റ)യെ കാണുകയും അദ്ദേഹത്തോടൊപ്പം സ്വിഫ്ഫീൻ യുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.’ ഞാൻ ഇത് കണ്ടപ്പോൾ ആയത്തുൽ കുർസി ഓതാൻ തുടങ്ങി. ഞാൻ ‘വലാ യഊദുഹു ഹിഫ്ളുഹുമാ’ -അവ രണ്ടിന്റെയും സംരക്ഷണം അവന് ഒട്ടും ഭാരമുള്ളതല്ല-എന്ന ഭാഗത്ത് എത്തിയപ്പോൾ തിരിഞ്ഞുനോക്കി, അവിടെ ആരെയും കണ്ടില്ല; അയാൾ അപ്രത്യക്ഷനായിരുന്നു.”

    ഇമാം ത്വബ്റാനി(റ) ‘അൽ-കബീറിലും’ ഇബ്നു അസാകിറും(റ) ജരീറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു, തീർച്ചയായും അല്ലാഹുവിന്റെ തിരുനബിﷺ പ്രസ്താവിച്ചു: “ഭൂമിയിൽ ആദ്യം നാശമുണ്ടാകുന്നത് അതിന്റെ ഇടതുഭാഗത്താണ്, പിന്നീട് അതിന്റെ വലതുഭാഗത്തും.”

    ത്വബ്റാനി(റ) അംറ് ബിൻ അൽ-ആസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “മനുഷ്യരിൽ ആദ്യമായി നശിക്കുന്നത് ഖുറൈശികളായിരിക്കും. ഖുറൈശികളിൽ ആദ്യമായി നശിക്കുന്നത് എന്റെ കുടുംബാംഗങ്ങളുമായിരിക്കും.”
    അബൂ യഅ്‌ലാ(റ) അദ്ദേഹത്തിന്റെ ‘മുസ്നദിൽ’ അബ്ദുല്ലാഹിബ്നു അംറ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “മനുഷ്യരിൽ ആദ്യമായി ഇല്ലാതാകുന്നത് ഖുറൈശികളായിരിക്കും. ഖുറൈശികളിൽ ആദ്യമായി ഇല്ലാതാകുന്നത് ബനൂ ഹാഷിം വംശജരുമായിരിക്കും.”

    അബൂ ഹുറൈറ(റ)വിൽ നിന്ന് അബൂ യഅ്‌ലാ(റ) നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: തിരുനബിﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: “ബനൂ സുലൈമിന്റെ നാട്ടിൽ ഒരു ഖനി പ്രത്യക്ഷപ്പെടും. അതിന് ഫിർഔൻ അല്ലെങ്കിൽ ഫർഊൻ എന്ന് പറയപ്പെടും. അബൂ ജഹ്മിന്റെ ഭാഷയിൽ അത് സമതലത്തോട് അടുത്താണ്. ജനങ്ങളിലെ ഏറ്റവും ദുഷിച്ചവർ അവിടേക്ക് പുറപ്പെടും അല്ലെങ്കിൽ ജനങ്ങളിലെ ഏറ്റവും ദുഷിച്ചവർ അവിടേക്ക് ഒരുമിച്ചുകൂട്ടപ്പെടും.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...