Tweet 1473

    Tweet 1473
    June 26, 2026 • Friday
    Post Header

    വിശ്വസ്തത/അമാനത്ത്, അറിവ്, ഭയഭക്തി, അനന്തരാവകാശ നിയമങ്ങൾ എന്നിവ ഇല്ലാതാകുന്നതിനെക്കുറിച്ചു തിരുനബിﷺ പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്. ഇമാം മുസ്‌ലിം(റ), ഹുദൈഫ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: തിരുനബിﷺ ഞങ്ങളോട് രണ്ട് കാര്യങ്ങൾ പറയുകയുണ്ടായി. അതിലൊന്ന് ഞങ്ങൾ കണ്ടുകഴിഞ്ഞു, മറ്റേതിനായി ഞാൻ കാത്തിരിക്കുകയാണ്. തിരുനബിﷺ ഞങ്ങളോട് പറഞ്ഞു: “തീർച്ചയായും വിശ്വസ്തത മനുഷ്യരുടെ ഹൃദയങ്ങളുടെ അടിത്തട്ടിലാണ് ആദ്യം ഇറക്കപ്പെട്ടത്. അതിനുശേഷമാണ് ഖുർആൻ അവതരിച്ചത്. അങ്ങനെ അവർ ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കി.” പിന്നീട് വിശ്വസ്തത ഉയർത്തപ്പെടുന്നതിനെക്കുറിച്ച് തിരുനബിﷺ ഞങ്ങളോട് പറഞ്ഞു:
    “ഒരു മനുഷ്യൻ ഉറങ്ങാൻ കിടക്കും, അപ്പോൾ അവന്റെ ഹൃദയത്തിൽ നിന്ന് വിശ്വസ്തത പിടിച്ചെടുക്കപ്പെടും. അപ്പോൾ അതിന്റെ അടയാളം ഒരു ചെറിയ പുള്ളി പോലെ അവശേഷിക്കും. പിന്നീട് അവൻ വീണ്ടും ഉറങ്ങും, അപ്പോൾ അവന്റെ ഹൃദയത്തിൽ നിന്ന് വിശ്വസ്തത വീണ്ടും പിടിച്ചെടുക്കപ്പെടും. അപ്പോൾ അതിന്റെ അടയാളം ഒരു തഴമ്പ് പോലെ അവശേഷിക്കും. നിന്റെ കാലിൽ നീ ഒരു കനൽ ഉരുട്ടിയാൽ അത് പൊള്ളിവീർത്ത് നിൽക്കുന്നതുപോലെ അത് കാണപ്പെടും. എന്നാൽ അതിനുള്ളിൽ യാതൊന്നും ഉണ്ടായിരിക്കുകയുമില്ല.

    പിന്നീട് ജനങ്ങൾ പരസ്പരം കച്ചവടം നടത്തും, എന്നാൽ അവരിലാരുംതന്നെ വിശ്വസ്തത പാലിക്കാൻ മുതിരുകയില്ല. ഒടുവിൽ ‘ഇന്ന ഗോത്രത്തിൽ വിശ്വസ്തനായ ഒരു മനുഷ്യനുണ്ട്’ എന്ന് പറയപ്പെടുന്ന അവസ്ഥ വരും. ഒരു വ്യക്തിയെക്കുറിച്ച് ‘അവൻ എത്ര ശക്തനാണ്! അവൻ എത്ര മാന്യനാണ്! അവൻ എത്ര ബുദ്ധിമാനാണ്!’ എന്നൊക്കെ പറയപ്പെടും, എന്നാൽ അവന്റെ ഹൃദയത്തിൽ ഒരു കടുക് മണിയോളം പോലും ഈമാൻ /വിശ്വാസം ഉണ്ടായിരിക്കുകയില്ല.”

    ഇമാം ത്വബ്റാനി(റ) അദ്ദേഹത്തിന്റെ ‘അൽ-കബീർ’ എന്ന ഗ്രന്ഥത്തിൽ ശദ്ദാദ് ബിൻ ഔസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു, അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു: “നിങ്ങളുടെ ദീനിൽ നിന്ന് നിങ്ങൾക്ക് ആദ്യം നഷ്ടപ്പെടുന്നത് വിശ്വസ്തത ആയിരിക്കും.”

    ഹകീം തിർമിദി(റ) സെയ്ദ് ബിൻ സാബിത്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു, തിരുനബിﷺ പറഞ്ഞു:
    “മനുഷ്യരിൽ നിന്ന് ആദ്യം ഉയർത്തപ്പെടുന്നത് വിശ്വസ്തതയായിരിക്കും. അവരുടെ ദീനിൽ നിന്ന് അവസാനം അവശേഷിക്കുന്നത് നിസ്കാരമായിരിക്കും. എന്നാൽ നിസ്കരിക്കുന്ന എത്രയോ ആളുകളുണ്ട്, അല്ലാഹുവിങ്കൽ അവർക്ക് യാതൊരു നന്മയുമുണ്ടാവില്ല.”

    ഇമാം ത്വബ്റാനി(റ) അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു, തിരുനബിﷺ പറഞ്ഞു: “ഈ ഉമ്മത്തിൽ നിന്ന് ആദ്യം ഉയർത്തപ്പെടുന്നത് ലജ്ജയും വിശ്വസ്തതയുമായിരിക്കും.”

    ഇമാം ഇബ്നു മാജ(റ), ദാറഖുത്നി(റ), ഹാകിം(റ), ശീറാസി(റ), ബൈഹഖി(റ) എന്നിവർ അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു, തിരുനബിﷺ പറഞ്ഞു:
    “നിങ്ങൾ ഫറാഇദ് /അനന്തരാവകാശ നിയമങ്ങൾ പഠിക്കുകയും അത് ജനങ്ങളെ പഠിപ്പിക്കുകയും ചെയ്യുക. കാരണം അത് അറിവിന്റെ പകുതിയാകുന്നു. അത് മറന്നുപോകുന്നതുമാണ്; എന്റെ ഉമ്മത്തിൽ നിന്ന് ഏറ്റവും ആദ്യം നീക്കം ചെയ്യപ്പെടുന്നതും അതുതന്നെയാണ്.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...