Tweet 1467

    Tweet 1467
    June 20, 2026 • Saturday
    Post Header

    ബിൻ മത്വാത്വിയയുടെ അവസ്ഥയെക്കുറിച്ച് തിരുനബിﷺയുടെ പ്രവചനങ്ങൾ ഇങ്ങനെ വായിക്കാം.

    ഇമാം മാലിക്കി(റ)ന്റെ നിവേദകന്മാരെക്കുറിച്ചുള്ള ഗ്രന്ഥത്തിൽ ഖത്തീബ്(റ), അബൂ സലമ ബിൻ അബ്ദിർ റഹ്മാനി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: ഖൈസ് ബിൻ മത്വാത്വിയ, സൽമാനുൽ ഫാരിസി(റ), സുഹൈബുർ റൂമി(റ), ബിലാലുൽ ഹബശി(റ) എന്നിവരടങ്ങുന്ന ഒരു സദസ്സിലേക്ക് വന്നു. അപ്പോൾ അവൻ പറഞ്ഞു: “ഇതാ ഔസ്, ഖസ്റജ് ഗോത്രക്കാർ ഈ പ്രവാചകനെﷺ സഹായിക്കാൻ മുന്നോട്ടുവന്നു. എന്നാൽ, ഇവർക്കെന്താണ് ഇവിടെ കാര്യം. ഇവർ അറബികളല്ലല്ലോ?”
    ഇതുകേട്ട് തിരുനബിﷺ അങ്ങേയറ്റം കോപിഷ്ഠനായി. തന്റെ മേൽവസ്ത്രം നിലത്തു വലിച്ചഴച്ചുകൊണ്ട് എഴുന്നേറ്റു വന്നു. അങ്ങനെ പള്ളിയിൽ പ്രവേശിച്ച ശേഷം “അസ്സ്വലാതു ജാമിഅഃ” എന്ന് പറഞ്ഞു നിസ്കാരത്തിലേക്ക് ചേർന്നുനിൽക്കാൻ വിളംബരം ചെയ്യാൻ കൽപ്പിച്ചു. ശേഷം അല്ലാഹുവെ സ്തുതിക്കുകയും കീർത്തിക്കുകയും ചെയ്തുകൊണ്ട് തിരുനബിﷺ പറഞ്ഞു: ഓ ജനങ്ങളേ, തീർച്ചയായും നിങ്ങളുടെ നാഥൻ ഏകനാണ്, നിങ്ങളുടെ പിതാവും ഏകനാണ്, നിങ്ങളുടെ ദീനും മതവും ഒന്നാണ്. നിശ്ചയമായും അറബി ഭാഷ എന്നത് നിങ്ങളുടെ പിതാവോ മാതാവോ അല്ല; അതൊരു ഭാഷ മാത്രമാണ്. അതിനാൽ ആര് അറബി സംസാരിക്കുന്നുവോ അവൻ അറബിയാണ്.” അപ്പോൾ മുആദ് ബിൻ ജബൽ(റ) തന്റെ വാളിൽ പിടിച്ചുകൊണ്ട് ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേﷺ, ഈ കപടവിശ്വാസിയുടെ കാര്യത്തിൽ അവിടുന്ന് എന്താണ് കൽപ്പിക്കുന്നത്?” തിരുനബിﷺ പറഞ്ഞു: “അവനെ വിട്ടേക്കുക, അവൻ നരകത്തിലേക്കാണ്.” പിന്നീട് തിരുനബിﷺയുടെ വിയോഗത്തിന് ശേഷം മതഭ്രഷ്ടരായവരുടെ കൂട്ടത്തിൽ അവൻ ഉൾപ്പെടുകയും, ആ അവസ്ഥയിൽ അവൻ കൊല്ലപ്പെടുകയും ചെയ്തു.

    ശുദ്ധീകരണത്തിലും പ്രാർത്ഥനയിലും അതിരുകവിയുന്ന ഒരു ജനവിഭാഗം ഈ സമുദായത്തിൽ ഉണ്ടാകുമെന്ന പ്രവചനം വായിച്ചു നോക്കൂ.

    ഇമാം ത്വബ്റാനി(റ), ഇബ്നു അബീ ശൈബ(റ), അബൂദാവൂദ്(റ), ഇബ്നു മാജഃ(റ), ഇമാം അഹ്മദ്(റ), ഇബ്നു ഹിബ്ബാൻ(റ), ഹാകിം(റ), ബൈഹഖി(റ) എന്നിവർ അബ്ദുല്ലാഹി ബിൻ മുഖഫ്ഫലി(റ)ൽ നിന്നും; അബൂദാവൂദ് അത്ത്വയാലിസി(റ), ഇബ്നു അബീ ശൈബ(റ), ഇമാം അഹ്മദ്(റ), അബൂദാവൂദ്(റ) എന്നിവർ സഅ്ദ് ബിൻ അബീ വഖാസി(റ)ൽ നിന്നും നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു.
    “തീർച്ചയായും ഈ സമുദായത്തിൽ ശുദ്ധീകരണത്തിലും പ്രാർത്ഥനയിലും പരിധി ലംഘിക്കുന്ന ഒരു ജനവിഭാഗം ഉണ്ടാകുക തന്നെ ചെയ്യും.”

    ഖൈസ് ബിൻ ഖറശ(റ)യുടെ അവസ്ഥയെക്കുറിച്ചു തിരുനബിﷺ പറയുന്നു. ഇമാം ത്വബ്റാനി(റ)യും ബൈഹഖി(റ)യും മുഹമ്മദ് ബിൻ യസീദ് ബിൻ അബീ സിയാദ് അസ്സഖഫി(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: ഖൈസ് ബിൻ ഖറശ(റ) തിരുനബിﷺയുടെ അടുക്കൽ വന്നു പറഞ്ഞു: “അല്ലാഹുവിങ്കൽ നിന്ന് അവതരിച്ച കാര്യങ്ങളിന്മേലും, സത്യം മാത്രം പറയുമെന്നതിലും ഞാൻ അങ്ങയോട് പ്രതിജ്ഞ ചെയ്യുന്നു.” അപ്പോൾ തിരുനബിﷺ പറഞ്ഞു: “ഓ ഖൈസ്(റ), താങ്കൾക്ക് ദീർഘായുസ്സ് ഉണ്ടായേക്കാം; എനിക്ക് ശേഷം സത്യം വിളിച്ചുപറയാൻ താങ്കൾക്ക് സാധിക്കാത്ത വിധമുള്ള ആളുകളെ താങ്കൾക്ക് അഭിമുഖീകരിക്കേണ്ടി വന്നേക്കാം.”

    ഖൈസ്(റ) പറഞ്ഞു: “അല്ലാഹുവാണേ, ഞാൻ അങ്ങയോട് ചെയ്ത പ്രതിജ്ഞ പൂർണ്ണമായും പാലിക്കുക തന്നെ ചെയ്യും.” അപ്പോൾ തിരുനബിﷺ അരുളി: “എങ്കിൽ ഒരു മനുഷ്യനും താങ്കൾക്ക് ഒരു ദ്രോഹവും വരുത്തുകയില്ല.” പിന്നീട് ഖൈസ്(റ), സിയാദ് ബിൻ അബീ സുഫ്യാനെയും അദ്ദേഹത്തിന്റെ മകൻ ഉബൈദുള്ളയെയും അവരുടെ അതിക്രമങ്ങൾക്കെതിരെ പരസ്യമായി കുറ്റപ്പെടുത്താറുണ്ടായിരുന്നു. വിവരം ഉബൈദുള്ളയുടെ അടുത്തെത്തിയപ്പോൾ അദ്ദേഹം ഖൈസി(റ)നെ വിളിച്ചുവരുത്തി ചോദിച്ചു: “അല്ലാഹുവിന്റെയും അവന്റെ റസൂലിﷺന്റെയും പേരിൽ കള്ളം കെട്ടിച്ചമയ്ക്കുന്നത് നിങ്ങളാണോ?”
    ഖൈസ്(റ) പറഞ്ഞു: “അല്ല, എങ്കിലും നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ അല്ലാഹുവിന്റെയും റസൂലിﷺന്റെയും പേരിൽ കള്ളം കെട്ടിച്ചമയ്ക്കുന്നത് ആരാണെന്ന് ഞാൻ പറഞ്ഞുതരാം.”

    ഉബൈദുള്ള ചോദിച്ചു: “അത് ആരാണ്?” ഖൈസ്(റ) പറഞ്ഞു: “അത് നീയും, നിങ്ങളോട് ഇതിന് കൽപ്പിച്ച നിന്റെ പിതാവുമാണ്.”
    ഉബൈദുള്ള ചോദിച്ചു: “ഞാൻ അല്ലാഹുവിന്റെയും റസൂലിﷺന്റെയും പേരിൽ എന്ത് കള്ളമാണ് കെട്ടിച്ചമച്ചത്?” ഖൈസ്(റ) പറഞ്ഞു: “ഒരു മനുഷ്യനും നിനക്ക് ദ്രോഹം വരുത്തുകയില്ല എന്ന് നീ വാദിക്കുന്നുണ്ടല്ലോ!” പ്രവാചകന്റെﷺ വചനം ഖൈസ്(റ) ഉദ്ധരിച്ചു. അപ്പോൾ ഉബൈദുള്ള പറഞ്ഞു: “നീ ഇന്ന് കള്ളം പറഞ്ഞതാണെന്ന് ഞാൻ നിനക്ക് മനസ്സിലാക്കിത്തരാം. ശിക്ഷിക്കുന്നവനെയും ശിക്ഷാ ഉപകരണങ്ങളെയും എന്റെ അടുക്കലേക്ക് കൊണ്ടുവരൂ!”
    നിവേദകൻ പറയുന്നു: ആ നിമിഷം ഖൈസ്(റ) പെട്ടെന്ന് ചരിഞ്ഞു വീഴുകയും മരണപ്പെടുകയും ചെയ്തു. ശത്രുവിന് അദ്ദേഹത്തെ പീഡിപ്പിക്കാൻ സാധിച്ചില്ല.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...