Tweet 1466

    Tweet 1466
    June 19, 2026 • Friday
    Post Header

    ഹിജാസ് ദേശത്തുനിന്ന് പുറപ്പെടുന്ന തീയെക്കുറിച്ചുള്ള തിരുനബിﷺയുടെ പ്രവചനം വായിക്കാം.

    ഇമാം അഹ്മദും(റ) തിർമിദി(റ)യും ഇബ്നു ഹിബ്ബാനും(റ) ഇബ്നു ഉമറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “അന്ത്യനാളിന് മുൻപായി ഹള്റമൗത്തിൽ നിന്നോ അല്ലെങ്കിൽ ഹള്റമൗത്തിന്റെ ഭാഗത്തുനിന്നോ ഒരു തീ പുറപ്പെടുകയും അത് ജനങ്ങളെ ഒരുമിച്ചുകൂട്ടുകയും അഥവാ ഒരു സ്ഥലത്തേക്ക് നയിക്കുകയും ചെയ്യും.” അപ്പോൾ ചോദിക്കപ്പെട്ടു: “അല്ലാഹുവിന്റെ ദൂതരെﷺ, അങ്ങനെയുണ്ടാകുമ്പോൾ ഞങ്ങൾ എന്താണ് ചെയ്യേണ്ടതെന്നാണ് അവിടുന്ന് കൽപ്പിക്കുന്നത്?” തിരുനബിﷺ പറഞ്ഞു: “നിങ്ങൾ ശാം/ സിറിയ ഉൾപ്പെടുന്ന പ്രദേശം തിരഞ്ഞെടുക്കുക.”

    ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പ്രസ്‍താവിച്ചു. “ഹിജാസ് ദേശത്തുനിന്ന് ബുസ്റയിലെ ഒട്ടകങ്ങളുടെ കഴുത്തുകൾ പ്രകാശിക്കുന്ന തരത്തിൽ ഒരു തീ പുറപ്പെടുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല.”

    അബൂ അവാന(റ), അബുത്തുഫൈലി(റ)ൽ നിന്ന്, അദ്ദേഹം ഹുദൈഫത്ത് ബിൻ അസീദി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; തീർച്ചയായും തിരുനബിﷺ പറഞ്ഞു. “മദീനയ്ക്ക് സമീപമുള്ള റുകൂബയിൽ നിന്ന് ബുസ്റയിലെ ഒട്ടകങ്ങളുടെ കഴുത്തുകൾ പ്രകാശിക്കുന്ന തരത്തിൽ ഒരു തീ പുറപ്പെടുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല.”

    ഇമാം ഹാകിം(റ) അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു; തീർച്ചയായും തിരുനബിﷺ പറഞ്ഞു. “ഹിജാസ് ദേശത്തുനിന്ന് ബുസ്റയിലെ ഒട്ടകങ്ങളുടെ കഴുത്തുകൾ പ്രകാശിക്കുന്ന തരത്തിൽ ഒരു തീ പുറപ്പെടുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല.”

    ഇമാം ഹാകിം(റ) അബൂദർറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: ഞങ്ങൾ ഒരു യാത്രയിൽ തിരുനബിﷺക്കൊപ്പം ഉണ്ടായിരുന്നു. ഞങ്ങൾ മടങ്ങുമ്പോൾ, ചില ആളുകൾ ധൃതികൂട്ടി മദീനയിൽ പ്രവേശിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: “മദീന അതിന്റെ ഏറ്റവും നല്ല അവസ്ഥയിലായിരിക്കുമ്പോൾ തന്നെ നിങ്ങൾ അതിനെ ഉപേക്ഷിച്ചുപോകാൻ സമയമടുത്തിരിക്കുന്നു. ബുസ്റയിലെ വലിയ ഒട്ടകങ്ങളുടെ കഴുത്തുകൾ പ്രകാശിക്കുന്ന തരത്തിൽ വർഖാൻ പർവതത്തിൽ നിന്ന് എപ്പോഴാണ് ആ തീ പുറപ്പെടുക എന്ന് ഞാൻ ആലോചിക്കുകയാണ്.”

    “ഈ തീ ഹിജ്റ വർഷം 654-ൽ പുറപ്പെടുകയുണ്ടായി അഥവാ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട മദീനയിലെ അഗ്നിപർവത സ്ഫോടനം.” അൽ-അർജിനും അർ-റുവൈഥയ്ക്കും ഇടയിലുള്ള ഏറ്റവും വലിയ കരിമ്പാറ പർവതങ്ങളിൽ ഒന്നാണ് ജബൽ വറിഖാൻ അഥവാ വരിഖാൻ പർവതം. മദീനയിൽ നിന്ന് മക്കയിലേക്ക് പോകുന്ന ഒരാളുടെ വലതുവശത്ത് കാണുന്ന ആദ്യത്തെ പർവതമാണിത്. സുബുലുൽ ഹുദാ വർറഷാദ് എന്ന ഗ്രന്ഥത്തിലെ ലളിതമായ അനുബന്ധമാണിത്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...