Tweet 1465

    Tweet 1465
    June 18, 2026 • Thursday
    Post Header

    മദീനയിലെ പണ്ഡിതനെക്കുറിച്ച് തിരുനബിﷺ പ്രവചിച്ചത് ഇങ്ങനെ വായിക്കാം. ഇമാം ഹാകിം(റ) നിവേദനം ചെയ്യുകയും സ്വഹീഹാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്ത ഹദീസിൽ അബൂഹുറൈറ(റ) പറയുന്നു: തിരുനബിﷺ പറഞ്ഞു: “ആളുകൾ തങ്ങളുടെ ഒട്ടകങ്ങളുടെ കരൾ തകർക്കുംവിധം അഥവാ അത്രയേറെ ദൂരം കഷ്ടപ്പെട്ട് യാത്ര ചെയ്യുന്ന ഒരു കാലം വരാറായിരിക്കുന്നു; അന്ന് മദീനയിലെ പണ്ഡിതനേക്കാൾ വലിയൊരു പണ്ഡിതനെ അവർക്ക് കണ്ടെത്താൻ കഴിയില്ല.”

    സുഫ്യാൻ ബിൻ ഉയൈന(റ) പറഞ്ഞു: “ഈ പണ്ഡിതൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഇമാം മാലിക് ബിൻ അനസി(റ)നെയാണ്. അദ്ദേഹമല്ലാതെ മറ്റാരും ഈ പേരിൽ അറിയപ്പെട്ടിട്ടില്ല. അദ്ദേഹത്തിലേക്ക് അറിവ് തേടി യാത്ര ചെയ്തതുപോലെ മറ്റാരിലേക്കും ആളുകൾ ഒട്ടകങ്ങളെ ഓടിച്ച് യാത്ര ചെയ്തിട്ടുമില്ല.”

    അബൂ മുസ്അബ്(റ) പറഞ്ഞു: “ആളുകൾ ഇമാം മാലിക്കി(റ)ന്റെ വാതിൽക്കൽ അറിവ് തേടി ഒത്തുകൂടുകയും തിരക്കുകൂട്ടുകയും ചെയ്യാറുണ്ടായിരുന്നു. അദ്ദേഹത്തിൽ നിന്ന് ഹദീസ് നിവേദനം ചെയ്ത പ്രശസ്തരായ ഇമാമുകളിൽ പെട്ടവരാണ്: മുഹമ്മദ് ബിൻ ശിഹാബ് അസ്സുഹ്‌രി(റ), രണ്ട് സുഫ്യാന്മാർ അഥവാ സുഫ്യാൻ അസ്സൗരി(റ), സുഫ്യാൻ ബിൻ ഉയൈന(റ), ഇമാം ശാഫിഈ(റ), ശാമിലെ ഇമാമായ ഔസാഈ(റ), ഈജിപ്തിലെ ഇമാമായ ലൈഥ് ബിൻ സഅദ്(റ), ഇമാം അബൂഹനീഫ(റ), നുഅ്മാൻ ബിൻ ഥാബിത്(റ), അദ്ദേഹത്തിന്റെ രണ്ട് ശിഷ്യന്മാരായ അബൂ യൂസുഫും(റ) മുഹമ്മദ് ബിൻ ഹസനും(റ), ഇമാം അഹ്‌മദി(റ)ന്റെ ശൈഖായ അബ്ദുറഹ്മാൻ ബിൻ മഹ്ദി(റ), ഇമാം ബുഖാരി(റ)യുടെ ശൈഖായ യഹ്‌യ(റ), ഇമാം ബുഖാരി(റ)യുടെയും മുസ്‌ലിമി(റ)ന്റെയും ശൈഖായ അബൂ റജാ ഖുതൈബ ബിൻ സഈദ്(റ), ദുന്നൂൻ അൽ-മിസ്രി(റ), ഫുദൈൽ ബിൻ ഇയാദ്(റ), അബ്ദുല്ലാഹ് ബിൻ മുബാറക്(റ), ഇബ്രാഹിം ബിൻ അദ്ഹം(റ).

    തീരുനബിﷺ ഖുറൈശി പണ്ഡിതനെക്കുറിച്ച് പ്രവചിച്ചത് കൂടി വായിച്ചു നോക്കാം. ഇമാം അഹ്‌മദും(റ) തിർമിദി(റ)യും ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു, തിരുനബിﷺ പ്രാർത്ഥിച്ചു: “അല്ലാഹുവേ, നീ ഖുറൈശികൾക്ക് സന്മാർഗ്ഗം നൽകേണമേ, കാരണം ആ ഖുറൈശി പണ്ഡിതന്റെ വിജ്ഞാനം ഭൂമിയുടെ തട്ടുകളെയെല്ലാം വലയം ചെയ്യുന്നതാണ്.” അഥവാ എല്ലാ മണ്ഡലങ്ങളിലും എത്തുന്നതാണ്.

    ഖതീബും(റ) ഇബ്നു അസാകിറും(റ) അബൂഹുറൈറ(റ)യിൽ നിന്നും, ബൈഹഖി(റ) ‘അൽ-മദ്ഖൽ’ എന്ന ഗ്രന്ഥത്തിൽ അലി(റ), ഇബ്നു അബ്ബാസ്(റ) എന്നിവരിൽ നിന്നും, അബൂദാവൂദ് അത്വയാലിസി(റ) തന്റെ മുസ്‌നദിലും ഈ വാചകത്തോടെ നിവേദനം ചെയ്യുന്നു: “തീർച്ചയായും ഖുറൈശികളിലെ പണ്ഡിതൻ ഭൂമിയുടെ സകല ദേശത്തും വിജ്ഞാനം കൊണ്ട് നിറയ്ക്കും.”
    ഹാഫിള് ഇബ്നു ഹജർ അൽ-അസ്ഖലാനി(റ) ഈ ഹദീസിന്റെ എല്ലാ നിവേദന പരമ്പരകളും ക്രോഡീകരിച്ച് ‘ലദ്ദതുൽ ഐശ് ഫീ തുർകി ഹദീഥ് അൽ-അഇമ്മതു മിൻ ഖുറൈശ്’ എന്ന പേരിൽ ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്.

    അവസാനകാലം തിരുനബിﷺയെ അതിയായി സ്നേഹിക്കുന്ന ഒരു ജനവിഭാഗം വരുമെന്ന് അവിടുന്ന് തന്നെ പ്രത്യേകം അറിയിച്ചിട്ടുണ്ട്. ഇമാം ഹാകിം(റ) അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു, തിരുനബിﷺ അരുളി: “എന്റെ ഉമ്മത്തിൽ പെട്ട ചില ആളുകൾ എനിക്ക് ശേഷം വരാനുണ്ട്; തന്റെ കുടുംബത്തെയും സമ്പത്തിനെയും പകരമായി നൽകിയിട്ടാണെങ്കിലും എന്നെയൊന്ന് കാണാൻ സാധിച്ചിരുന്നെങ്കിൽ എന്ന് അവരിലൊരാൾ കൊതിച്ചുപോകും.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...