Tweet 1464

    Tweet 1464
    June 17, 2026 • Wednesday
    Post Header

    ഹാകിമും(റ) അബൂ നുഐമും(റ) അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ അൻസ്വാരികളോട് പറഞ്ഞു: “ധന വിഹിതത്തിലും അധികാരത്തിലും എനിക്ക് ശേഷം നിങ്ങൾക്ക് വലിയ അവഗണന നേരിടേണ്ടി വരും. അതിനാൽ ഹൗളുൽ കൗസറിൽ വെച്ച് എന്നെ കണ്ടുമുട്ടുന്നത് വരെ നിങ്ങൾ ക്ഷമിക്കുക.”

    ഉമർ ബിൻ അബ്ദിൽ അസീസ്(റ)വിന്റെ ഭരണത്തെക്കുറിച്ചു തിരുനബിﷺ നൽകിയ സൂചനകൾ.

    ഇമാം ബൈഹഖി(റ) നാഫിഅ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: ഉമർ ബിൻ ഖത്വാബ്(റ) ഇപ്രകാരം പറഞ്ഞതായി ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്: “എന്റെ സന്തതികളിൽ മുഖത്ത് ഒരു മുറി അടയാളം ഉള്ള ഒരു മനുഷ്യനുണ്ടാകും. അദ്ദേഹം ഭരണം ഏറ്റെടുക്കുകയും ഭൂമിയെ നീതി കൊണ്ട് നിറയ്ക്കുകയും ചെയ്യും.” നാഫിഅ്(റ) പറഞ്ഞു: “അത് ഉമർ ബിൻ അബ്ദിൽ അസീസ്(റ) അല്ലാതെ മറ്റാരുമല്ലെന്നാണ് ഞാൻ കരുതുന്നത്.

    ഇമാം ബൈഹഖി(റ), അബ്ദുള്ള ബിൻ ദീനാർ(റ)വിൽ നിന്നും നിവേദനം ചെയ്യുന്നു, ഇബ്നു ഉമർ(റ) പ്രസ്താവിച്ചു: “ഉമറി(റ)ന്റെ കുടുംബത്തിൽ പെട്ട, ഉമറി(റ)നെപ്പോലെ പ്രവർത്തിക്കുന്ന ഒരു വ്യക്തി ഭരണം ഏറ്റെടുക്കുന്നത് വരെ ഈ ലോകം അവസാനിക്കുകയില്ല എന്ന് ജനങ്ങൾ പറയുന്നു. അങ്ങനെ അവർ കരുതിയിരുന്നത് അത് ബിലാൽ ബിൻ അബ്ദില്ലാ ബിൻ ഉമർ ആയിരിക്കുമെന്നാണ്; അദ്ദേഹത്തിന്റെ മുഖത്ത് ഒരു പാടുണ്ടായിരുന്നു. എന്നാൽ അദ്ദേഹം ആയിരുന്നില്ല അത്. പിന്നീട് അത് ഉമർ ബിൻ അബ്ദുൽ അസീസ്(റ) ആണെന്ന് വ്യക്തമായി. അദ്ദേഹത്തിന്റെ മാതാവ് ആസിം ബിൻ ഉമർ ബിൻ അൽ-ഖത്താബിന്റെ മകളായിരുന്നു.”

    അബ്ദുല്ല ബിൻ അഹ്മദ്(റ) ‘സവാഇദുസ്സുഹ്ദി’ൽ അലിയ്യ് ബിൻ അബീത്വാലിബ്(റ) പ്രസ്താവിച്ചതായി നിവേദനം ചെയ്യുന്നു: “നിങ്ങൾ ബനൂ ഉമയ്യക്കാരെ ശപിക്കരുത്; കാരണം അവരിൽ ഒരു സൽവൃത്തനായ ഭരണാധികാരിയുണ്ട്.” അതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് ഉമർ ബിൻ അബ്ദുൽ അസീസി(റ)നെയായിരുന്നു.

    ഇമാം ബൈഹഖി(റ), സഈദ് ബിൻ അൽ-മുസയ്യബ്(റ) പറഞ്ഞതായി നിവേദനം ചെയ്യുന്നു: “ഖലീഫമാർ അബൂബക്കറും(റ) രണ്ട് ഉമർ(റ)മാരുമാണ്.” അപ്പോൾ ചോദിക്കപ്പെട്ടു: “ആരാണ് രണ്ടാമത്തെ ഉമർ?” അദ്ദേഹം പറഞ്ഞു: “അടുത്തുതന്നെ നിങ്ങൾ അദ്ദേഹത്തെ തിരിച്ചറിയും.”

    ബൈഹഖി(റ) പറഞ്ഞു: സഈദ് ബിൻ അൽ-മുസയ്യബ്(റ) അന്തരിച്ചത് ഉമർ ബിൻ അബ്ദുൽ അസീസ്(റ) ഖലീഫയാകുന്നതിന് രണ്ട് വർഷം മുമ്പാണ്. വരാനിരിക്കുന്ന കാര്യത്തെക്കുറിച്ചുള്ള ഇത്തരമൊരു വചനം പ്രവാചകരിൽ നിന്നുള്ള വ്യക്തമായ അറിവില്ലാതെ അദ്ദേഹം പറയുകയില്ല.

    ഇമാം അബൂഹനീഫ(റ), ഇമാം മാലിക്(റ), ഇമാം ശാഫിഈ(റ) എന്നിവരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള തിരുനബിﷺയുടെ സൂചനകൾ
    ഇമാം അഹ്മദ്(റ), അബൂ നുഐം(റ) ‘അൽ-ഹില്യ’യിലും അബൂഹുറൈറ(റ)വിൽ നിന്നും നിവേദനം ചെയ്യുന്നു. കൂടാതെ ബുഖാരി(റ)യും മുസ്‌ലിമും(റ), തിർമിദി(റ), അബൂ നുഐം(റ) ‘അൽ-ഹില്യ’യിലും, ഇബ്നു അബീ ശൈബ(റ) മറ്റൊരു പരമ്പരയിലൂടെയും അദ്ദേഹത്തിൽ നിന്ന് നിവേദനം ചെയ്തിട്ടുണ്ട്. അബൂബക്കർ അൽ-ശീറാസി(റ) ‘അൽ-അൽഖാബി’ലും, ത്വബ്റാനി(റ) സ്വഹീഹായ നിവേദക പരമ്പരയോടെ മറ്റൊരു വഴിക്കും, അബൂയഅ്‌ലാ(റ), ബസ്സാർ(റ), ഇബ്നു അബീ ശൈബ(റ) എന്നിവർ ഖൈസ് ബിൻ സഅ്ദ് ബിൻ ഉബാദ(റ)വിൽ നിന്നും, ത്വബ്റാനി(റ) ഇബ്നു മസ്ഊദ്(റ)വിൽ നിന്നും നിവേദനം ചെയ്യുന്നു; തിരുനബിﷺ അരുളി: “ഈമാൻ സുരയ്യ നക്ഷത്രത്തിന്റെ അരികിലായാൽ പോലും…”
    ശീറാസി(റ)യുടെയും അബൂ നുഐമി(റ)ന്റെയും നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: “വിജ്ഞാനം സുരയ്യ നക്ഷത്രത്തിൽ തൂക്കപ്പെട്ടിരിക്കുകയാണെങ്കിൽ പോലും പേർഷ്യയിലെ പുരുഷന്മാർ അത് നേടിയെടുക്കുക തന്നെ ചെയ്യും.”

    മറ്റൊരു നിവേദനത്തിൽ: “ഫാരിസിന്റെ മക്കളിൽ പെട്ടവർ” എന്നും, ഖൈസി(റ)ന്റെ ഹദീസിൽ ത്വബ്റാനി(റ): “ഫാരിസിന്റെ മക്കളിൽ പെട്ട പുരുഷന്മാർ അത് നേടിയെടുക്കും” എന്നും അധികരിപ്പിച്ചു നൽകിയിട്ടുണ്ട്. മുസ്‌ലിമി(റ)ന്റെ നിവേദനത്തിൽ: “ഒരു പുരുഷൻ അത് നേടിയെടുക്കും” എന്നും, ചില നിവേദനങ്ങളിൽ: “ഒരു ജനവിഭാഗം” എന്നും, വേറെ ചിലതിൽ “ഫാരിസിന്റെ മക്കളിൽ പെട്ട കുറച്ചാളുകൾ” എന്നുമാണുള്ളത്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...