Tweet 1447

    Tweet 1447
    May 31, 2026 • Sunday
    Post Header

    ഖുർആൻ പ്രതികൾ എഴുതപ്പെടുന്നതിനെക്കുറിച്ച് തിരുനബിﷺയുടെ പ്രവചനം.

    ഇമാം ഇബ്നു അസാകിർ(റ) നുബൈത് അൽ-അശ്ജഇ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. ഉസ്മാൻ(റ) മുസ്ഹഫുകൾ പകർത്തിയെഴുതിയപ്പോൾ അബൂഹുറൈറ(റ) അദ്ദേഹത്തോട് പറഞ്ഞു: “താങ്കൾ ശരിയായതും അനുഗ്രഹീതവുമായ കാര്യമാണ് ചെയ്തത്. തിരുനബിﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടതിന് ഞാൻ സാക്ഷ്യം വഹിക്കുന്നു: ‘എന്റെ ഉമ്മത്തിൽ എന്നോട് ഏറ്റവും കൂടുതൽ സ്നേഹമുള്ളവർ എനിക്ക് ശേഷം വരുന്ന ഒരു ജനവിഭാഗമാണ്. അവർ എന്നെ കണ്ടിട്ടില്ലെങ്കിലും എന്നിൽ വിശ്വസിക്കുകയും, തൂക്കിയിടപ്പെട്ട ഏടുകളിൽ/കഴുത്തിൽ തൂക്കുന്ന മുസ്ഹഫുകളിൽ ഉള്ളതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യും.’ ഞാൻ ചോദിച്ചു: ഏത് ഏടുകളാണ്? അങ്ങനെ പിന്നീട് ഞാൻ ഈ മുസ്ഹഫുകൾ കണ്ടു.” ഇത് ഉസ്മാൻ(റ)യെ ഏറെ സന്തോഷിപ്പിച്ചു, അദ്ദേഹം അബൂഹുറൈറ(റ)യ്ക്ക് പതിനായിരം ദിർഹം/ദീനാർ സമ്മാനമായി നൽകാൻ ഉത്തരവിട്ടു. തുടർന്ന് അദ്ദേഹം പറഞ്ഞു: “അല്ലാഹുവാണെ സത്യം! ഞങ്ങളുടെ തിരുനബിﷺയുടെ ഈ ഹദീസ് താങ്കൾ ഞങ്ങളിൽ നിന്ന് മറച്ചുവെച്ചിരിക്കുകയായിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല.”

    ഉവൈസ് അൽ-ഖർനി(റ)യെക്കുറിച്ചു തിരുനബിﷺ പ്രവചിച്ചത് ഇങ്ങനെയാണ്.

    അൽ-ഉഖൈലി(റ) ‘അള്ളുഅഫാഅ്’ എന്ന ഗ്രന്ഥത്തിലും, ഇമാം അഹ്മദ്(റ), മുസ്ലിം(റ), ഹാകിം(റ), ഇബ്നു സഅദ്(റ) എന്നിവർ ഉമർ(റ)വിൽ നിന്നും നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “യമൻ നിവാസികളായ മുറാദ് ഗോത്രത്തിലെ, പിന്നീട് ഖർൻ ശാഖയിലെ സഹായസംഘങ്ങളോടൊപ്പം ഉവൈസ് ബിൻ ആമിർ(റ) നിങ്ങളുടെ അടുക്കൽ വരും. അദ്ദേഹത്തിന് വെള്ളപ്പാണ്ട് ഉണ്ടായിരുന്നു, പിന്നീട് ഒരു ദിർഹമിന്റെ സ്ഥലം ഒഴികെ ബാക്കിയെല്ലാം ഭേദമായി. അദ്ദേഹത്തിന് ഒരു ഉമ്മയുണ്ട്, അദ്ദേഹം അവരോട് വളരെ നന്മയോടെ പെരുമാറുന്നവരാണ്. അദ്ദേഹം അല്ലാഹുവിന്റെ നാമത്തിൽ സത്യം ചെയ്ത് എന്തെങ്കിലും ആവശ്യപ്പെട്ടാൽ അല്ലാഹു അത് നിറവേറ്റിക്കൊടുക്കും. അതിനാൽ, നിങ്ങൾക്ക് വേണ്ടി പാപമോചനത്തിന് പ്രാർത്ഥിക്കാൻ അവരോട് ആവശ്യപ്പെടാൻ സാധിക്കുമെങ്കിൽ നിങ്ങളത് ചെയ്യുക.”

    ഇമാം മുസ്ലിമി(റ)ന്റെ ഒരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: “താബിഉകളിൽ വെച്ച് ഏറ്റവും ഉത്തമനായ വ്യക്തി ഉവൈസ്(റ) എന്ന് വിളിക്കപ്പെടുന്ന ഒരാളാണ്. അദ്ദേഹത്തിന് ഒരു ഉമ്മയുണ്ട്, അദ്ദേഹം അവരോട് വളരെ നന്നായി പെരുമാറുന്നവരാണ്. അദ്ദേഹം അല്ലാഹുവിന്റെ നാമത്തിൽ സത്യം ചെയ്താൽ അല്ലാഹു അത് പാലിക്കും. അദ്ദേഹത്തിന് ശരീരത്തിൽ വെള്ളപ്പാണ്ടുണ്ടായിരുന്നു. അദ്ദേഹത്തെ കാണുമ്പോൾ നിങ്ങൾക്ക് വേണ്ടി പാപമോചനം തേടാൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കുക.”

    മറ്റൊരു നിവേദനത്തിൽ: “യമൻ നിവാസികളിൽപെട്ട ഒരാൾ നിങ്ങളുടെ അടുക്കൽ വരും. തന്റെ ഉമ്മയെയല്ലാതെ മറ്റാരെയും അദ്ദേഹം യമനിൽ ബാക്കിവെച്ചിട്ടില്ല. അദ്ദേഹത്തിന് ശരീരത്തിൽ വെള്ളപ്പാണ്ടുണ്ടായിരുന്നു, എന്നാൽ അത് മാറ്റിത്തരാൻ അദ്ദേഹം അല്ലാഹുവോട് പ്രാർത്ഥിച്ചു. അങ്ങനെ ഒരു ദീനാറിന്റെയോ ദിർഹമിന്റെയോ സ്ഥലം ഒഴികെ അല്ലാഹു അത് മാറ്റി നൽകി. നിങ്ങളിൽ ആരെങ്കിലും അദ്ദേഹത്തെ കണ്ടുമുട്ടിയാൽ നിങ്ങൾക്ക് വേണ്ടി പാപമോചനം തേടാൻ അദ്ദേഹത്തോട് ആവശ്യപ്പെടുക.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...