
ഉമർ ബിൻ അൽ-ഖത്വാബ്(റ) മുഹദ്ദസുകളിൽ അഥവാ ദിവ്യബോധനം പോലുള്ള ഉൾക്കാഴ്ച ലഭിക്കുന്നവരിൽ പെട്ടയാളാണെന്ന് തിരുനബിﷺ മുൻകൂട്ടി അറിയിച്ചു.
അബൂഹുറൈറ(റ)വിൽ നിന്ന് ഇമാം അഹ്മദും(റ) ബുഖാരി(റ)യും, ആഇശ(റ)വിൽ നിന്ന് ഇമാം അഹ്മദും(റ) ബുഖാരി(റ)യും മുസ്ലിമും(റ) തിർമിദി(റ)യും നസാഈ(റ)യും നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “നിങ്ങൾക്ക് മുമ്പുള്ള സമുദായങ്ങളിൽ ‘മുഹദ്ദസുകൾ’ മലക്കുകളാൽ സംസാരിക്കപ്പെടുന്നവർ/ഉൾക്കാഴ്ച നൽകപ്പെട്ടവർ ഉണ്ടായിരുന്നു. എന്റെ സമുദായത്തിൽ അവരിൽ ആരെങ്കിലും ഉണ്ടെങ്കിൽ, തീർച്ചയായും അത് ഉമർ ബിൻ അൽ-ഖത്വാബ്(റ) ആണ്.” മറ്റൊരു നിവേദനത്തിൽ: “അത് ഉമർ(റ) ആണ്” എന്ന് മാത്രമാണുള്ളത്.
അബൂ സഈദ് അൽ-ഖുദ്‌രി(റ)വിൽ നിന്ന് ത്വബ്റാനി(റ) ‘അൽ-ഔസത്’-ൽ നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. “അദ്ദേഹത്തിന്റെ സമുദായത്തിൽ ഒരു ‘മുഹദ്ദസ്’ ഉണ്ടായിട്ടല്ലാതെ അല്ലാഹു ഒരു പ്രവാചകനെയും നിയോഗിച്ചിട്ടില്ല, എന്റെ സമുദായത്തിൽ അവരിൽ ആരെങ്കിലും ഉണ്ടെങ്കിൽ അത് ഉമർ(റ) ആണ്.” അപ്പോൾ അവർ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേﷺ, എങ്ങനെയാണ് സംസാരിക്കപ്പെടുക?” അവിടുന്ന് പറഞ്ഞു: “മലക്കുകൾ അദ്ദേഹത്തിന്റെ നാവിലൂടെ സംസാരിക്കും.”
ആഇശ(റ)വിൽ നിന്ന് തന്നെ നിവേദനം ചെയ്യപ്പെടുന്നു, തിരുനബിﷺ പറഞ്ഞു. സമുദായത്തിൽ ഒന്നോ രണ്ടോ അധ്യാപകർ ഉണ്ടായിട്ടല്ലാതെ ഒരു പ്രവാചകനും കഴിഞ്ഞുപോയിട്ടില്ല. എന്റെ സമുദായത്തിൽ അവരിൽ ആരെങ്കിലും ഉണ്ടെങ്കിൽ അത് ഉമർ ബിൻ അൽ ഖത്വാബ്(റ) ആണ്.”
അലി(റ)വിൽ നിന്ന് ത്വബ്റാനി(റ) ‘അൽ-ഔസത്’-ലും ബൈഹഖി(റ)യും നിവേദനം ചെയ്യുന്നു: “തിരുനബിﷺയുടെ അനുചരന്മാരായ ഞങ്ങൾ ധാരാളമായി ഉണ്ടായിരുന്ന കാലത്ത്, ഉമറി(റ)ന്റെ നാവിലൂടെ ‘സകീനത്ത്’ ദിവ്യശാന്തി/സത്യം ആണ് സംസാരിക്കുന്നത് എന്ന കാര്യത്തിൽ ഞങ്ങൾക്ക് യാതൊരു സംശയവുമുണ്ടായിരുന്നില്ല.”
താരിഖ് ബിൻ ശിഹാബി(റ)ൽ നിന്ന് ബൈഹഖി(റ) നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: “ഉമർ ബിൻ അൽ-ഖത്വാബ്(റ) ഒരു മലക്കിന്റെ നാവിലൂടെയാണ് സംസാരിക്കുന്നത് എന്ന് ഞങ്ങൾ പരസ്പരം പറയാറുണ്ടായിരുന്നു.”
ഇബ്നു ഉമർ(റ)വിൽ നിന്ന് ഹാകിം(റ) നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: “‘ഞാൻ ഇങ്ങനെയൊക്കെ വിചാരിക്കുന്നു’ എന്ന് ഉമർ(റ) ഒരു കാര്യത്തെക്കുറിച്ച്
പറയുന്നത് ഞാൻ കേട്ടിട്ടില്ല, അവിടുന്നു വിചാരിച്ചത് പോലെ തന്നെ അത് സംഭവിക്കാതെ പോയിട്ടുമില്ല.
തിരുനബിﷺ പത്നിമാരിൽ ആദ്യം അവിടത്തോട് ചേരുന്നത് ആരാണെന്ന് സംബന്ധിച്ച പ്രവചനം ഇങ്ങനെ.
ഇമാം ഇബ്നു അസാകിർ(റ) വാസില(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “എന്റെ കുടുംബത്തിൽ നിന്ന് എന്നോട് ആദ്യം വന്ന് ചേരുന്നത് ഫാത്വിമ(റ), നീയായിരിക്കും. എന്റെ ഭാര്യമാരിൽ നിന്ന് ആദ്യം എന്നോട് വന്ന് ചേരുന്നത് സൈനബ(റ) ആയിരിക്കും. അവളാണ് നിങ്ങളിൽ വെച്ച് ഏറ്റവും നീളമുള്ള കൈയുള്ളവൾ അഥവാ കൂടുതൽ ദാനം ചെയ്യുന്നവൾ.
ഇമാം മുസ്‌ലിം(റ) ആഇശ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “നിങ്ങളിൽ വെച്ച് എന്നോട് ഏറ്റവും വേഗത്തിൽ വന്ന് ചേരുന്നത് കൈകൾക്ക് നീളം കൂടിയവളായിരിക്കും.”
അതിനാൽ അവർ തങ്ങളുടെ കൈകളുടെ നീളം പരസ്പരം അളന്നു നോക്കാറുണ്ടായിരുന്നു. എന്നാൽ ഞങ്ങളിൽ വെച്ച് സൈനബ(റ) ആയിരുന്നു ഏറ്റവും നീളമുള്ള കൈയുള്ളവൾ. കാരണം, അവർ സ്വന്തം കൈകൾ കൊണ്ട് ജോലി ചെയ്യുകയും അതിൽ നിന്ന് ലഭിക്കുന്നത് ദാനം ചെയ്യുകയും ചെയ്യുമായിരുന്നു.
ഇമാം ബുഖാരി(റ) ആഇശ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു:
പ്രവാചകൻﷺയുടെ ഭാര്യമാർ ഒരുമിച്ച് കൂടിയപ്പോൾ അവർ ചോദിച്ചു: “ഞങ്ങളിൽ ആരാണ് അങ്ങയോട് ഏറ്റവും വേഗത്തിൽ വന്ന് ചേരുക?” അവിടുന്ന് പറഞ്ഞു: “നിങ്ങളിൽ വെച്ച് ഏറ്റവും നീളമുള്ള കൈയുള്ളവൾ.”
അപ്പോൾ അവർ ഒരു അളവു കോൽ എടുത്ത് കൈകൾ അളക്കാൻ തുടങ്ങി. അപ്പോൾ സൗദ ബിൻത് സുംഅ(റ) ആയിരുന്നു ഞങ്ങളിൽ വെച്ച് കൈമുട്ടിന് നീളം കൂടിയവൾ.
തിരുനബിﷺ ഇഹലോകവാസം വെടിഞ്ഞ ശേഷം ഞങ്ങളിൽ നിന്ന് ആദ്യം വിയോഗം തേടിയത് സൈനബ(റ) ആയിരുന്നു. അപ്പോഴാണ് ‘കൈകളുടെ നീളം’ എന്നതുകൊണ്ട് ഉദ്ദേശിച്ചത് ദാനധർമ്മമാണെന്ന് ഞങ്ങൾ മനസ്സിലാക്കിയത്. അവർ ദാനം ചെയ്യാൻ അത്രയധികം ഇഷ്ടപ്പെട്ടിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
