
അൽ-ബറാഅ് ബിൻ മാലിക്(റ) അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്ത് പ്രാർത്ഥിച്ചാൽ അല്ലാഹു അത് നിറവേറ്റിക്കൊടുക്കുമെന്ന തിരുനബിﷺയുടെ പ്രവചനം ഇപ്രകാരം വായിക്കാം.
ഇമാം തിർമിദി(റ)യും ഹാകിമും(റ) ബൈഹഖി(റ)യും അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “കീറിപ്പറിഞ്ഞ രണ്ട് വസ്ത്രങ്ങൾ മാത്രം ധരിച്ച, ജനങ്ങളാൽ നിസ്സാരരായി കാണപ്പെടുന്ന എത്രയോ നിർദ്ധനരുണ്ട്; അവർ അല്ലാഹുവിന്റെ നാമത്തിൽ എന്തെങ്കിലും സത്യം ചെയ്ത് ചോദിച്ചാൽ അല്ലാഹു അത് പൂർത്തിയാക്കിക്കൊടുക്കും. അങ്ങനെയുള്ളവരിൽ പെട്ടയാളാണ് ബറാഅ് ബിൻ മാലിക്(റ).”
പിന്നീട് ഒരിക്കൽ ഒരു യുദ്ധത്തിൽ മുസ്‌ലിം സൈന്യം പിൻവാങ്ങേണ്ടി വന്ന ഘട്ടത്തിൽ, ബറാഅ്(റ) തന്റെ വസ്ത്രം കൊണ്ട് മറച്ചുപിടിച്ചിരിക്കുകയായിരുന്നു. അപ്പോൾ ആളുകൾ അദ്ദേഹത്തോട് പറഞ്ഞു: “ഓ ബറാഅ്(റ)! ‘തീർച്ചയായും താങ്കൾ അല്ലാഹുവിന്റെ നാമത്തിൽ സത്യം ചെയ്താൽ അല്ലാഹു അത് നിറവേറ്റിത്തരുമെന്ന്’ തിരുനബിﷺ പറഞ്ഞിട്ടുണ്ടല്ലോ. അതിനാൽ താങ്കൾ താങ്കളുടെ രക്ഷിതാവിന്റെ നാമത്തിൽ വിജയത്തിനായി സത്യം ചെയ്ത് പ്രാർത്ഥിച്ചാലും.”
അപ്പോൾ അദ്ദേഹം പ്രാർത്ഥിച്ചു:
“എന്റെ രക്ഷിതാവേ! ശത്രുക്കളുടെ ചുമലുകൾ ഞങ്ങൾക്ക് കീഴ്പ്പെടുത്തിത്തരണമെന്ന് അഥവാ അവരുടെ മേൽ ഞങ്ങൾക്ക് വിജയം നൽകണമെന്ന് നിന്റെ നാമത്തിൽ ഞാൻ സത്യം ചെയ്തു ചോദിക്കുന്നു.” അങ്ങനെ മുസ്ലിംകൾക്ക് അവരുടെ മേൽ വിജയം ലഭിച്ചു.
പിന്നീട് അവർ ‘സൂസ്’ പാലത്തിന് സമീപം വെച്ച് വീണ്ടും ഏറ്റുമുട്ടിയപ്പോൾ, ശത്രുക്കൾ മുസ്ലിംകൾക്ക് കടുത്ത നാശനഷ്ടങ്ങൾ വരുത്തിവെച്ചു. അപ്പോൾ ആളുകൾ വീണ്ടും പറഞ്ഞു: “ഓ ബറാഅ്(റ)! താങ്കളുടെ രക്ഷിതാവിന്റെ നാമത്തിൽ വീണ്ടും സത്യം ചെയ്ത് പ്രാർത്ഥിച്ചാലും.”
അദ്ദേഹം പ്രാർത്ഥിച്ചു: “എന്റെ രക്ഷിതാവേ! ശത്രുക്കളുടെ ചുമലുകൾ ഞങ്ങൾക്ക് കീഴ്പ്പെടുത്തിത്തരണമെന്നും, ശഹീദാക്കിക്കൊണ്ട് എന്നെ നിന്റെ പ്രവാചകനോﷺടൊപ്പം ചേരാൻ അനുവദിക്കണമെന്നും നിന്റെ നാമത്തിൽ ഞാൻ സത്യം ചെയ്തു ചോദിക്കുന്നു.” തുടർന്ന് അവർ ശക്തമായി മുന്നേറുകയും പേർഷ്യൻ സൈന്യം പരാജയപ്പെടുകയും ചെയ്തു. ആ യുദ്ധത്തിൽ ബറാഅ്(റ) രക്തസാക്ഷിത്വം/ശഹാദത്ത് വരിക്കുകയും ചെയ്തു.
അഖ്‌റഅ് ബിൻ ശഫി(റ) ഫലസ്തീനിലെ റബ്‌വയിൽ കുന്നിൻ പ്രദേശത്ത് മറവുചെയ്യപ്പെടുമെന്ന് തിരുനബിﷺ മുൻകൂട്ടി പ്രവചിച്ചിരുന്നു. ഇമാം ത്വബറാനി(റ), ഇബ്നുസ്സകൻ ഇബ്നു മന്ദഃ(റ), അബൂ നുഐം(റ), ഇബ്നു അസാകിർ(റ) എന്നിവർ വിവിധ പരമ്പരകളിലൂടെ അഖ്‌റഅ് ബിൻ ശഫി അൽ-അക്കീ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു:
ഞാൻ രോഗബാധിതനായിരുന്നപ്പോൾ തിരുനബിﷺ എന്റെ അടുക്കൽ പ്രവേശിച്ചു. അപ്പോൾ ഞാൻ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ! ഈ രോഗം കാരണം ഞാൻ മരണപ്പെടുമെന്ന് മാത്രമേ ഞാൻ കരുതുന്നുള്ളൂ.” അപ്പോൾ തിരുനബിﷺ പറഞ്ഞു. “ഇല്ല, താങ്കൾ ജീവിക്കും. താങ്കൾ സിറിയ ഉൾപ്പെടുന്ന നാട്ടിലേക്ക് ഹിജ്റ പോവുകയും അവിടെ വെച്ച് മരണപ്പെടുകയും ചെയ്യും. ഫലസ്തീൻ ഭൂമിയിലെ ‘റബ്‌വ’ എന്ന സ്ഥലത്തായിരിക്കും താങ്കൾ മറവുചെയ്യപ്പെടുക.”
പിന്നീട് ഉമർ(റ)വിന്റെ ഭരണകാലത്താണ് അദ്ദേഹം മരണപ്പെട്ടത്, ‘ഫലസ്തീനിലെ റംലഹ് എന്ന സ്ഥലത്ത് അദ്ദേഹം മറവുചെയ്യപ്പെടുകയും ചെയ്തു.
ഇബ്നു അബീ ഹാതിം(റ), ഇബ്നു ജരീർ(റ), ത്വബ്റാനി(റ) എന്നിവർ മുർറഃ അൽ-ബഹ്‌സി(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: തിരുനബിﷺ ഒരാളോട് ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: “തീർച്ചയായും താങ്കൾ റബ്‌വയിൽ വെച്ചാണ് മരണപ്പെടുക.” തുടർന്ന് അദ്ദേഹം റംലഹിൽ വെച്ച് മരണപ്പെടുകയുണ്ടായി.
ഫലസ്തീനിലെ റംലഹ് എന്ന പ്രദേശത്തുള്ള ഉയർന്ന കുന്നിൻ പ്രദേശത്തെയാണ് ഹദീസിൽ ‘റബ്‌വ’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
