Tweet 1444

    Tweet 1444
    May 28, 2026 • Thursday
    Post Header

    തിരുനബിﷺ അറേബ്യൻ ഉപദ്വീപിൽ ഇനി ഒരിക്കലും വിഗ്രഹങ്ങൾ ആരാധിക്കപ്പെടുകയില്ലെന്ന പ്രവചനം കൂടി വായിക്കാം.

    ഇമാം മുസ്ലിം(റ), ജാബിർ ബിൻ അബ്ദില്ല(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. അല്ലാഹുവിന്റെ റസൂൽﷺ അരുളി:
    “അറേബ്യൻ ഉപദ്വീപിൽ നിസ്കരിക്കുന്നവർ തന്നെ ആരാധിക്കുന്നതിനെക്കുറിച്ച് പിശാച് തീർത്തും നിരാശനായിരിക്കുന്നു. എങ്കിലും അവർക്കിടയിൽ പരസ്പരം വിദ്വേഷവും ഭിന്നതയും ഉണ്ടാക്കാൻ അവൻ ശ്രമിച്ചുകൊണ്ടിരിക്കും.”

    സുഹൈൽ ബിൻ അംറ്(റ) ഇസ്ലാമിന് അനുകൂലമായി ഉന്നതമായൊരു നിലപാട് സ്വീകരിക്കുമെന്ന തിരുനബിﷺയുടെ മുന്നറിയിപ്പ് ഇപ്രകാരമായിരുന്നു.

    സുഫ്യാൻ ബിൻ ഉയൈന(റ), അംറ്(റ) വഴി ഹസൻ ബിൻ മുഹമ്മദ് ബിൻ അൽ-ഹനഫിയ്യ(റ)യിൽ നിന്ന് നിവേദനം ചെയ്തതായി ഹാകിമും(റ) ബൈഹഖി(റ)യും ഉദ്ധരിക്കുന്നു. ഉമർ(റ) പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, സുഹൈൽ ബിൻ അംറി(റ)ന്റെ മുൻപല്ലുകൾ പിഴുതെടുക്കാൻ എന്നെ അനുവദിച്ചാലും! എങ്കിൽ അവൻ തന്റെ ജനങ്ങൾക്കിടയിൽ ഒരിക്കലും ഇസ്ലാമിനെതിരെ പ്രസംഗിക്കാൻ എഴുന്നേറ്റു നിൽക്കില്ല.”

    അപ്പോൾ തിരുനബിﷺ പറഞ്ഞു: “അത് വിട്ടേക്കുക, ഒരുപക്ഷേ ഏതെങ്കിലും ഒരു ദിവസം അവന്റെ നിലപാട് നിന്നെ സന്തോഷിപ്പിച്ചേക്കാം.” സുഫ്യാൻ(റ) പറയുന്നു: “തിരുനബിﷺ ഇഹലോകവാസം വെടിഞ്ഞപ്പോൾ മക്കയിലെ ജനങ്ങൾക്കിടയിൽ ഇസ്ലാമിൽ നിന്ന് പിന്തിരിയാനുള്ള അസ്വസ്ഥതകളുണ്ടായി. അപ്പോൾ സുഹൈൽ ബിൻ അംറ്(റ) കഅ്ബയുടെ അടുത്ത് എഴുന്നേറ്റു നിന്ന് ഇങ്ങനെ പ്രഖ്യാപിച്ചു: ‘ആരാണോ മുഹമ്മദ് നബിﷺയെ ആരാധിച്ചിരുന്നത്, തീർച്ചയായും മുഹമ്മദ് നബിﷺ വിയോഗം തേടിയിരിക്കുന്നു. എന്നാൽ ആരാണോ അല്ലാഹുവിനെ ആരാധിക്കുന്നത്, അല്ലാഹു എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്, അവന് മരണമില്ല.'”

    യൂനുസ് ബിൻ ബുകൈർ(റ) തന്റെ ‘മഗാസി’യിലും, ഇബ്നു സഅ്ദും(റ) മുഹമ്മദ് ബിൻ അംറ് ബിൻ അത്വാഅ്(റ) വഴിയുള്ള ഇബ്നു ഇസ്ഹാഖി(റ)ന്റെ പരമ്പരയിലൂടെ നിവേദനം ചെയ്യുന്നു: ബദ്ർ യുദ്ധത്തിൽ സുഹൈൽ ബിൻ അംറ്(റ) തടവുകാരനായി പിടിക്കപ്പെട്ടപ്പോൾ ഉമർ(റ) പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരെﷺ, അവന്റെ മുൻപല്ലുകൾ പിഴുതെടുക്കാൻ എന്നെ അനുവദിക്കൂ; അവന്റെ നാവ് പുറത്തേക്ക് തള്ളിപ്പോകട്ടെ. എങ്കിൽ അവൻ നമുക്കെതിരെ ഒരിക്കലും പ്രസംഗകനായി നിൽക്കില്ല.” സുഹൈലി(റ)ന്റെ കീഴ്ചുണ്ട് അല്പം പിളർന്നതായിരുന്നു. അപ്പോൾ തിരുനബിﷺ പറഞ്ഞു:
    “ഞാൻ ആരുടെയും ശരീരാവയവങ്ങൾ വികൃതമാക്കി അംഗഭംഗം വരുത്തില്ല. അങ്ങനെ ചെയ്താൽ, ഞാൻ ഒരു പ്രവാചകനാണെങ്കിൽ പോലും അല്ലാഹു എനിക്കും അപ്രകാരം ശിക്ഷ നൽകും. ഒരുപക്ഷേ, നിങ്ങൾക്ക് നല്ല സന്തോഷം നൽകുന്ന ഒരു നിലപാട് അവൻ ഭാവിയിൽ സ്വീകരിച്ചേക്കാം.”

    അബൂ സലമ ബിൻ അബ്ദിർ റഹ്മാൻ(റ) വഴി അബൂ അംറ് ബിൻ അതിയ്യ് ബിൻ അൽ-ഹംറാഅ് അൽ-ഖുസാഈ(റ) പറഞ്ഞതായി ഇബ്നു സഅ്ദ്(റ) നിവേദനം ചെയ്യുന്നു: “തിരുനബിﷺ ഇഹലോകവാസം വെടിഞ്ഞ വാർത്ത മക്കയിലറിഞ്ഞ ദിവസം ഞാൻ സുഹൈൽ ബിൻ അംറി(റ)നെ നോക്കി. അബൂബക്കർ സിദ്ദീഖ്(റ) മദീനയിൽ വെച്ച് നടത്തിയ അതേ പ്രസംഗം അത് നേരിട്ട് കേട്ടതുപോലെ സുഹൈൽ(റ) മക്കയിൽ വെച്ച് ഞങ്ങളോട് പ്രസംഗിക്കുകയായിരുന്നു! ഈ വിവരമറിഞ്ഞപ്പോൾ ഉമർ(റ) പറഞ്ഞു: ‘മുഹമ്മദ് നബിﷺ അല്ലാഹുവിന്റെ ദൂതരാണെന്നും അവിടുത്തെ സന്ദേശങ്ങൾ സത്യമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. “നിനക്ക് അനിഷ്ടമല്ലാത്ത ഒരു നിലപാട് അവൻ സ്വീകരിച്ചേക്കാം” എന്ന് തിരുനബിﷺ എന്നോട് പറഞ്ഞപ്പോൾ ഉദ്ദേശിച്ച ആ ഉന്നതമായ നിലപാട് ഇതുതന്നെയായിരുന്നു!'”

    അൽ-മുഹാമിലി(റ) തന്റെ ‘ഫവാഇദ്’ എന്ന ഗ്രന്ഥത്തിൽ സഈദ് ബിൻ അബീ ഹിന്ദ്(റ) വഴി, ആഇശ(റ)യിൽ നിന്നുള്ള തുടർച്ചയായ പരമ്പരയിലൂടെയും ഇത് നിവേദനം ചെയ്തിട്ടുണ്ട്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...