Tweet 1442

    Tweet 1442
    May 26, 2026 • Tuesday
    Post Header

    സാബിത് ബിൻ ഖൈസ് ബിൻ ഷമ്മാസ്(റ)വിന് തിരുനബിﷺ രക്തസാക്ഷിത്വം പ്രവചിക്കുന്ന നിവേദനങ്ങൾ ഇങ്ങനെ വായിക്കാം.

    സ്വീകാര്യമായ നിവേദക പരമ്പരയിലൂടെ ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു: അല്ലാഹു തിരുനബിﷺക്ക്, “തീർച്ചയായും അഹങ്കാരിയും പൊങ്ങച്ചക്കാരനുമായ യാതൊരുത്തനെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല” -സൂറ ലുഖ്മാൻ: 18, “നിങ്ങളുടെ ശബ്ദങ്ങൾ പ്രവാചകന്റെ ശബ്ദത്തിന് മീതെ നിങ്ങൾ ഉയർത്തരുത്” -സൂറത്തുൽ ഹുജുറാത്ത്: 2, “തീർച്ചയായും നബിയേ, തങ്ങളെ മതിൽക്കെട്ടുകൾക്ക് പുറത്തുനിന്ന് വിളിക്കുന്നവരിൽ അധികപേരും ചിന്തിച്ചു ഗ്രഹിക്കാത്തവരാകുന്നു” എന്നീ ആശയങ്ങളുള്ള ഖുർആനിക വചനങ്ങൾ അവതരിപ്പിച്ചപ്പോൾ, അത് സാബിത്(റ)വിന് കഠിനമായ പ്രയാസമുണ്ടാക്കി. അദ്ദേഹം തന്റെ വാതിൽ അടച്ചുപൂട്ടി ഇരുന്ന് കരയാൻ തുടങ്ങി.

    അതുവഴി കടന്നുപോയ ആസ്വിം ബിൻ അദിയ്യ്(റ) ചോദിച്ചു: “താങ്കളെന്താണ് കരയുന്നത്?” അദ്ദേഹം തന്റെ അവസ്ഥ വിവരിച്ചുകൊടുത്തു. ആസ്വിം(റ) ഈ വിവരം തിരുനബിﷺയെ അറിയിച്ചു. അവിടുന്ന് അദ്ദേഹത്തെ വിളിപ്പിച്ചു കാര്യമന്വേഷിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, ഞാൻ നശിച്ചുപോയോ എന്ന് ഞാൻ ഭയപ്പെടുന്നു.” തിരുനബിﷺ ചോദിച്ചു: “എന്തുകൊണ്ട്?” അദ്ദേഹം പറഞ്ഞു: “അല്ലാഹു അലങ്കാരം വിലക്കിയിരിക്കുന്നു, എന്നാൽ ഞാൻ ഭംഗി ഇഷ്ടപ്പെടുന്ന ആളാണ്. അവിടുത്തെ ശബ്ദത്തേക്കാൾ ഞങ്ങളുടെ ശബ്ദം ഉയർത്തരുതെന്ന് അല്ലാഹു വിലക്കിയിരിക്കുന്നു, ഞാനാണെങ്കിൽ സ്വാഭാവികമായും വലിയ ശബ്ദമുള്ള ആളുമാണ്.”
    അപ്പോൾ തിരുനബിﷺ പറഞ്ഞു: “ഓ സാബിത്, പ്രശംസനീയനായി ജീവിക്കാനും, രക്തസാക്ഷിയായി വധിക്കപ്പെടാനും, സ്വർഗ്ഗത്തിൽ പ്രവേശിക്കാനും താങ്കൾക്ക് താല്പര്യമില്ലേ?” അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ റസൂലിﷺന്റെ ആ ശുഭവാർത്തയിൽ ഞാൻ തൃപ്തനായിരിക്കുന്നു.”

    അബൂബക്കർ(റ) മതഭൃഷ്ടരായവരുടെയും യമാമയിലെ മുസൈലിമത്തുൽ കദ്ദാബിനെതിരെയും യുദ്ധം ചെയ്യാൻ മുസ്ലിംകളെ സജ്ജമാക്കിയപ്പോൾ, പുറപ്പെട്ടവരുടെ കൂട്ടത്തിൽ സാബിത് ബിൻ ഖൈസും(റ) ഉണ്ടായിരുന്നു. അവർ മുസൈലിമയെയും ബനൂ ഹനീഫ ഗോത്രത്തെയും നേരിട്ടു. തുടക്കത്തിൽ മുസ്ലിംകൾ മൂന്ന് തവണ പരാജയപ്പെട്ടു പിൻവാങ്ങേണ്ടി വന്നു. അപ്പോൾ സാബിതും(റ) അബൂഹുദൈഫയുടെ മൗലയായ സാലിമും(റ) പറഞ്ഞു: “തിരുനബിﷺയോടൊപ്പം ഞങ്ങൾ ഇങ്ങനെയല്ല യുദ്ധം ചെയ്തിരുന്നത്.” തുടർന്ന് അവർ രണ്ടുപേരും തങ്ങൾക്കായി ഓരോ കുഴിയുണ്ടാക്കി അതിലിറങ്ങി നിന്ന്, കൊല്ലപ്പെടുന്നത് വരെ ശക്തമായി പോരാടി.

    യുദ്ധത്തിന് ശേഷം ഒരു മുസ്ലിം സാബിത് ബിൻ ഖൈസി(റ)നെ സ്വപ്നത്തിൽ കണ്ടു. സ്വപ്നത്തിൽ സാബിത്(റ) അദ്ദേഹത്തോട് പറഞ്ഞു: “ഇന്നലെ ഞാൻ കൊല്ലപ്പെട്ടപ്പോൾ, മുസ്ലിംകളിൽ പെട്ട ഒരാൾ എന്റെ അരികിലൂടെ കടന്നുപോവുകയും എന്റെ വിലപിടിപ്പുള്ള ഒരു പടയങ്കി ഊരിയെടുക്കുകയും ചെയ്തു. സൈന്യത്തിന്റെ ഏറ്റവും അറ്റത്താണ് അവന്റെ കൂടാരം. അവന്റെ കൂടാരത്തിനടുത്ത് നീളമുള്ള കയറിൽ കെട്ടിയ ഒരു കുതിര ചാടിമറിയുന്നുണ്ടാകും. അവൻ ആ കവചത്തിന് മീതെ ഒരു പാത്രം കമഴ്ത്തിവെക്കുകയും, അതിനു മുകളിൽ ഒരു ഒട്ടകച്ചുമട് വെക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ താങ്കൾ ഖാലിദ് ബിൻ വലീദി(റ)ന്റെ അടുത്ത് ചെന്ന് എന്റെ കവചം വീണ്ടെടുക്കാൻ ആളയക്കാൻ പറയുക. താങ്കൾ തിരുനബിﷺയുടെ ഖലീഫ അബൂബക്കർ സിദ്ദീഖ്(റ}വിന്റെ അടുത്ത് എത്തുമ്പോൾ അദ്ദേഹത്തോട് പറയുക: എനിക്ക് ഇന്നയിന്ന കടങ്ങളുണ്ട്, എന്റെ സ്വത്തിൽ നിന്ന് അത് വീട്ടണം. എന്റെ അടിമകളിൽ പെട്ട ഇന്നയാൾ സ്വതന്ത്രനാണ്. ‘ഇതൊരു വെറും സ്വപ്നമല്ലേ’ എന്ന് കരുതി താങ്കൾ ഇത് അവഗണിച്ചുകളയരുത്.”

    ആ മനുഷ്യൻ ഖാലിദ് ബിൻ വലീദി(റ)ന്റെ അടുത്ത് ചെന്ന് വിവരമറിയിച്ചു. ഖാലിദ്(റ) ആളയച്ചപ്പോൾ സാബിത്(റ) പറഞ്ഞതുപോലെത്തന്നെ ആ കവചം കണ്ടെത്താൻ കഴിഞ്ഞു. പിന്നീട് അദ്ദേഹം അബൂബക്കർ(റ)വിന്റെ അടുത്തെത്തിയപ്പോൾ, അബൂബക്കർ(റ) സാബിതി(റ)ന്റെ ആ വസ്വിയ്യത്ത് നടപ്പിലാക്കിക്കൊടുത്തു. സാബിത് ബിൻ ഖൈസ്(റ)വിനല്ലാതെ മരണത്തിന് ശേഷം വസ്വിയ്യത്ത് നടപ്പിലാക്കപ്പെട്ട മറ്റൊരാളെയും കുറിച്ച് ഞങ്ങൾക്ക് അറിവില്ല.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...