Tweet 1441

    Tweet 1441
    May 25, 2026 • Monday
    Post Header

    ഇമാം അബു നുഐം(റ), അബൂ ബക്റ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. “ബസറ അല്ലെങ്കിൽ ബസ്വീറ എന്ന് വിളിക്കപ്പെടുന്ന ഒരു ദേശമുണ്ട്. അവിടെ മുസ്‌ലിംകളിൽ പെട്ട ഒരു ജനവിഭാഗം വന്നിറങ്ങും. അവരുടെ അടുത്ത് ‘ദിജ്ലത്ത്’ /ടൈഗ്രിസ് എന്ന് പറയപ്പെടുന്ന ഒരു നദിയുണ്ടാകും, അതിന്മേൽ അവർക്കൊരു പാലവുമുണ്ടാകും. അവിടെ ജനങ്ങൾ വർദ്ധിക്കും. അങ്ങനെ അവസാന കാലമാകുമ്പോൾ പരന്ന മുഖമുള്ളവരും ചെറിയ കണ്ണുകളുള്ളവരുമായ ഒരു ജനവിഭാഗം അവരെ ലക്ഷ്യംവെച്ചു വരും. അവർ ആ നദീതീരത്ത് വന്നിറങ്ങും. ആ സമയത്ത് ജനങ്ങൾ പല സംഘങ്ങളായി പിരിയും: ഒരു സംഘം തങ്ങളുടെ പഴയ കുടുംബങ്ങളിലേക്കോ ജന്മനാട്ടിലേക്കോ മടങ്ങും, അവർ നശിച്ചുപോകും. മറ്റൊരു സംഘം സ്വന്തം ജീവൻ രക്ഷിക്കാനായി ഓടിപ്പോകും. എന്നാൽ മറ്റൊരു സംഘം അവരോട് കഠിനമായി പോരാടും; അല്ലാഹു അവരിൽ അവശേഷിക്കുന്നവർക്ക് വിജയം നൽകുകയും ചെയ്യും.”

    അധികാരം പിടിച്ചെടുക്കുകയും പരസ്പരം കൊന്നൊടുക്കുകയും ചെയ്യുന്ന ഒരു ജനതയെക്കുറിച്ചുള്ള തിരുനബിﷺയുടെ പ്രവചനം.

    ഇബ്നു അബീ ശൈബ(റ)യും, ത്വബ്റാനി(റ) ‘അൽ-കബീറി’ലും അമ്മാർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “എനിക്ക് ശേഷം ഒരു ജനവിഭാഗം വരാനുണ്ട്, അവർ അധികാരം പിടിച്ചെടുക്കും. അതിന്റെ പേരിൽ അവർ പരസ്പരം കൊന്നൊടുക്കുകയും ചെയ്യും.”

    ഉമർ ബിൻ അൽ ഖത്വാബ്(റ)വിന് രക്തസാക്ഷിത്വം ലഭിക്കുമെന്ന തിരുനബിﷺയുടെ പ്രവചനം.

    ഇബ്നു സഅദും(റ) ഇബ്നു അബീ ശൈബ(റ)യും അബുൽ അശ്ഹബി(റ)ൽ നിന്ന്, അദ്ദേഹം മുസൈന ഗോത്രക്കാരനായ ഒരാളിൽ നിന്ന് നിവേദനം ചെയ്യുന്നു:
    തിരുനബിﷺ ഉമർ(റ)വിന്റെ മേൽ ഒരു വസ്ത്രം കണ്ടപ്പോൾ ചോദിച്ചു: “ഇത് പുതിയതാണോ അതോ അലക്കിയതാണോ?” അദ്ദേഹം പറഞ്ഞു: “അല്ല, ഇത് അലക്കിയതാണ്.” അപ്പോൾ തിരുനബിﷺ പ്രാർത്ഥിച്ചു:
    “ഉമറേ(റ), നീ പുതിയത് ധരിക്കുക, പ്രശംസനീയനായി ജീവിക്കുക, ഒരു രക്തസാക്ഷിയായി മരണപ്പെടുക.”

    ഇത് മുർസലായ -താബിഈ പ്രവാചകനിﷺലേക്ക് നേരിട്ട് നിവേദനം ചെയ്യുന്ന ഹദീസാണ്. എന്നാൽ അഹ്മദും(റ) ഇബ്നു മാജ(റ)യും ഇബ്നു ഉമറി(റ)ൽ നിന്ന് ഇതേ അർത്ഥത്തിൽ മർഫൂആയി -പരമ്പര മുറിയാതെ നബിﷺയിലേക്ക് എത്തുന്ന രീതിയിൽ- നിവേദനം ചെയ്തിട്ടുണ്ട്. ബസ്സാർ(റ) ഇതേപോലെ ജാബിർ(റ)വിൽ നിന്നും നിവേദനം ചെയ്തിട്ടുണ്ട്.

    അബു യഅ്‌ലാ(റ) സ്വഹീഹായ പരമ്പരയോടെ സഹ്ല് ബിൻ സഅ്ദി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു:
    ഒരിക്കൽ ഉഹ്ദ് പർവ്വതം കുലുങ്ങുകയുണ്ടായി; ആ സമയം അതിന്മേൽ തിരുനബിﷺ അബൂബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ) എന്നിവരുണ്ടായിരുന്നു. അപ്പോൾ തിരുനബിﷺ പറഞ്ഞു:
    “ഉഹ്ദേ, നീ ഉറച്ചുനിൽക്കൂ! നിന്റെ മേൽ ഒരു പ്രവാചകനും, ഒരു സ്വിദ്ദീഖും, രണ്ട് രക്തസാക്ഷികളും അല്ലാതെ മറ്റാരുമില്ല.”

    ഇമാം ത്വബ്റാനി(റ) ഇബ്നു ഉമറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ ഒരു തോട്ടത്തിലായിരിക്കുമ്പോൾ അബൂബക്കർ(റ) അകത്തേക്ക് വരാൻ അനുവാദം ചോദിച്ചു. അപ്പോൾ തിരുനബിﷺ പറഞ്ഞു: “അദ്ദേഹത്തിന് അനുവാദം നൽകുക, സ്വർഗ്ഗം കൊണ്ട് അദ്ദേഹത്തിന് സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുക.” പിന്നീട് ഉമർ(റ) അനുവാദം ചോദിച്ചു. അപ്പോൾ തിരുനബിﷺ പറഞ്ഞു: “അദ്ദേഹത്തിന് അനുവാദം നൽകുക, സ്വർഗ്ഗം കൊണ്ടും രക്തസാക്ഷിത്വം കൊണ്ടും അദ്ദേഹത്തിന് സന്തോഷവാർത്ത അറിയിക്കുക.”
    പിന്നീട് ഉസ്മാൻ(റ) അനുവാദം ചോദിച്ചു. അപ്പോൾ തിരുനബിﷺ പറഞ്ഞു: “അദ്ദേഹത്തിന് അനുവാദം നൽകുക, സ്വർഗ്ഗം കൊണ്ടും രക്തസാക്ഷിത്വം കൊണ്ടും അദ്ദേഹത്തിന് സന്തോഷവാർത്ത അറിയിക്കുക.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...