Tweet 1433

    Tweet 1433
    May 17, 2026 • Sunday
    Post Header

    അബൂദർറ്(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ അരുളി: “നിസ്കാരങ്ങളെ അതിന്റെ സമയത്ത് നിന്ന് വൈകിപ്പിക്കുന്ന ഭരണാധികാരികൾ നിനക്ക് മേൽ വന്നാൽ നീ എന്ത് ചെയ്യും?” ഞാൻ ചോദിച്ചു: “അങ്ങെന്നോട് എന്താണ് കൽപ്പിക്കുന്നത്?” തിരുനബിﷺ പറഞ്ഞു: “നീ നിസ്കാരം അതിന്റെ കൃത്യസമയത്ത് നിർവഹിക്കുക. പിന്നീട് അവരോടൊപ്പവും ആ നിസ്കാരം ലഭിക്കുകയാണെങ്കിൽ നീ നിസ്കരിക്കുക, അത് നിനക്കൊരു ഐച്ഛിക നിസ്കാരമായി മാറുന്നതാണ്.” ഈ ഹദീസ് അബു ദാവൂദ്(റ), അത്വയാലിസി(റ), മുസ്‌ലിം(റ), അബു ദാവൂദ്(റ), തിർമിദി(റ), നസാഈ(റ), ഇബ്നു മാജ(റ), ദാരിമി(റ), ഇബ്നു ഖുസൈമ(റ), അബു ഉവാന(റ), ഇബ്നു ഹിബ്ബാൻ(റ) എന്നിവർ ഉദ്ധരിച്ചിട്ടുണ്ട്.

    അബ്ദുല്ലാഹി ബിൻ ബുസ്‌ർ(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ അരുളി: “ഭരണാധികാരികൾ നിങ്ങളോട് അക്രമം കാണിച്ചാൽ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും?”

    അബൂദർറ്(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ അരുളി: “എനിക്ക് ശേഷമുള്ള നേതാക്കൾ പൊതുമുതലുകൾ സ്വന്തം ആവശ്യങ്ങൾക്കായി മാത്രം മാറ്റിവെക്കുകയും അന്യായം കാണിക്കുകയും ചെയ്യുമ്പോൾ നീ എന്ത് ചെയ്യും?” ഞാൻ പറഞ്ഞു: “അങ്ങയെ സത്യവുമായി നിയോഗിച്ചവൻ തന്നെയാണെ സത്യം! ഞാൻ എന്റെ വാളെടുത്ത് അങ്ങയെ വന്ന് കാണുന്നത് വരെ അവരോട് പോരാടും.” അപ്പോൾ തിരുനബിﷺ പറഞ്ഞു: “അതിനേക്കാൾ ഉത്തമമായ ഒരു കാര്യം ഞാൻ നിനക്ക് പറഞ്ഞുതരട്ടെയോ? എന്നെ വന്ന് കണ്ടുമുട്ടുന്നത് വരെ നീ ക്ഷമിക്കുക.” ഇമാം അഹ്മദ്(റ), അബു ദാവൂദ്(റ), ഇബ്നു സഅ്ദ്(റ), റുയാനി(റ), ളിയാഉൽ മഖ്ദിസി(റ) എന്നിവരാണ് ഈ ഹദീസ് ഉദ്ധരിച്ചത്.

    ഇബ്നു മസ്ഊദ്(റ)വിൽ നിന്ന് ഇബ്നു ഹിബ്ബാനും(റ) ബൈഹഖി(റ)യും നിവേദനം ചെയ്യുന്നു, തിരുനബിﷺ പറഞ്ഞു: “നിസ്കാരം അതിന്റെ നിശ്ചിത സമയത്ത് നിർവ്വഹിക്കാത്ത ഭരണാധികാരികൾ നിങ്ങൾക്കിടയിൽ വരുമ്പോൾ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും?”
    അപ്പോൾ ചോദിക്കപ്പെട്ടു: “അല്ലാഹുവിന്റെ ദൂതരെ അങ്ങനെയുണ്ടായാൽ ഞാൻ എന്താണ് ചെയ്യേണ്ടത് എന്നാണ് അങ്ങ് എന്നോട് കൽപ്പിക്കുന്നത്?” തിരുനബിﷺ പറഞ്ഞു: “നീ നിസ്കാരം അതിന്റെ സമയത്ത് നിർവ്വഹിക്കുക. പിന്നീട് അവരോടൊപ്പമുള്ള നിന്റെ നിസ്കാരത്തെ സുന്നത്തായ നിസ്കാരമാക്കുക.”

    ഔഫ് ബിൻ മാലിക്(റ)വിൽ നിന്ന് ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു, തിരുനബിﷺ പറഞ്ഞു: “ആറ് കാര്യങ്ങളെക്കുറിച്ച് ഞാൻ നിങ്ങളിൽ ഭയപ്പെടുന്നു: വിഡ്ഢികളുടെ ഭരണം, രക്തച്ചൊരിച്ചിൽ, വിധികൾ വിൽക്കൽ, കുടുംബബന്ധങ്ങൾ മുറിക്കൽ, ഖുർആൻ ഒരു വിനോദോപാധിയാക്കി മാറ്റുന്ന ആളുകൾ, സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വർദ്ധിക്കൽ എന്നിവയാണവ.”

    അബൂദാവൂദ്(റ), ഇമാം അഹ്മദ്(റ), നുഐം ബിൻ ഹമ്മാദ്(റ), അബൂയഅ്‌ലാ(റ), ബഗവി(റ), ഇബ്നു ഹിബ്ബാൻ(റ), തിർമിദി(റ), അബൂനുഐം(റ), ത്വബ്റാനി(റ) എന്നിവർ തിരുനബിﷺയുടെ ദാസനായിരുന്ന സഫീന(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു – അദ്ദേഹത്തിന്റെ പേര് റൂമാൻ എന്നാണ്. അദ്ദേഹം പറഞ്ഞു: തിരുനബിﷺ അരുളി: “എന്റെ സമുദായത്തിൽ ഖിലാഫത്ത് ഭരണകാലം മുപ്പത് വർഷമായിരിക്കും. അതിനുശേഷം അത് രാജഭരണമായി മാറും.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...