
നാല് ഖലീഫമാരെക്കുറിച്ച് തിരുനബിﷺ മുൻകൂട്ടി അറിയിച്ച കാര്യങ്ങളിൽ ചിലത് നമുക്ക് വായിക്കാം.
സഫീന(റ)വിൽ നിന്ന് അബൂ യഅ്‌ലാ(റ), അൽ ഹാരിസ് ബിൻ അബീ ഉസാമ(റ), അൽ ഹാകിം(റ), അൽ ബൈഹഖി(റ), അബൂ നുഐം(റ) എന്നിവർ നിവേദനം ചെയ്യുന്നു: “തിരുനബിﷺ പള്ളി നിർമ്മിച്ചപ്പോൾ, അബൂബക്കർ(റ) ഒരു കല്ല് കൊണ്ടുവന്ന് അവിടെ വെച്ചു. പിന്നീട് ഉമർ(റ) ഒരു കല്ല് കൊണ്ടുവന്ന് വെച്ചു. അതിനുശേഷം ഉസ്മാൻ(റ) ഒരു കല്ല് കൊണ്ടുവന്ന് വെച്ചു. അപ്പോൾ തിരുനബിﷺ പറഞ്ഞു: ‘ഇവരാണ് എനിക്ക് ശേഷം ഭരണം നടത്തുന്നവർ.'”
ആഇശ(റ)യിൽ നിന്ന് അബൂ യഅ്‌ലാ(റ), അൽ ഹാകിം(റ), അബൂ നുഐം(റ) എന്നിവർ നിവേദനം ചെയ്യുന്നു:
“പള്ളി നിർമ്മാണത്തിനായി തിരുനബിﷺ ആണ് ആദ്യത്തെ കല്ല് ചുമന്നത്. പിന്നീട് അബൂബക്കർ(റ) ഒരു കല്ല് ചുമന്നു, അതിനുശേഷം ഉമർ(റ) ഒരു കല്ല് ചുമന്നു, പിന്നീട് ഉസ്മാൻ(റ) ഒരു കല്ല് ചുമന്നു. അപ്പോൾ തിരുനബിﷺ പറഞ്ഞു: ‘ഇവരാണ് എനിക്ക് ശേഷമുള്ള ഖലീഫമാർ.'”
ഖുതയ്ബ ബിൻ മാലിക്(റ)വിൽ നിന്ന് അബൂ നുഐം(റ) നിവേദനം ചെയ്യുന്നു: “ഞാൻ തിരുനബിﷺയുടെ അരികിലൂടെ നടന്നുപോയി. ഒപ്പം അബൂബക്കറും(റ) ഉമറും(റ) ഉസ്മാനും(റ) ഉണ്ടായിരുന്നു. തിരുനബിﷺ ഖുബാ പള്ളിക്ക് തറക്കല്ലിടുകയായിരുന്നു. ഞാൻ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരെﷺ, അങ്ങ് ഈ കെട്ടിടം നിർമ്മിക്കുകയാണോ? അവിടുത്തോടൊപ്പം ഈ മൂന്നുപേർ മാത്രമല്ലേയുള്ളൂ?’ അവിടുന്ന് പറഞ്ഞു: ‘തീർച്ചയായും ഇവർ എനിക്ക് ശേഷം ഖിലാഫത്തിന്റെ ചുമതലയുള്ളവരാണ്.'”
ജാബിർ(റ)വിൽ നിന്ന് അബൂബക്കർ അൽ ഹാകിം(റ), അൽ ബൈഹഖി(റ) എന്നിവർ നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു: “ഇന്ന് രാത്രി ഒരു സ്വാലിഹായ മനുഷ്യൻ (സ്വപ്നം) കണ്ടിരിക്കുന്നു; അബൂബക്കർ(റ) തിരുനബിﷺയോട് ചേർക്കപ്പെട്ടിരിക്കുന്നു, ഉമർ(റ) അബൂബക്കറി(റ)നോടും, ഉസ്മാൻ(റ) ഉമറി(റ)നോടും ചേർക്കപ്പെട്ടിരിക്കുന്നു.” ജാബിർ(റ) പറയുന്നു: “ഞങ്ങൾ തിരുനബിﷺയുടെ സദസ്സിൽ നിന്ന് എഴുന്നേറ്റപ്പോൾ ഞങ്ങൾ പറഞ്ഞു: ആ സ്വാലിഹായ മനുഷ്യൻ പ്രവാചകൻﷺ തന്നെയാണ്. എന്നാൽ അവർ പരസ്പരം ചേർക്കപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞതിന്റെ അർത്ഥം, അല്ലാഹു തന്റെ പ്രവാചകനെﷺ നിയോഗിച്ച ഈ ദീനിന്റെ കാര്യങ്ങൾ ഭരിക്കുന്നവർ അവരാണ് എന്നാണ്.”
ഹുദൈഫ(റ)വിൽ നിന്ന് ഇബ്നു മാജ(റ)യും അൽ-ഹാകിമും(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു:
“എനിക്ക് ശേഷമുള്ള രണ്ട് പേരെ നിങ്ങൾ മാതൃകയാക്കുക; അബൂബക്കറി(റ)നെയും ഉമറി(റ)നെയും.”
അബൂഹുറൈറ(റ)വിൽ നിന്ന് ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ പറയുന്നത് അദ്ദേഹം കേട്ടു: “ഞാൻ ഉറങ്ങിക്കിടക്കുമ്പോൾ സ്വപ്നത്തിൽ എന്നെ ഒരു കിണറ്റിനരികിൽ കണ്ടു, അതിൽ ഒരു ബക്കറ്റും ഉണ്ടായിരുന്നു. അല്ലാഹു ഉദ്ദേശിച്ച അത്രയും വെള്ളം ഞാൻ അതിൽ നിന്ന് കോരിയെടുത്തു. പിന്നീട് അബൂബക്കർ(റ) ആ ബക്കറ്റ് വാങ്ങി ഒന്നോ രണ്ടോ ബക്കറ്റ് വെള്ളം കോരി. അദ്ദേഹത്തിന്റെ കോരലിൽ ഒരു ബലഹീനത ഉണ്ടായിരുന്നു, അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കട്ടെ! പിന്നീട് ആ ബക്കറ്റ് ഒരു വലിയ തോൽപ്പാത്രമായി മാറി, അത് ഖത്വാബിന്റെ മകൻ ഉമർ(റ) ഏറ്റെടുത്തു. ജനങ്ങൾ തങ്ങളുടെ ഒട്ടകങ്ങൾക്ക് വെള്ളം കൊടുത്ത് അവ വിശ്രമ സ്ഥലത്തേക്ക് തിരികെ അയക്കുന്നതുവരെ ഉമർ(റ) കോരിയതുപോലെ ശക്തമായി വെള്ളം കോരുന്ന ഒരു അസാധാരണ പ്രതിഭയെയും ഞാൻ മനുഷ്യരിൽ കണ്ടിട്ടില്ല.”
ഇമാം ശാഫിഈ(റ) പറഞ്ഞു: “പ്രവാചകന്മാരുടെ സ്വപ്നങ്ങൾ വഹ്‌യ് /ദിവ്യസന്ദേശം ആണ്. ഇതിൽ പരാമർശിച്ച ‘ബലഹീനത’ എന്നത് അബൂബക്കർ(റ)വിന്റെ ഭരണകാലത്തിന്റെ കുറവിനെയും അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണത്തെയുമാണ് സൂചിപ്പിക്കുന്നത്.”
ജാബിർ ബിൻ സമുറ(റ)വിൽ നിന്ന് ത്വബറാനി(റ)യും അബൂ നുഐമും(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ അലി(റ)വിനോട് പറഞ്ഞു: “തീർച്ചയായും നീ ഭരണാധികാരിയാക്കപ്പെടും, ഖലീഫയാക്കപ്പെടും. നീ വധിക്കപ്പെടുകയും ചെയ്യും. തീർച്ചയായും ഇതും ഇതും കൊണ്ട് ചായം പൂശപ്പെടും അഥവാ രക്തത്തിൽ കുതിരും അതായത് അദ്ദേഹത്തിന്റെ തലയിൽ നിന്നുള്ള രക്തം കൊണ്ട് താടി രക്തവർണ്ണമാകും.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
