
അഹ്മദ്(റ), അബു യഅ്‌ലാ(റ), ത്വബ്റാനി(റ) എന്നിവർ അഫീഫ് അൽ കിന്ദി(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: ഞാൻ മക്കയിൽ വരികയും കച്ചവടം നടത്തുന്നതിനായി അബ്ബാസി(റ)ന്റെ അടുത്ത് ചെല്ലുകയും ചെയ്തു. മിനായിൽ ഞാൻ അദ്ദേഹത്തോടൊപ്പം ഇരിക്കുമ്പോൾ, അടുത്തുള്ള ഒരു കൂടാരത്തിൽ നിന്ന് ഒരാൾ പുറത്തുവന്നു. അവിടുന്ന് ആകാശത്തേക്ക് നോക്കി. സൂര്യൻ ചരിഞ്ഞതായി കണ്ടപ്പോൾ നിസ്കരിക്കാൻ നിന്നു. പിന്നീട് ഒരു സ്ത്രീ പുറത്തുവന്ന് ആ വ്യക്തിയുടെ പിന്നിലായി നിസ്കരിക്കാൻ നിന്നു. അതിനുശേഷം ഒരു ആൺകുട്ടി വന്ന് ഒപ്പം നിസ്കാരത്തിൽ പങ്കുചേർന്നു.
ഞാൻ അബ്ബാസി(റ)നോട് ചോദിച്ചു: “എന്താണ് ഇത്?”
അബ്ബാസ് പറഞ്ഞു: “ഇത് എന്റെ സഹോദരന്റെ മകൻ മുഹമ്മദ്ﷺ ആണ്. ആ സ്ത്രീ അവരുടെ ഭാര്യ ഖദീജ(റ)യും, ആ കുട്ടി പിതൃസഹോദര പുത്രൻ അലി(റ)യുമാണ്. താൻ ഒരു പ്രവാചകനാണെന്ന് അവിടുന്ന് വാദിക്കുന്നു. ഭാര്യയും ഈ പിതൃസഹോദര പുത്രനുമല്ലാതെ മറ്റാരും ആ ആദർശം സ്വീകരിച്ചിട്ടില്ല. കിസ്‌റയുടെയും ഖൈസറിന്റെയും നിധികൾ അവർക്ക് കീഴടക്കപ്പെടുമെന്നും അവിടുന്ന് വാദിക്കുന്നുണ്ട്.”
ഉമ്മു സലമ(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ അരുളി: “നിങ്ങൾക്ക് ചില ഭരണാധികാരികൾ ഉണ്ടാകും; അവരുടെ ചില പ്രവൃത്തികളെ നിങ്ങൾ അനുകൂലിക്കുകയും ഇസ്‌ലാമിക ദൃഷ്ട്യാ ശരിയെന്ന് മനസ്സിലാക്കുകയും മറ്റു ചിലതിനെ നിങ്ങൾ എതിർക്കുകയും തെറ്റാണെന്ന് മനസ്സിലാക്കുകയും ചെയ്യും. അപ്പോൾ ആര് അതിനെ അഥവാ അവരുടെ തിന്മകളെ മനസ്സുകൊണ്ട് വെറുക്കുന്നുവോ അവൻ കുറ്റവിമുക്തനായി. ആര് അതിനെ എതിർക്കുന്നുവോ അവൻ രക്ഷപ്പെട്ടു. എന്നാൽ അതിൽ തൃപ്തിപ്പെടുകയും അവരെ പിന്തുടരുകയും ചെയ്തവനാണ് ശിക്ഷാർഹൻ.” അപ്പോൾ അനുചരന്മാർ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേﷺ, ഞങ്ങൾക്ക് അവരോട് യുദ്ധം ചെയ്തുകൂടേ?” തിരുനബിﷺ പറഞ്ഞു: “അവർ നിസ്കാരം നിർവഹിക്കുന്നിടത്തോളംകാലം വേണ്ട.” ഇമാം മുസ്‌ലിം(റ), അബു ദാവൂദ്(റ) എന്നിവർ നിവേദനം ചെയ്തിട്ടുണ്ട്.
അർഫജ(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “എനിക്ക് ശേഷം അനേകം കുഴപ്പങ്ങളും ഫിത്‌നകളും ഉണ്ടാകും. അതിനാൽ, മുസ്‌ലിം കൂട്ടായ്മയിൽ നിന്ന് ഭിന്നിച്ചുമാറുകയും, മുഹമ്മദ് നബിﷺയുടെ സമുദായത്തിന്റെ ഐക്യത്തെ തകർക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവനെ അവൻ ആരായിരുന്നാലും നിങ്ങൾ വധിച്ചുകളയുക. തീർച്ചയായും അല്ലാഹുവിന്റെ സഹായം ജമാഅത്തിന്റെ മേലുണ്ട്. ജമാഅത്തിൽ നിന്ന് ഭിന്നിച്ചുമാറുന്നവന്റെ കൂടെ പിശാച് ഓടിക്കൊണ്ടിരിക്കുന്നു.”
ഇമാം നസാഈ(റ) നിവേദനം ചെയ്ത ഈ ഹദീസ് ഒരു മുസ്ലിം ഭരണസംവിധാനത്തോട് ആഭ്യന്തര സുരക്ഷയ്ക്ക് വേണ്ടി നിർദേശിച്ചിട്ടുള്ളതാണെന്ന് വ്യക്തമാണല്ലോ.
ഉബാദത്ത് ബിൻ സ്വാമിത്(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ അരുളി: “എനിക്ക് ശേഷം നിങ്ങളുടെ മേൽ ചില ഭരണാധികാരികൾ വരും. അവർ നിങ്ങൾക്ക് പരിചിതമായ നല്ല കാര്യങ്ങൾ കൽപ്പിക്കുകയും, എന്നാൽ നിങ്ങൾ വെറുക്കുന്ന തിന്മയായ കാര്യങ്ങൾ പ്രവർത്തിക്കുകയും ചെയ്യും. അങ്ങനെയുള്ളവർ നിങ്ങളുടെ യഥാർത്ഥ നേതാക്കളല്ല.” ഇമാം ത്വബറാനി(റ) – അൽ കബീറിൽ ഉദ്ധരിച്ച നിവേദനമാണിത്.
അബു യഅ്‌ലാ(റ) മുസ്‌നദിലും, ത്വബറാനി(റ) അൽ കബീറിലും ഉദ്ധരിക്കുന്നു. മുആവിയ(റ) നിവേദനം ചെയ്തു. തിരുനബിﷺ പറഞ്ഞു. “എനിക്ക് ശേഷം ചില ഭരണാധികാരികൾ വരും. അവർ സംസാരിക്കും, എന്നാൽ അവരുടെ വാക്കുകളെ ആരും തിരുത്തുകയോ ചോദ്യം ചെയ്യുകയോ ഇല്ല. കുരങ്ങുകൾ ഒന്നിന് പുറകെ ഒന്നായി ചാടിവീഴുന്നത് പോലെ അവർ നരകത്തിലേക്ക് വീണുകൊണ്ടിരിക്കും.”
ഔൻ ബിൻ അബീ ജുഹൈഫ(റ) അദ്ദേഹത്തിന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു. “ഖുറൈശികളിൽ പെട്ട പന്ത്രണ്ട് ഖലീഫമാർ കഴിഞ്ഞുപോകുമ്പോഴേക്കും എന്റെ ഉമ്മത്തിന്റെ കാര്യങ്ങൾ നേരായ രീതിയിൽ ശക്തിയോടെ നിലനിൽക്കും.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
