
പേർഷ്യൻ രാജാവ് കിസ്‌റയുടെയും റോമൻ രാജാവ് ഖൈസറിന്റെയും നാശത്തെക്കുറിച്ചും, അവർക്ക് ശേഷം മറ്റൊരു കിസ്‌റയോ ഖൈസറോ ഉണ്ടാവില്ലെന്നും അവരുടെ നിധികൾ അല്ലാഹുവിന്റെ മാർഗത്തിൽ വിനിയോഗിക്കപ്പെടുമെന്നും തിരുനബിﷺ പ്രവചിച്ച ചില നിവേദനങ്ങൾ നമുക്ക് വായിക്കാം.
ഇമാം അഹ്മദ്(റ), ബുഖാരി(റ), മുസ്ലിം(റ), ഇബ്നു ഹിബ്ബാൻ(റ) എന്നിവർ ജാബിർ ബിൻ സമുറ(റ)യിൽ- നിന്നും, അതുപോലെ ഇമാം അഹ്മദ്(റ), ശൈഖാനി(റ), തിർമിദി(റ), ഖത്തീബ്(റ) എന്നിവർ അബു സഈദ് അൽ ഖുദ്രി(റ)യിൽ നിന്നും നിവേദനം ചെയ്യുന്നു. തിരുനബിﷺ അരുളി:
“കിസ്‌റ നശിച്ചാൽ, അവന് ശേഷം മറ്റൊരു കിസ്‌റ ഉണ്ടാവുകയില്ല. ഖൈസർ നശിച്ചാൽ, അവന് ശേഷം മറ്റൊരു ഖൈസറും ഉണ്ടാവുകയില്ല. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണെ സത്യം! തീർച്ചയായും അവരുടെ നിധികൾ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചിലവഴിക്കപ്പെടുക തന്നെ ചെയ്യും.”
അബു ദാവൂദ്(റ), തയാലിസി(റ), മുസ്ലിം(റ), ഇബ്നു ഹിബ്ബാൻ(റ), ഹാകിം(റ) എന്നിവർ ജാബിർ ബിൻ സമുറ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു. തിരുനബിﷺ പറഞ്ഞു. “മുസ്‌ലിംകളിൽ പെട്ട ഒരു സംഘം ആളുകൾ വെള്ളക്കൊട്ടാരത്തിലുള്ള കിസ്‌റയുടെ നിധികൾ കീഴടക്കുക തന്നെ ചെയ്യും.” ജാബിർ(റ) പറയുന്നു. ഞാനും എന്റെ പിതാവും ആ സംഘത്തിൽ ഉണ്ടായിരുന്നു. അതിൽ നിന്ന് ആയിരം ദിർഹം ഞങ്ങൾക്ക് ലഭിക്കുകയുണ്ടായി.
ഹസൻ ബിൻ സുഫ്യാനും(റ), അബൂ നുഐം(റ) ‘അൽ-ഹില്യ’യിലും അബ്ദുല്ലാഹി ബിൻ ഹവാല(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: തിരുനബിﷺ പറഞ്ഞു. “നിങ്ങൾ സന്തോഷിക്കുക! അല്ലാഹു സത്യം! ഐശ്വര്യത്തിന്റെ കുറവിനേക്കാൾ അത് വർദ്ധിക്കുന്നതിനെക്കുറിച്ചാണ് എനിക്ക് നിങ്ങളിൽ കൂടുതൽ ഭയമുള്ളത്. അല്ലാഹു സത്യം! പേർഷ്യയും, റോമും, യമനിലെ ഹിംയറും നിങ്ങൾക്ക് കീഴടക്കപ്പെടുന്നത് വരെയും, നിങ്ങൾ മൂന്ന് സൈന്യങ്ങളായി മാറുന്നത് വരെയും ഈ അധികാരം നിങ്ങളിൽ നിലനിൽക്കുക തന്നെ ചെയ്യും: ഒരു സൈന്യം സിറിയയിലും ഒരു സൈന്യം ഇറാഖിലും, ഒരു സൈന്യം യമനിലും. അന്ന് സമ്പത്ത് വർദ്ധിക്കുന്നത് കാരണം ഒരു മനുഷ്യന് നൂറ് ദീനാർ നൽകപ്പെട്ടാൽ പോലും അവൻ അതിൽ അതൃപ്തി പ്രകടിപ്പിക്കുന്ന അവസ്ഥയുണ്ടാകും.”
ഇമാം മുസ്ലിം(റ) അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: തിരുനബിﷺ പറഞ്ഞു. “കിസ്‌റ നശിച്ചുപോയിരിക്കുന്നു, ഇനി അവന് ശേഷം മറ്റൊരു കിസ്‌റ ഉണ്ടാവുകയില്ല. ഖൈസറും തീർച്ചയായും നശിക്കും, അവന് ശേഷവും മറ്റൊരു ഖൈസർ ഉണ്ടാവുകയില്ല. തീർച്ചയായും അവരുടെ നിധികൾ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചിലവഴിക്കപ്പെടുക തന്നെ ചെയ്യും.”
ബുഖാരി(റ)യും മുസ്ലിമും(റ) അബൂഹുറൈറ(റ)യിൽ നിന്ന് തന്നെ നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “കിസ്‌റ നശിച്ചാൽ, അവന് ശേഷം മറ്റൊരു കിസ്‌റ ഉണ്ടാവുകയില്ല. ഖൈസർ നശിച്ചാൽ, അവന് ശേഷം മറ്റൊരു ഖൈസറും ഉണ്ടാവുകയില്ല. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണെ സത്യം! തീർച്ചയായും അവരുടെ നിധികൾ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചിലവഴിക്കപ്പെടുക തന്നെ ചെയ്യും.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
