Tweet 1427

    Tweet 1427
    May 11, 2026 • Monday
    Post Header

    അബ്ദുല്ലാഹി ബിൻ ഹവാല(റ)യിൽ നിന്ന് ത്വബറാനി(റ)യും ബൈഹഖി(റ)യും നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു: “സന്തോഷിക്കുക! അല്ലാഹുവാണെ സത്യം! വിഭവങ്ങളുടെ ദൗർലഭ്യത്തേക്കാൾ അവയുടെ ആധിക്യത്തെയാണ് ഞാൻ ഭയപ്പെടുന്നത്. അല്ലാഹു പേർഷ്യയും റോമും ഹിംയറും കീഴടക്കിത്തരുന്നത് വരെ ഈ അധികാരം നിങ്ങളുടെ ഇടയിൽ നിലനിൽക്കും. അങ്ങനെ മുസ്ലീംകൾ മൂന്ന് സൈന്യങ്ങളാകും: ഒന്ന് ശാമിലും, ഒന്ന് ഇറാഖിലും, ഒന്ന് യമനിലും. ഒരാൾക്ക് നൂറ് ദീനാർ നൽകപ്പെട്ടാൽ പോലും അയാൾ അതിൽ അസംതൃപ്തനാകുന്ന അവസ്ഥ വരും.” അപ്പോൾ ചോദിക്കപ്പെട്ടു: “റോമൻ കരുത്തുള്ളപ്പോൾ നമുക്ക് എങ്ങനെ ശാമിനെ ലഭിക്കാനാണ്?” അവിടുന്നു പറഞ്ഞു: “അല്ലാഹു സത്യം! അല്ലാഹു അത് നിങ്ങൾക്ക് കീഴടക്കി തരും. നിങ്ങളെ അവിടെ പിൻഗാമികളാക്കും. അവസാനം വെള്ള വസ്ത്രധാരികളായ അമുസ്‌ലിംകൾ പോലും നിങ്ങളിലെ ഒരു കറുത്ത മനുഷ്യന്റെ മുന്നിൽ ആജ്ഞകൾക്കായി കാത്തുനിൽക്കുന്ന അവസ്ഥയുണ്ടാകും. ഇന്ന് നിങ്ങൾ അവരുടെ കണ്ണിൽ ഒട്ടകത്തിന്റെ പുറത്തുള്ള ഉണ്ണികളേക്കാൾ നിസ്സാരന്മാരാണെങ്കിലും അന്ന് സ്ഥിതി മാറും.” അബ്ദുല്ലാഹി ബിൻ ഹവാല(റ) പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, ആ കാലം ഞാൻ കാണുകയാണെങ്കിൽ എനിക്കായി ഒരു സ്ഥലം എനിക്ക് തിരഞ്ഞെടുത്ത് തന്നാലും.” അവിടുന്ന് പറഞ്ഞു: “ഞാൻ നിനക്ക് ശാമിനെ തിരഞ്ഞെടുക്കുന്നു. അത് അല്ലാഹുവിന്റെ ഭൂമിയിലെ ഉത്തമ ഭാഗമാണ്. തന്റെ അടിമകളിൽ ഉത്തമരെ അവൻ അങ്ങോട്ട് കൊണ്ടുവരും.”

    ഇബ്നു അബീ ഹാത്തിം(റ), ഖതീബ് ബഗ്ദാദി(റ) തുടങ്ങിയവർ നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “നിങ്ങൾ ഖസ്‌വിനിൽ യുദ്ധം ചെയ്യുക. അത് സ്വർഗത്തിലേക്കുള്ള കവാടങ്ങളിൽ വെച്ച് ഉന്നതമായ ഒന്നാണ്.”

    അബൂ സുർഅ പറഞ്ഞു: “ഖസ്‌വിനെക്കുറിച്ച് വന്ന ഹദീസുകളിൽ ഏറ്റവും സ്വീകാര്യമായ നിവേദനം ആണിത്.

    അബൂഹുറൈറ(റ)വിൽ നിന്ന് റാഫിഈ(റ) റിപ്പോർട്ട് ചെയ്യുന്നു, തിരുനബിﷺ പറഞ്ഞു. “അതിർത്തി ഗ്രാമങ്ങളിൽ വെച്ച് ഏറ്റവും ഉത്തമമായത് ഭാവിയിൽ കീഴടക്കപ്പെടാനിരിക്കുന്ന ‘ഖസ്‌വീൻ’ എന്ന പ്രദേശമാണ്. പ്രതിഫലം ഇച്ഛിച്ചുകൊണ്ട് ആരെങ്കിലും അവിടെ ഒരു രാത്രി ചിലവഴിച്ചാൽ അവൻ ശഹീദായി മരിക്കുകയും, സ്വർഗത്തിൽ പ്രവേശിക്കുന്നത് വരെ നബിമാരുടെയും സിദ്ദീഖീങ്ങളുടെയും കൂടെ പുനർജന്മം നൽകപ്പെടുകയും ചെയ്യും.”

    ബുഖാരി(റ)യും ഹാകിമും(റ) ഔഫ് ബിൻ മാലിക്(റ)വിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു, തിരുനബിﷺ പറഞ്ഞു:
    “അന്ത്യദിനത്തിന് മുമ്പായി ആറ് കാര്യങ്ങൾ നീ എണ്ണിക്കൊള്ളുക: എന്റെ മരണം. ബൈത്തുൽ മുഖദ്ദസ് കീഴടക്കൽ. ആടുകളെ ബാധിക്കുന്ന രോഗം പോലെ പെട്ടെന്ന് മനുഷ്യരെ പിടികൂടുന്ന മരണം. സമ്പത്തിന്റെ അതിപ്രസരം. അറബികളുടെ എല്ലാ വീടുകളിലും പ്രവേശിക്കുന്ന ഒരു ഫിത്‌ന. നിങ്ങളും ബനൂ അസ്‌ഫറും അഥവാ റോമക്കാരും തമ്മിലുള്ള സമാധാന കരാർ. പിന്നീട് അവർ അത് ലംഘിക്കുകയും, എൺപത് കൊടികൾക്ക് കീഴിലായി അവർ നിങ്ങൾക്കെതിരെ വരികയും ചെയ്യും. ഓരോ കൊടിക്ക് കീഴിലും പന്തീരായിരം സൈനികർ ഉണ്ടാകും.”

    മുആദ്(റ)വിൽ നിന്നുള്ള സമാനമായ മറ്റൊരു റിപ്പോർട്ടിലും ഈ ആറ് കാര്യങ്ങൾ പരാമർശിക്കുന്നുണ്ട്. അതിൽ ഒരാൾക്ക് ആയിരം ദീനാർ നൽകിയാലും അവൻ അതൃപ്തി കാണിക്കുമെന്നും, ഓരോ മുസ്ലിമിന്റെ വീട്ടിലും ആ കുഴപ്പത്തിന്റെ ചൂട് എത്തുമെന്നും അധികമായി പറയുന്നുണ്ട്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...