Tweet 1403

    Tweet 1403
    April 17, 2026 • Friday
    Post Header

    വാഖിദി(റ), ഉബയ്യ് ബിൻ അബ്ബാസ് ബിൻ സഹ്ല് ബിൻ സഅദ് അസ്സായിദി(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: അബൂ ഉസൈദ്(റ), അബൂ ഹുമൈദ്(റ), അബൂ സഹ്ല് ബിൻ സഅദ്(റ) എന്നിവരുൾപ്പെടെ തിരുനബിﷺയുടെ അനുചരന്മാരിൽ പലരും ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു:
    “തിരുനബിﷺ ബിഅ്റു ബുദാഅ’ അഥവാ ബുദാഅ കിണർ എന്ന സ്ഥലത്ത് വന്നു. അവിടുന്ന് അവിടുത്തെ ബക്കറ്റിലെ വെള്ളത്തിൽ വുളൂഅ് ചെയ്യുകയും ബാക്കി വെള്ളം കിണറ്റിലേക്ക് തന്നെ തിരിച്ചു ഒഴിക്കുകയും ചെയ്തു. മറ്റൊരിക്കൽ അവിടുന്ന് അവിടുത്തെ വായിലെ വെള്ളം ബക്കറ്റിലേക്ക് ഒഴിക്കുകയും അതിൽ ഉമിനീർ കലർത്തുകയും ചെയ്തു. ശേഷം ആ കിണറ്റിലെ വെള്ളം കുടിക്കുകയും ചെയ്തു.”

    തിരുനബിﷺയുടെ കാലത്ത് ആരെങ്കിലും രോഗബാധിതരായാൽ അവിടുന്ന് പറയുമായിരുന്നു: “അവനെ ബുദാഅ കിണറ്റിലെ വെള്ളം കൊണ്ട് കുളിപ്പിക്കുക.” അങ്ങനെ കുളിപ്പിച്ചാൽ, കെട്ടഴിച്ചു വിട്ട ഒട്ടകത്തെപ്പോലെ വേഗത്തിൽ അവർ രോഗമുക്തരാകുമായിരുന്നു.

    ഹൻദല ബിൻ ഖൈസി(റ)ൽ നിന്ന് ഹാക്കിം(റ) റിപ്പോർട്ട് ചെയ്യുന്നു: അബ്ദുല്ലാഹിബ്നു ആമിർ ബിൻ കുറൈസി(റ)നെ തിരുനബിﷺയുടെ അടുക്കൽ കൊണ്ടുവരപ്പെട്ടു. അവിടുന്ന് അദ്ദേഹത്തിന്റെ മേൽ ഉമിനീർ പുരട്ടുകയും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. അപ്പോൾ അബ്ദുല്ലാഹ്(റ) തിരുനബിﷺയുടെ ഉമിനീർ ഇറക്കാൻ തുടങ്ങി. അവിടുന്ന് പറഞ്ഞു: “ഇദ്ദേഹം തീർച്ചയായും സുഖം പ്രാപിക്കും.” പിന്നീട് അദ്ദേഹം തരിശുഭൂമികളിൽ വെള്ളത്തിനായി പരീക്ഷിക്കുമ്പോഴെല്ലാം അവിടെ വെള്ളം ഉറവെടുക്കുമായിരുന്നു.

    താബിത് ബിൻ ഖൈസ് ബിൻ ശമ്മാസി(റ)നെക്കുറിച്ച് ഹാക്കിം(റ) റിപ്പോർട്ട് ചെയ്യുന്നു. താബിത് തന്റെ ഭാര്യ ജമീല ബിൻത് അബ്ദുല്ലാഹി ബിൻ ഉബയ്യുമായി വേർപിരിഞ്ഞു. അന്ന് അവർ മുഹമ്മദ് എന്ന് പേരുള്ള കുഞ്ഞിനെ ഗർഭം ധരിച്ചിരുന്നു. കുഞ്ഞ് ജനിച്ചപ്പോൾ അവനെ മുലയൂട്ടുകയില്ലെന്ന് അവർ സത്യം ചെയ്തു. അപ്പോൾ തിരുനബിﷺ ആ കുഞ്ഞിനെ വിളിക്കുകയും കുഞ്ഞിന്റെ വായിൽ ഉമിനീർ പുരട്ടുകയും അജ്‌വ ഈത്തപ്പഴം കൊണ്ട് ‘തഹ്‌നീക്’ അഥവാ മധുരം നൽകുകകയും ചെയ്തു. അവിടുന്ന് അവന് ‘മുഹമ്മദ്’ എന്ന് പേരിട്ടു. ശേഷം പറഞ്ഞു: “ഇവനെ കൊണ്ടുപോവുക, അല്ലാഹു ഇവന് ഭക്ഷണം നൽകും.”

    താബിത്(റ) പറയുന്നു: ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും ദിവസം ഞാൻ അവനെ നോക്കി. അപ്പോഴതാ ഒരു അറേബ്യൻ സ്ത്രീ താബിത് ബിൻ ഖൈസി(റ)നെ അന്വേഷിച്ചു വരുന്നു. ഞാൻ ചോദിച്ചു: “താങ്കൾക്ക് അദ്ദേഹത്തിൽ നിന്ന് എന്താണ് വേണ്ടത്?” അവർ പറഞ്ഞു: “താബിതി(റ)ന്റെ മുഹമ്മദ് എന്ന് പേരുള്ള മകനെ ഞാൻ മുലയൂട്ടുന്നതായി സ്വപ്നം കണ്ടു.” ഞാൻ പറഞ്ഞു: “ഞാനാണ് താബിത്(റ), ഇതാണ് എന്റെ മകൻ മുഹമ്മദ്.” അപ്പോൾ ആ സ്ത്രീയുടെ സ്തനങ്ങളിൽ നിന്ന് പാൽ ചുരന്നൊഴുകുന്നുണ്ടായിരുന്നു.

    ബൈഹഖി(റ) അബൂഖതാദ(റ)യിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: ‘ദി ഖറദ്’ യുദ്ധദിവസം അബൂഖതാദ(റ)യുടെ മുഖത്ത് അമ്പേറ്റ പാടിൽ തിരുനബി ﷺ ഉമിനീർ പുരട്ടി. അദ്ദേഹം പറയുന്നു: “അതിനുശേഷം ആ മുറിവ് ഒരിക്കലും എനിക്ക് വേദനയുണ്ടാക്കുകയോ പഴുക്കുകയോ ചെയ്തിട്ടില്ല.”

    അബ്ദു ബിൻ ഹുമൈദ്(റ) ഇക്രിമ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: ഇബ്നുൽ അശ്റഫിനെ വധിച്ച യുദ്ധത്തിൽ കഴുത്തിന് താഴെ വാളുകൊണ്ട് മുറിവേറ്റ സെയ്ദ് ബിൻ മുആദി(റ)ന്റെ കാലിൽ തിരുനബിﷺ ഉമിനീർ പുരട്ടുകയും അത് സുഖപ്പെടുകയും ചെയ്തു.

    വാഖിദി(റ) ഇതേ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും സെയ്ദ് ബിൻ മുആദി(റ)ന് പകരം ‘ഹാരിസ് ബിൻ ഔസ്’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

    ഇബ്നു അസാക്കിർ(റ) ബിശ്റ് ബിൻ അഖ്‌റബ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: ഉഹ്‌ദ് യുദ്ധത്തിൽ എന്റെ പിതാവ് കൊല്ലപ്പെട്ടപ്പോൾ ഞാൻ കരഞ്ഞുകൊണ്ട് തിരുനബിﷺയുടെ അടുക്കൽ ചെന്നു. അപ്പോൾ അവിടുന്ന് ചോദിച്ചു: “ഞാൻ നിന്റെ പിതാവായും ആഇശ(റ) നിന്റെ മാതാവായും ആയിരിക്കുന്നതിൽ നീ തൃപ്തനല്ലേ?” ശേഷം അവിടുന്ന് എന്റെ തലയിൽ തലോടി. തിരുനബിﷺയുടെ തിരുകരം സ്പർശിച്ച ഭാഗത്തെ മുടി കറുത്തതായും ബാക്കി ഭാഗം വെളുത്തതായും മാറി. എനിക്ക് സംസാരത്തിൽ ഒരു വിക്ക് ഉണ്ടായിരുന്നു. അവിടുന്ന് എന്റെ വായിൽ ഉമിനീർ പുരട്ടിയതോടെ ആ വിക്ക് മാറിക്കിട്ടി.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...