Tweet 1402

    Tweet 1402
    April 16, 2026 • Thursday
    Post Header

    അസ്മാ ബിൻത് അബൂബക്കർ(റ) ഹജ്ജാജ് ബിൻ യൂസുഫി(റ)നോട് ഇപ്രകാരം പറഞ്ഞതായി അബുൽ ഖാസിം അൽ-ബഗവി(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ കൊമ്പ് വെക്കുകയും ആ രക്തം എന്റെ മകൻ അബ്ദുല്ലാഹിബ്നു സുബൈറി(റ)ന് നൽകുകയും ചെയ്തു. അദ്ദേഹം അത് കുടിച്ചു. ജിബ്‌രീൽ(അ) വന്ന് തിരുനബിﷺയെ വിവരമറിയിച്ചു. അവിടുന്ന് ചോദിച്ചു: “നീ എന്താണ് ചെയ്തത്?” അദ്ദേഹം പറഞ്ഞു: “അങ്ങയുടെ രക്തം ഒഴുക്കിക്കളയാൻ എനിക്ക് തോന്നിയില്ല.” അപ്പോൾ നബിﷺ പറഞ്ഞു: “നിന്നെ നരകാഗ്നി സ്പർശിക്കില്ല.” അവിടുന്ന് അദ്ദേഹത്തിന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു: “ജനങ്ങൾ കാരണം നിനക്കും, നീ കാരണം ജനങ്ങൾക്കും പ്രയാസം ഉണ്ടാകാനിരിക്കുന്നു.”

    അബൂയഅ്‌ല അംറ് ബിൻ ഹുറൈസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: “എന്റെ ഉമ്മ എന്നെയും കൂട്ടി റസൂൽﷺയുടെ അടുക്കൽ പോയി. അവിടുന്ന് എന്റെ തലയിൽ തലോടുകയും എനിക്ക് ഉപജീവനത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു.”

    അബൂയഅ്‌ല(റ)യും ബസ്സാറും(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു സുബൈർ(റ) തിരുനബിﷺ കൊമ്പ് വെക്കുന്ന സമയത്ത് അവിടുത്തെ അടുക്കൽ വന്നു. അത് കഴിഞ്ഞപ്പോൾ തിരുനബിﷺ പറഞ്ഞു: “അബ്ദുല്ലാഹ്(റ), ഈ രക്തം കൊണ്ടുപോയി ആരും കാണാത്ത ഒരിടത്ത് ഒഴുക്കിക്കളയുക.” അവിടുത്തെ അടുത്തുനിന്ന് മാറിയപ്പോൾ അദ്ദേഹം ആ രക്തം കുടിച്ചു. തിരികെ വന്നപ്പോൾ തിരുനബിﷺ ചോദിച്ചു: “അബ്ദുല്ലാഹ്, നീ എന്താണ് ചെയ്തത്?” അദ്ദേഹം പറഞ്ഞു: “ജനങ്ങൾ കാണില്ലെന്ന് ഉറപ്പുള്ള ഒരിടത്ത് ഞാനത് വെച്ചു.” അവിടുന്ന് ചോദിച്ചു: “നീ അത് കുടിച്ചോ?” അദ്ദേഹം ‘അതെ’ എന്ന് മറുപടി നൽകി. അപ്പോൾ അവിടുന്ന് പറഞ്ഞു: “രക്തം കുടിക്കാൻ നിന്നോട് ആരാണ് കല്പിച്ചത്? ജനങ്ങൾ കാരണം നിനക്കും, നീ കാരണം ജനങ്ങൾക്കും പ്രയാസങ്ങൾ ഉണ്ടാകാനിരിക്കുന്നു.

    അബൂ സലമ(റ) പറയുന്നു: അദ്ദേഹത്തിന് ലഭിച്ച ആ കരുത്തും ധീരതയും ആ ദിവസം മുതൽ ഉണ്ടായതാണെന്ന് അവർ കരുതിയിരുന്നു.

    അബൂയഅ്‌ല(റ) ഉമ്മു അയ്മൻ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: റസൂൽﷺ വീടിന്റെ ഒരു വശത്തുള്ള മൺപാത്രത്തിൽ മൂത്രമൊഴിച്ചു. രാത്രിയിൽ എനിക്ക് ദാഹിച്ചപ്പോൾ അതിലുള്ളത് എന്താണെന്ന് അറിയാതെ ഞാനതെടുത്ത് കുടിച്ചു. രാവിലെയായപ്പോൾ തിരുനബിﷺ പറഞ്ഞു: “ഉമ്മു അയ്മൻ, എഴുന്നേറ്റ് ആ മൺപാത്രത്തിലുള്ളത് ഒഴുക്കിക്കളയുക.” അവർ പറഞ്ഞു: “അല്ലാഹുവാണെ സത്യം! ഞാനത് കുടിച്ചുപോയി.” അപ്പോൾ തിരുനബിﷺ തന്റെ അണപ്പല്ലുകൾ പുറത്തുകാണുംവിധം ചിരിക്കുകയും ഇപ്രകാരം പറയുകയും ചെയ്തു: “ഇന്നത്തെ ദിവസത്തിന് ശേഷം നിനക്ക് വയറുസംബന്ധമായ ഒരു രോഗവും പിടിപെടുകയില്ല.”

    ഇമാം ത്വബറാനി(റ) അബൂ അഖീൽ അദ്ദൈലി(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: “ഞാൻ റസൂൽﷺയുടെ അടുക്കൽ വരികയും അവിടുത്തെ വിശ്വസിക്കുകയും സത്യപ്പെടുത്തുകയും ചെയ്തു. അവിടുന്ന് എനിക്ക് അല്പം ‘സവീഖ്’ അഥവാ ധാന്യപ്പൊടി ചേർത്ത പാനീയം കുടിക്കാൻ നൽകി. തിരുനബിﷺ അതിന്റെ ആദ്യഭാഗം കുടിക്കുകയും ബാക്കി ഞാൻ കുടിക്കുകയും ചെയ്തു. എനിക്ക് ദാഹം അനുഭവപ്പെടുമ്പോഴെല്ലാം എന്റെ ഹൃദയത്തിൽ അതിന്റെ ആർദ്രതയും തണുപ്പും വെയിലേറ്റു നൽക്കുമ്പോൾ അതിന്റെ കുളിർമയും ഇപ്പോഴും ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നു.”

    ഖാസിം ബിൻ സാബിത്ത്(റ) തന്റെ ‘അദ്ദലാഇൽ’ എന്ന ഗ്രന്ഥത്തിൽ ഇബ്നു അഖീൽ(റ)വിൽ നിന്ന് ഇപ്രകാരം നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: “തിരുനബിﷺ എന്നെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ഞാൻ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. അവിടുന്ന് കുടിച്ചതിന്റെ ബാക്കി സവീഖ് എനിക്ക് കുടിക്കാൻ നൽകി. പിന്നീട് എപ്പോഴൊക്കെ എനിക്ക് ദാഹിച്ചുവോ അപ്പോഴെല്ലാം ആ പാനീയത്തിന്റെ ദാഹശമനവും, വിശന്നപ്പോഴെല്ലാം അതിന്റെ വയർ നിറഞ്ഞ സംതൃപ്തിയും എനിക്ക് അനുഭവപ്പെട്ടുകൊണ്ടേയിരുന്നു.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...