Tweet 1404

    Tweet 1404
    April 18, 2026 • Saturday
    Post Header

    ത്വബ്റാനി(റ) ജർഹദി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: ഒരിക്കൽ ജർഹദ്(റ) തിരുനബിﷺയുടെ അടുക്കൽ വന്നു. അവടുത്തെ മുന്നിൽ ഭക്ഷണമുണ്ടായിരുന്നു. ജർഹദി(റ)ന്റെ വലതുകൈക്ക് പരിക്കേറ്റതിനാൽ അദ്ദേഹം ഇടതുകൈ നീട്ടി. അപ്പോൾ തിരുനബിﷺ ആ മുറിവേറ്റ കൈയിൽ ഊതുകയും, മരണം വരെ പിന്നീട് ആ കൈക്ക് ഒരു പ്രയാസവും അദ്ദേഹം അനുഭവിച്ചതുമില്ല.

    ഇമാം ഹുമൈദി(റ) വിശ്വസ്തരായ നിവേദകർ വഴി വാഇൽ ബിൻ ഹുജ്‌റി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺയുടെ അടുക്കൽ ഒരു ബക്കറ്റ് സംസം വെള്ളം കൊണ്ടുവരപ്പെട്ടു. അവിടുന്ന് അതിൽ നിന്ന് കുടിക്കുകയും വുളൂഅ് ചെയ്യുകയും ചെയ്തു. ശേഷം വായിലെ വെള്ളം ആ ബക്കറ്റിലേക്ക് തന്നെ ഉമിഞ്ഞു. അതിന് കസ്തൂരിയെക്കാൾ സുഗന്ധമുണ്ടായിരുന്നു. മൂക്കിൽ വെള്ളം കയറ്റി ചീറ്റിയത് ബക്കറ്റിന് പുറത്തേക്കായിരുന്നു.

    ത്വബ്റാനി(റ)യും ഇബ്നു അസാക്കിറും(റ) അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: ഞങ്ങൾ തിരുനബിﷺയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. വഴിമധ്യേ ഹസനും(റ) ഹുസൈനും(റ) കരയുന്ന ശബ്ദം അവിടുന്ന് കേട്ടു. തിരുനബിﷺ ഫാത്വിമ(റ)യോട് ചോദിച്ചു: “എന്റെ മക്കൾക്ക് എന്തുപറ്റി?” അവർ പറഞ്ഞു: “ദാഹം കാരണമാണ്” അവിടുന്ന് ജനങ്ങളോട് ചോദിച്ചു: “നിങ്ങളുടെ പക്കൽ വെള്ളമുണ്ടോ?” ആരുടെയും പക്കൽ ഒരു തുള്ളി വെള്ളം പോലും ഉണ്ടായിരുന്നില്ല. അപ്പോൾ അവിടുന്ന് പറഞ്ഞു: “അവരിൽ ഒരാളെ എനിക്ക് തരൂ.” തിരശ്ശീലയ്ക്ക് പിന്നിലൂടെ ഫാത്വിമ(റ) കുഞ്ഞിനെ നൽകി. നിർത്താതെ കരയുകയായിരുന്ന കുഞ്ഞിനെ അവിടുന്ന് നെഞ്ചോട് ചേർത്തു. തിരുനബിﷺ തന്റെ നാവ് നീട്ടിക്കൊടുക്കുകയും കുഞ്ഞ് അത് നുണയുകയും ചെയ്തു. അതോടെ കുഞ്ഞ് ശാന്തനായി, കരച്ചിൽ നിർത്തി. മറ്റേ കുഞ്ഞ് അപ്പോഴും കരയുന്നുണ്ടായിരുന്നു. അവിടുന്ന് പറഞ്ഞു: “രണ്ടാമത്തെ കുഞ്ഞിനെയും തരൂ.” രണ്ടാമത്തെ ആളോടും അപ്രകാരം തന്നെ ചെയ്തു. അതോടെ രണ്ടുപേരും ശാന്തരായി, പിന്നീട് അവരുടെ കരച്ചിൽ കേട്ടിട്ടില്ല.

    തിരുനബിﷺയുടെ മുഅ്ജിസത്തുകളിൽ നിന്ന് ഈത്തപ്പനക്കുലയുടെ തണ്ട് പ്രകാശിച്ച സംഭവങ്ങളിൽ ചിലത് വായിക്കുകയാണ്. ത്വബ്റാനി(റ), ഇമാം അഹ്‌മദ്(റ), അബൂ നുഐം(റ) എന്നിവർ സ്വഹീഹായ പരമ്പരയിലൂടെ ഖതാദത്ത് ബിൻ നുഅ്മാൻ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: “അങ്ങേയറ്റം ഇരുട്ടുള്ള ഒരു രാത്രിയിൽ ഞാൻ പുറത്തിറങ്ങി. ഞാൻ ചിന്തിച്ചു: അല്ലാഹുവിന്റെ തിരുനബിﷺയുടെ അടുത്തു പോയി അവിടുത്തോടൊപ്പം നിസ്കാരത്തിൽ പങ്കെടുക്കുകയും, എന്റെ സാന്നിധ്യം കൊണ്ട് അവിടുത്തേക്ക് അല്പം ആശ്വാസം പകരുകയും ചെയ്താലോ എന്ന്.

    മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: തിരുനബിﷺയോടൊപ്പം ഇശാഅ് നിസ്കാരത്തിൽ പങ്കെടുക്കാനുള്ള അവസരം വിനിയോഗിക്കണമെന്ന് കരുതി ഞാൻ പള്ളിയിലെത്തി. ഞാൻ പള്ളിയിൽ പ്രവേശിച്ചപ്പോൾ ആകാശത്ത് മിന്നലുണ്ടായി. അപ്പോൾ തിരുനബിﷺ എന്നെ കണ്ടു ചോദിച്ചു: ഖതാദാ എന്തേ ഈ സമയത്ത് ഇവിടെ? ഞാൻ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരെﷺ, എന്റെ മാതാപിതാക്കൾ അങ്ങേക്ക് പകരമാകട്ടെ! ഞാൻ അങ്ങേക്ക് ഒരു കൂട്ടിനായി വന്നതാണ്.’ തിരുനബിﷺ നിസ്കാരം കഴിഞ്ഞു മടങ്ങുമ്പോൾ അവിടുത്തെ കയ്യിൽ ഒരു ഈത്തപ്പനക്കുലയുടെ തണ്ട് ഉണ്ടായിരുന്നു. അവിടുന്ന് പറഞ്ഞു: നീ ഈ തണ്ട് എടുത്തുകൊള്ളുക, ഇതിനെ ഒരു ആയുധമായി കരുതിക്കൊള്ളുക. നീ പുറത്തിറങ്ങിയാൽ ഇത് നിന്റെ മുന്നിൽ പത്തടി ദൂരവും പിന്നിൽ പത്തടി ദൂരവും പ്രകാശിപ്പിച്ചു തരും.’

    മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണ്: തിരുനബിﷺ പറഞ്ഞു: ‘നിന്റെ അഭാവത്തിൽ പിശാച് നിന്റെ കുടുംബത്തിൽ പ്രവേശിച്ചിട്ടുണ്ട്. അതിനാൽ നീ ഈ തണ്ടുമായി പോവുക. നിന്റെ വീടെത്തുന്നത് വരെ ഇതുകൊണ്ട് വെളിച്ചം കണ്ടെത്തുക. വീടിന്റെ മൂലയിൽ ചെന്ന് ഇതുകൊണ്ട് അവനെ നേരിടുക.’ തുടർന്ന് അവിടുന്ന് എന്നോട് പറഞ്ഞു: ‘നീ വീട്ടിൽ പ്രവേശിച്ചാൽ നിന്റെ വീടിന്റെ വിരികൾക്കിടയിൽ പരുപരുത്ത കല്ലുപോലെ ഒന്നിനെ കാണാം. അത് പിശാചാണ്.’

    ഖതാദ(റ) പറയുന്നു: “ഞാൻ പുറത്തിറങ്ങിയപ്പോൾ ആ തണ്ട് ഒരു മെഴുകുതിരി പോലെ എനിക്ക് പ്രകാശം നൽകി. ഞാൻ ആ പ്രകാശത്തിൽ നടന്നു വീട്ടിലെത്തി. വീട്ടുകാർ ഉറങ്ങിക്കഴിഞ്ഞിരുന്നു. ഞാൻ വീടിന്റെ മൂലയിൽ നോക്കിയപ്പോൾ അവിടെ ഒരു മുള്ളൻപന്നിയെപ്പോലെ ഒന്നിനെ കണ്ടു. അത് പുറത്തുപോകുന്നത് വരെ ആ തണ്ടുകൊണ്ട് ഞാൻ അതിനെ അടിച്ചുകൊണ്ടിരുന്നു.”
    മറ്റൊരു നിവേദനത്തിൽ: “അത് എന്റെ വീട്ടിൽ നിന്ന് പുറത്തുപോകുന്നത് വരെ പരുപരുത്ത കല്ലുപോലെയുള്ള അതിനെ ഞാൻ അടിച്ചു.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...