
തിരുനബിﷺയുടെ മുഅ്ജിസത്തുകളെ കുറിച്ചുള്ള അദ്ധ്യായത്തിൽ സംസാരശേഷിയില്ലാത്തവർക്കും വിക്കുള്ളവർക്കും തിരുനബിﷺ നൽകിയ ശമനം സംബന്ധിച്ച ചില നിവേദനങ്ങളാണ് നാം വായിക്കുന്നത്. വാക്കുകൾ ഉച്ചരിക്കാൻ പ്രയാസമുള്ളവർക്കും അഥവാ അബ്കം, സംസാരത്തിൽ വിക്കുള്ളവർക്കും /റുത്തഃ, മുഖം കോടിപ്പോകുന്ന രോഗമുള്ളവർക്കും /ലഖ്‌വഃ തുടങ്ങിയവർക്ക് ശമനം നൽകിയത് വ്യത്യസ്ത നിവേദനങ്ങളിലുണ്ട്.
ഇമാം ബൈഹഖി(റ) ശിമിർ ബ്നു അതിയ്യ(റ)യിൽ നിന്നും അദ്ദേഹം തന്റെ ഗുരുനാഥന്മാരിൽ നിന്നും നിവേദനം ചെയ്യുന്നു. വളർച്ചയെത്തിയ ഒരു കുട്ടിയുമായി ഒരു സ്ത്രീ തിരുനബിﷺയുടെ അടുക്കൽ വന്നു പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരെﷺ, ഇവൻ ജനിച്ചത് മുതൽ ഇതുവരെ സംസാരിച്ചിട്ടില്ല.” അപ്പോൾ അവിടുന്ന് ചോദിച്ചു: “ഞാൻ ആരാണ്?” അവൻ മറുപടി പറഞ്ഞു: “അങ്ങ് അല്ലാഹുവിന്റെ റസൂലാﷺണ്.” അഥവാ അതുവരെ സംസാരശേഷിയില്ലാത്ത കുട്ടി തിരുനബിﷺയുടെ പ്രവാചകത്വം പ്രഖ്യാപിച്ചുകൊണ്ട് സംസാരിച്ചു.
ബൈഹഖി(റ) മുഹൈഖിബ് അൽ-യമാമി(റ)യുടെ പരമ്പരയിലൂടെ നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: “ഞാൻ ഹജ്ജിന് പോയപ്പോൾ മക്കയിലെ ഒരു വീട്ടിൽ പ്രവേശിച്ചു. അവിടെ വച്ച് തിരുനബിﷺയെ കണ്ടു. അന്ന് ഞാൻ വലിയൊരു അത്ഭുതം ദർശിച്ചു. യമാമയിൽ നിന്നുള്ള ഒരാൾ ജനിച്ച ദിവസം തന്നെ ഊമയായ ഒരു കുഞ്ഞുമായി തിരുനബിﷺയുടെ അടുത്തു വന്നു. നബിﷺ ആ കുഞ്ഞിനോട് ചോദിച്ചു: ‘ഞാൻ ആരാണ്?’ ആ കുഞ്ഞ് പറഞ്ഞു: ‘അങ്ങ് അല്ലാഹുവിന്റെ റസൂലാﷺണ്’. തിരുനബിﷺ പറഞ്ഞു: ‘നീ സത്യം പറഞ്ഞു, അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ!’ പിന്നീട് ആ കുട്ടി വളരുന്നത് വരെ സംസാരിച്ചില്ല. ഞങ്ങൾ അവനെ ‘മുബാറക് അൽ-യമാമ’ അഥവാ യമാമയിലെ അനുഗൃഹീതൻ എന്ന് വിളിച്ചിരുന്നു.”
ഇബ്നു കസീർ(റ) പറയുന്നു: ഈ ഹദീസിന്റെ നിവേദകനായ മുഹമ്മദ് ബ്നു യൂനുസി(റ)നെ പണ്ഡിതന്മാർ വിമർശിച്ചിട്ടുണ്ടെങ്കിലും, ബുദ്ധിക്കോ ശരീഅത്തിനോ നിരക്കാത്ത ഒന്നല്ല ഇത്. മാത്രമല്ല, മറ്റ് പരമ്പരകളിലൂടെയും ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ബശീർ ബ്നു അഖ്‌റബ(റ)വിന്റെ അനുഭവം ഇമാം ഇസ്ഹാഖ് ബ്നു ഇബ്രാഹിം അൽ-റംലി(റ) നിവേദനം ചെയ്യുന്നു: ബശീർ ബ്നു അഖ്‌റബ അൽ-ജുഹനി(റ) പറഞ്ഞു: എന്റെ പിതാവ് അഖ്‌റബ(റ) എന്നെയും കൂട്ടി തിരുനബിﷺയുടെ അടുക്കൽ വന്നു. അവിടുന്ന് ചോദിച്ചു: “അഖ്‌റബാ(റ), നിന്റെ കൂടെയുള്ളത് ആരാണ്?” അദ്ദേഹം പറഞ്ഞു: “ഇത് എന്റെ മകൻ ബുഹൈർ ആണ്.” എന്നോട് അടുത്തു വരാൻ പറഞ്ഞു. ഞാൻ അവിടുത്തെ വലതുഭാഗത്ത് ഇരുന്നു. തിരുനബിﷺ എന്റെ തലയിൽ തടവിക്കൊണ്ട് ചോദിച്ചു: “നിന്റെ പേരെന്താണ്?” ഞാൻ പറഞ്ഞു: “ബുഹൈർ.” അവിടുന്ന് പറഞ്ഞു: “അല്ല, നിന്റെ പേര് ബശീർ എന്നാണ്.” ബശീർ(റ) തുടർന്നു: “എന്റെ നാവിന് ഒരു വിക്കുണ്ടായിരുന്നു. അപ്പോൾ തിരുനബിﷺ എന്റെ വായിലേക്ക് ഉമിനീർ പുരട്ടുകയും ഊതുകയും ചെയ്തു. അതോടെ എന്റെ നാവിന്റെ കെട്ടഴിഞ്ഞു, വിക്ക് മാറി. തിരുനബിﷺ എന്റെ തലയിൽ എവിടെയാണോ കൈവെച്ചത്, ആ ഭാഗം ഒഴികെ മറ്റെല്ലാ ഭാഗത്തെയും മുടി നരച്ചു വെളുത്തു. അവിടുത്തെ തിരുകരം സ്പർശിച്ച ഇടം മാത്രം കറുപ്പായി തന്നെ തുടർന്നു.”
ഇബ്‌നു സഅദ്(റ) ഇക്രിമ(റ), സുഹ്‌രി(റ), ആസിം ബ്നു അംറ് ബ്നു ഖതാദ(റ) എന്നിവരിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: മുഖവ്വിസ് ബ്നു മഅ്ദീ കരിബ്(റ) തിരുനബിﷺയോട് പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, എന്റെ സംസാരത്തിലുള്ള വിക്ക് മാറ്റിത്തരാൻ അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും.” തിരുനബിﷺ പ്രാർത്ഥിക്കുകയും അദ്ദേഹത്തിന്റെ വിക്ക് മാറുകയും ചെയ്തു.
ഇബ്‌നു അബീ ഉബൈദി(റ)ൽ നിന്നുള്ള മറ്റൊരു റിപ്പോർട്ട് ഇപ്രകാരമാണ്: മുഖവ്വിസ് ബ്നു മഅ്ദീ കരിബ്(റ) ഒരു സംഘത്തോടൊപ്പം തിരുനബിﷺയെ സന്ദർശിക്കാനായി വന്നു. അവിടെ നിന്ന് മടങ്ങിയപ്പോൾ അദ്ദേഹത്തിന് മുഖം കോടിപ്പോകുന്ന രോഗം (Facial Palsy) ബാധിച്ചു. ഉടനെ അവരിൽ ഒരു സംഘം തിരുനബിﷺയുടെ അടുത്തേക്ക് മടങ്ങിച്ചെന്ന് പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരെﷺ, അറബികളുടെ നേതാവായ അദ്ദേഹത്തിന് മുഖം കോടിപ്പോകുന്ന രോഗം ബാധിച്ചിരിക്കുന്നു. ഇതിനുള്ള ഒരു മരുന്ന് ഞങ്ങൾക്ക് പറഞ്ഞുതന്നാലും.” അപ്പോൾ തിരുനബിﷺ പറഞ്ഞു:
“നിങ്ങൾ ഒരു നൂലെടുത്ത് അത് തീയിലിട്ടു ചൂടാക്കുക. ശേഷം അതുകൊണ്ട് അദ്ദേഹത്തിന്റെ കണ്ണിന്റെ ഇമയുടെ വശത്ത് ചികിത്സാ രീതിയിൽ വെക്കുക. അതിൽ ശമനമുണ്ട്, ആ രോഗത്തിന്റെ പരിഹാരം അങ്ങനെയാണ് ഉണ്ടാവുക.” അവർ അപ്രകാരം ചെയ്തു, അദ്ദേഹത്തിന് രോഗശമനം ലഭിക്കുകയും ചെയ്തു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
