
അബൂ നുഐം(റ) ഇബ്‌നു അബ്ബാസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: ബദ്ർ യുദ്ധം കഴിഞ്ഞ് മടങ്ങുമ്പോൾ എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു. അപ്പോൾ തലയിൽ ഒരു പാത്രവുമായി ഒരു യഹൂദ സ്ത്രീ എന്റെ മുന്നിൽ വന്നു. അതിൽ ചുട്ട ഒരു ആട്ടിൻകുട്ടിയുണ്ടായിരുന്നു. അവൾ പറഞ്ഞു: “മുഹമ്മദ് നബിﷺയേ, തങ്ങളെ സുരക്ഷിതനാക്കിയ അല്ലാഹുവിന് സ്തുതി. സുരക്ഷിതമായി മദീനയിൽ തിരിച്ചെത്തിയാൽ ഒരു ആട്ടിൻകുട്ടിയെ അറുത്ത് ചുട്ടെടുത്ത് അവിടുത്തേക്ക് ഭക്ഷണമായി നൽകുമെന്ന് ഞാൻ അല്ലാഹുവിനോട് നേർച്ച നേർന്നിരുന്നു.” അപ്പോൾ അല്ലാഹു ആ ആട്ടിൻകുട്ടിയെ സംസാരിപ്പിച്ചു. അത് പറഞ്ഞു: “മുഹമ്മദ് നബിﷺയേ, എന്നെ ഭക്ഷിക്കരുത്, തീർച്ചയായും എന്നിൽ വിഷം കലർത്തിയിട്ടുണ്ട്.”
അബൂ ശൈഖും(റ) ഇബ്നു ഹിബ്ബാനും(റ) ഉബൈദ് ബിൻ മർസൂഖി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. മദീനയിൽ പള്ളി അടിച്ചുവാരി വൃത്തിയാക്കാറുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു. അവർ മരണപ്പെട്ടു. എന്നാൽ തിരുനബിﷺ ആ വിവരം അറിഞ്ഞിരുന്നില്ല. പിന്നീട് ഒരിക്കൽ തിരുനബിﷺ അവരുടെ ഖബറിനരികിലൂടെ നടന്നപ്പോൾ ചോദിച്ചു: “ഇത് ആരുടെ ഖബറാണ്?” അവർ പറഞ്ഞു: “ഉമ്മു മഹ്ജന്റേതാണ്.” തിരുനബിﷺ ചോദിച്ചു: “പള്ളി അടിച്ചുവാരാറുള്ള ആ സ്ത്രീയാണോ?” അവർ പറഞ്ഞു: “അതെ.” തുടർന്ന് തിരുനബിﷺ സ്വഹാബികളെ അണിനിരത്തി അവർക്ക് വേണ്ടി മയ്യിത്ത് നിസ്‌കരിച്ചു. ശേഷം തിരുനബിﷺ അവരോട് അഥവാ മയ്യിത്തിനോട് ചോദിച്ചു: “ഏത് കർമ്മമാണ് ഏറ്റവും ഉത്തമമായി നീ കണ്ടെത്തിയത്?”
അപ്പോൾ സ്വഹാബികൾ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേﷺ, അവർ പറയുന്നത് അങ്ങ് കേൾക്കുന്നുണ്ടോ?” തിരുനബിﷺ പറഞ്ഞു: “അവർ കേൾക്കുന്നതിനേക്കാൾ അധികമൊന്നും നിങ്ങൾ കേൾക്കുന്നില്ല. അല്ലെങ്കിൽ, അവർ നിങ്ങളേക്കാൾ നന്നായി കേൾക്കുന്നുണ്ട്.” അവർ അഥവാ ഉമ്മു മഹ്ജൻ മറുപടി നൽകിയതായി തിരുനബിﷺ സൂചിപ്പിച്ചു: “പള്ളി വൃത്തിയാക്കുന്നതാണ് ഏറ്റവും വലിയ പുണ്യമായി കണ്ടത്.”
ബദ്ർ യുദ്ധവേളയിൽ തിരുനബിﷺ കിണറ്റിലെ മൃതദേഹങ്ങളോട് സംസാരിച്ചതും, ‘ആത്മാവില്ലാത്ത ശരീരങ്ങളോടാണോ അങ്ങ് സംസാരിക്കുന്നത്’ എന്ന ഉമർ(റ)വിന്റെ ചോദ്യവും ഇവിടെ പ്രസക്തമാണ്. ഖതാദ(റ) പറഞ്ഞത്: “അവരെ അല്ലാഹു ജീവിപ്പിച്ചു, തിരുനബിﷺ പറയുന്നത് അവർക്ക് കേൾപ്പിച്ചു കൊടുത്തു; അവരെ ആക്ഷേപിക്കാനും ചെറുതാക്കാനും അവർക്ക് ഖേദമുണ്ടാക്കാനും വേണ്ടിയായിരുന്നു അത്.”
ഇമാം അഹ്മദ്(റ) അബൂ ഹുമൈദ് അസ്സായിദി(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. തബൂഖ് യുദ്ധദിവസം തിരുനബിﷺ പറഞ്ഞു: “നിങ്ങളിൽ ആരും തന്നെ കൂട്ടിനൊരാളില്ലാതെ തനിയെ പുറത്തുപോകരുത്.” തിരുനബിﷺ കൽപ്പിച്ചതുപോലെ ജനങ്ങൾ പ്രവർത്തിച്ചു. എന്നാൽ ബനൂ സാഇദ ഗോത്രത്തിലെ രണ്ട് പേരിൽ ഒരാൾ തന്റെ ആവശ്യത്തിന് വേണ്ടിയും മറ്റൊരാൾ തന്റെ ഒട്ടകത്തെ അന്വേഷിച്ചും പുറപ്പെട്ടു. തന്റെ ആവശ്യത്തിന് വേണ്ടി പോയ ആൾ അവിടെ വെച്ച് ശ്വാസം മുട്ടി വീണു. പിന്നീട് തിരുനബിﷺ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയും അദ്ദേഹം സുഖം പ്രാപിക്കുകയും ചെയ്തു.
ഇബ്‌നു അബീ ശൈബ(റ), ബൈഹഖി(റ), അബൂ നുഐം(റ) എന്നിവർ ഹബീബ് ബിൻ ഫുദൈകി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹത്തിന്റെ പിതാവ് ഫുദൈക്(റ) ഒരിക്കൽ തിരുനബിﷺയുടെ സന്നിധിയിലേക്ക് ചെന്നു. അന്ന് അദ്ദേഹത്തിന്റെ രണ്ട് കണ്ണുകളും വെളുത്ത് നിശ്ശേഷം കാഴ്ച നഷ്ടപ്പെട്ട നിലയിലായിരുന്നു. തിരുനബിﷺ അദ്ദേഹത്തോട് ചോദിച്ചു: “നിനക്ക് എന്താണ് സംഭവിച്ചത്?” “ഞാൻ അബദ്ധത്തിൽ ഒരു പാമ്പിന്റെ മുട്ടയിൽ ചവിട്ടാൻ ഇടയായി, അതോടെ എന്റെ കാഴ്ച നഷ്ടപ്പെട്ടു.” തുടർന്ന് തിരുനബിﷺ അദ്ദേഹത്തിന്റെ കണ്ണുകളിൽ ഊതി മന്ത്രിച്ചു. ഉടൻ തന്നെ അദ്ദേഹത്തിന് കാഴ്ച തിരിച്ചുലഭിച്ചു. ഹബീബ്(റ) പറയുന്നു. “പിന്നീട് അദ്ദേഹം സൂചിയിൽ നൂൽ കോർക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അന്ന് അദ്ദേഹത്തിന് എൺപത് വയസ്സായിരുന്നു. കാഴ്ച ലഭിച്ച ശേഷവും അദ്ദേഹത്തിന്റെ കണ്ണുകൾ വെളുത്തിട്ടു തന്നെയായിരുന്നു ഇരുന്നിരുന്നത്.”
ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) സഹ്ൽ ബിൻ സഅ്ദി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. ഖൈബർ യുദ്ധദിവസം തിരുനബിﷺ പ്രഖ്യാപിച്ചു. “നാളെ ഞാൻ ഈ പതാക ഒരു മനുഷ്യന് നൽകും, അദ്ദേഹത്തിന്റെ കൈകളിലൂടെ അല്ലാഹു വിജയം നൽകുന്നതാണ്.”
പിറ്റേന്ന് പ്രഭാതമായപ്പോൾ തിരുനബിﷺ ചോദിച്ചു: “അലിയ്യ് ബിൻ അബീ ത്വാലിബ്(റ) എവിടെ?” അദ്ദേഹത്തിന് കണ്ണ് വേദനയാണെന്ന് സ്വഹാബികൾ മറുപടി നൽകി. തിരുനബിﷺ പറഞ്ഞു: “അദ്ദേഹത്തെ വിളിച്ച് കൊണ്ടുവരൂ.” അലി(റ) വന്നപ്പോൾ തിരുനബിﷺ അദ്ദേഹത്തിന്റെ കണ്ണുകളിൽ ഉമിനീർ പുരട്ടുകയും പ്രാർത്ഥിക്കുകയും ചെയ്തു. ഉടൻ തന്നെ അദ്ദേഹത്തിന്റെ വേദന പൂർണ്ണമായും മാറി. മുമ്പ് വേദനയേ ഉണ്ടായിരുന്നില്ല എന്ന് തോന്നിപ്പിക്കും വിധം അദ്ദേഹം സുഖം പ്രാപിച്ചു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
