Tweet 1389

    Tweet 1389
    April 3, 2026 • Friday
    Post Header

    തിരുനബിﷺയുടെ അത്ഭുതപ്രവൃത്തികളിൽ /മുഅ്ജിസത്തുകളിൽ വ്രണം, മുഴ, ശരീരം പൊള്ളുന്ന അവസ്ഥ എന്നിങ്ങനെയുള്ള രോഗങ്ങളിൽ നിന്ന് ശമനം ലഭിച്ച ചില നിവേദനങ്ങൾ കൂടി നമുക്ക് വായിക്കാം.

    മുഹമ്മദ് ബിൻ ഇബ്രാഹീമി(റ)ൽ നിന്ന് ബൈഹഖി(റ) റിപ്പോർട്ട് ചെയ്യുന്നു. ഒരാൾ തന്റെ കാലിലെ മാറാത്ത ഒരു വ്രണവുമായി തിരുനബിﷺയുടെ അടുക്കൽ വന്നു. വൈദ്യന്മാർക്ക് പോലും അത് ചികിത്സിച്ചു മാറ്റാൻ കഴിഞ്ഞിരുന്നില്ല. അപ്പോൾ തിരുനബിﷺ അവിടുത്തെ വിരലിൽ അല്പം ഉമിനീര് നനച്ച്, ആ വിരൽ മണ്ണിൽ വെച്ച് മണ്ണ് പുരട്ടി വ്രണത്തിന്മേൽ വെച്ചു. എന്നിട്ട് ഇപ്രകാരം പ്രാർത്ഥിച്ചു: “അല്ലാഹുവേ, നിന്റെ നാമത്തിൽ; ഞങ്ങളുടെ നാഥന്റെ അനുവാദത്തോടെ രോഗിക്ക് ശമനം ലഭിക്കാനായി ഞങ്ങളിൽ ഒരാളുടെ ഉമിനീരും ഞങ്ങളുടെ ഭൂമിയിലെ മണ്ണും ഇതാ ചേർക്കുന്നു.”

    രോഗശമനത്തിനു വേണ്ടി തിരുനബിﷺ സവിശേഷമായ പ്രാർത്ഥന നടത്തുകയായിരുന്നു ഇവിടെ.

    ശുറഹ്ബീൽ അൽ-ജുഹ്ഫി(റ) പറയുന്നു. എന്റെ ഉള്ളംകൈയിൽ ഒരു മുഴയുമായി ഞാൻ തിരുനബിﷺയുടെ അടുക്കൽ ചെന്നു. ഞാൻ പറഞ്ഞു. “അല്ലാഹുവിന്റെ ദൂതരേﷺ, ഈ മുഴ എന്നെ വല്ലാതെ പ്രയാസപ്പെടുത്തുന്നു. വാളും കുതിരയുടെ കടിഞ്ഞാണും പിടിക്കാൻ എനിക്കിത് തടസ്സമാകുന്നു.” അപ്പോൾ തിരുനബിﷺ എന്റെ ഉള്ളംകൈയിൽ ഊതുകയും അവിടുത്തെ കൈപ്പത്തി ആ മുഴയുടെ മേൽ വെച്ച് അത് അമർത്തി ഉഴിയുകയും ചെയ്തു. അവിടുന്ന് കൈ എടുത്തപ്പോഴേക്കും ആ മുഴയുടെ അടയാളം പോലും അവിടെ അവശേഷിച്ചിരുന്നില്ല.

    അബൂ സബ്റ(റ) എന്ന വ്യക്തിയും സമാനമായ പരാതിയുമായി തിരുനബിﷺയെ സമീപിച്ചിരുന്നു. അവിടുന്ന് ഒരു പാത്രം കൊണ്ടുവരാൻ ആവശ്യപ്പെടുകയും അത് മുഴയുള്ള ഭാഗത്ത് ഉരസുകയും ചെയ്തതോടെ അത് ഭേദമായി.

    അബ്യാദ് ബിൻ ഹമ്മാൽ(റ) എന്ന വ്യക്തിയുടെ മുഖത്ത് വ്രണങ്ങളോ തടിപ്പുകളോ ചില നിവേദനങ്ങളിൽ മൂക്കിനെ ബാധിച്ച അവസ്ഥ ഉണ്ടായിരുന്നു എന്നാണ്. തിരുനബിﷺ അദ്ദേഹത്തെ വിളിക്കുകയും അദ്ദേഹത്തിന്റെ മുഖത്ത് തടവുകയും ചെയ്തു. അന്നുമുതൽ ആ വ്രണത്തിന്റെ ഒരു അടയാളം പോലും അദ്ദേഹത്തിന്റെ മുഖത്ത് ബാക്കി ഉണ്ടായിരുന്നില്ല.

    ‘മുലാഇബ് അൽ-അസിന്ന(റ)’ എന്നറിയപ്പെട്ടിരുന്ന ആൾ തനിക്കുണ്ടായ ഒരു രോഗത്തിന് അഥവാ ആന്തരികമായുണ്ടാകുന്ന വ്രണത്തിന് ശമനം തേടി തിരുനബിﷺയുടെ അടുക്കൽ ഒരാളെ അയച്ചു. തിരുനബിﷺ ഭൂമിയിൽ നിന്ന് അല്പം മണ്ണ് എടുത്ത് അതിൽ ഉമിനീർ പുരട്ടി ആ ദൂതന് നൽകിയിട്ട് പറഞ്ഞു: “ഇത് വെള്ളത്തിൽ കലക്കി അദ്ദേഹത്തിന് കുടിക്കാൻ നൽകുക.” അദ്ദേഹം അത് ചെയ്തതോടെ രോഗശമനം ലഭിച്ചു.

    മറ്റൊരു നിവേദനത്തിൽ, lഅദ്ദേഹത്തിന് ഒരു പാത്രം തേൻ കൊടുത്തയച്ചുവെന്നും അത് കഴിച്ചതോടെ രോഗം മാറിയെന്നുമാണുള്ളത്.

    ഇമാം ബുഖാരി(റ) താരീഖിലും നസാഈ(റ), ത്വയാലിസി(റ), ഇബ്നു അബീ ശൈബ(റ), മുസദ്ദദ്(റ), അബു യഅ്‌ല(റ), ഇബ്നു ഹിബ്ബാൻ(റ), ഹാകിം(റ), ബൈഹഖി(റ) എന്നിവരും മുഹമ്മദ് ബിൻ ഹാതിബി(റ)ൽ നിന്ന്, അദ്ദേഹത്തിന്റെ ഉമ്മയായ ഉമ്മു ജമീലി(റ)ൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. അവർ പറഞ്ഞു:
    “ഞാൻ നിന്നെയും കൊണ്ട് അബിസീനിയയിൽ നിന്ന് വരികയായിരുന്നു. മദീനയിൽ എത്തുന്നതിന് ഒരു രാത്രി മുൻപ് ഞാൻ ഭക്ഷണം പാകം ചെയ്യുകയായിരുന്നു. അന്ന് വിറക് തീർന്നുപോയപ്പോൾ ഞാൻ വിറക് തേടി പുറത്തേക്ക് പോയി. ആ സമയം നീ പാത്രത്തിൽ പിടിക്കുകയും അത് നിന്റെ കൈപ്പത്തിയിലേക്ക് മറിയുകയും അങ്ങനെ കൈ പൊള്ളുകയും ചെയ്തു.
    തുടർന്ന് ഞാൻ നിന്നെയും കൊണ്ട് തിരുനബിﷺയുടെ അടുക്കൽ ചെന്നു. അവിടുന്ന് നിന്റെ കയ്യിൽ ഉമിനീർ പുരട്ടിക്കൊണ്ട് ഇപ്രകാരം പ്രാർത്ഥിച്ചു:
    ‘മനുഷ്യരുടെ രക്ഷിതാവായ അല്ലാഹുവേ, ഈ പ്രയാസം നീക്കേണമേ. നീ ശമിപ്പിക്കേണമേ, നീയത്രേ ശമനം നൽകുന്നവൻ. നിന്റെ ശമനമല്ലാതെ മറ്റൊരു ശമനവുമില്ല. ഒരു രോഗത്തെയും ബാക്കി നിർത്താത്ത വിധമുള്ള ശമനം നൽകേണമേ.’

    അവിടുത്തെ സന്നിധിയിൽ.നിന്ന് ഞാൻ നിന്നെയും കൊണ്ട് എഴുന്നേൽക്കുന്നതിന് മുൻപേ നിന്റെ കൈ സുഖപ്പെട്ടിരുന്നു.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...