Tweet 1386

    Tweet 1386
    March 31, 2026 • Tuesday
    Post Header

    അബൂ നുഐം(റ), കഅബ് ബിൻ മാലിക്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: ജാബിർ ബിൻ അബ്ദില്ല(റ) ഒരിക്കൽ തിരുനബിﷺയുടെ അടുക്കൽ ചെന്നു. അപ്പോൾ അവിടുത്തെ മുഖം ക്ഷീണിച്ചതായി കണ്ടു. ഉടനെ അദ്ദേഹം തന്റെ ഭാര്യയുടെ അടുത്തേക്ക് മടങ്ങിപ്പോയി ഇപ്രകാരം പറഞ്ഞു: “ഞാൻ തിരുനബിﷺയുടെ മുഖം മാറിയതായി കണ്ടു. അത് വിശപ്പ് കാരണമാണെന്നല്ലാതെ ഞാൻ കരുതുന്നില്ല.” തുടർന്ന്, തിരുനബിﷺ ഭക്ഷണം വർദ്ധിപ്പിച്ചു നൽകിയതിനെക്കുറിച്ചുള്ള ഹദീസ് അദ്ദേഹം വിവരിച്ചു. അതിൽ ഇപ്രകാരം കൂടി ചേർത്തു:

    തിരുനബിﷺ പറഞ്ഞു: “നിങ്ങൾ ഇത് ഭക്ഷിക്കുക, എല്ലുകൾ ഒടിക്കരുത്.” ശേഷം എല്ലുകളെല്ലാം പാത്രത്തിന്റെ മധ്യത്തിൽ കൂട്ടിയിട്ടു. അതിന്മേൽ കൈ വെച്ചുകൊണ്ട് എനിക്ക് കേൾക്കാൻ കഴിയാത്ത ചില വാക്കുകൾ മന്ത്രിച്ചു. പെട്ടെന്ന്, ആ ആട് അതിന്റെ ചെവികൾ കുടഞ്ഞുകൊണ്ട് എഴുന്നേറ്റു നിന്നു!
    അപ്പോൾ തിരുനബിﷺ പറഞ്ഞു: “ജാബിറേ(റ), നിന്റെ ആടിനെ എടുത്തുകൊള്ളുക. അല്ലാഹു നിനക്ക് ഇതിൽ ബർക്കത്ത് നൽകട്ടെ.” ജാബിർ(റ) പറയുന്നു: “ഞാൻ അതിനെ പിടിച്ചു കൊണ്ടുപോന്നു. ഞാൻ വീട്ടിലെത്തുന്നത് വരെ അത് എന്റെ കയ്യിൽ നിന്ന് കുതറി മാറാൻ ശ്രമിക്കുന്നുണ്ടായിരുന്നു. വീട്ടിലെത്തിയപ്പോൾ ഭാര്യ ചോദിച്ചു: ‘ജാബിറേ(റ), ഇതെന്താണ്?’ ഞാൻ പറഞ്ഞു: ‘അല്ലാഹുവാണെ സത്യം! ഇത് നമ്മൾ തിരുനബിﷺക്ക് വേണ്ടി അറുത്ത അതേ ആടാണ്. അവിടുന്ന് അല്ലാഹുവിനോട് പ്രാർത്ഥിച്ചു, അല്ലാഹു അതിന് ജീവൻ നൽകി!” അപ്പോൾ അവൾ പറഞ്ഞു: “അവിടുന്ന് അല്ലാഹുവിന്റെ ദൂതർ തന്നെയാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു.”

    അബൂ നുഐം(റ) ളംറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: ഒരു വ്യക്തിക്ക് ആടുകളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകൻ ആടിനെ കറന്നാൽ ഒരു പാത്രം പാലുമായി തിരുനബിﷺയുടെ അടുത്ത് വരുമായിരുന്നു. എന്നാൽ കുറെ ദിവസമായി തിരുനബിﷺ അവനെ കണ്ടില്ല. പിന്നീട് അവന്റെ പിതാവ് വന്നപ്പോൾ മകൻ മരണപ്പെട്ട വിവരം തിരുനബിﷺയെ അറിയിച്ചു.
    അപ്പോൾ അവിടുന്ന് ചോദിച്ചു: “അല്ലാഹു അവനെ നിനക്ക് വേണ്ടി പുനർജീവിപ്പിച്ചു തരണമെന്ന് നീ ആഗ്രഹിക്കുന്നുവോ? അതോ പരലോകത്തേക്ക് വേണ്ടി നീ ക്ഷമിക്കുമോ? എങ്കിൽ അന്ത്യനാളിൽ അവൻ നിന്റെ കൈപിടിച്ച് സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോവുകയും, സ്വർഗ്ഗത്തിന്റെ ഏത് കവാടത്തിലൂടെയും നിനക്ക് പ്രവേശിക്കുകയും ചെയ്യാം.”
    അപ്പോൾ ആ മനുഷ്യൻ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരെﷺ, എനിക്ക് അത് ലഭിക്കുമോ?” തിരുനബിﷺ പറഞ്ഞു: “അതെ, നിനക്കും എല്ലാ സത്യവിശ്വാസികൾക്കും അത് ലഭിക്കും.”

    ബൈഹഖി(റ) അബൂ സബ്‌റ അന്നുഖഈ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: യമനിൽ നിന്നൊരാൾ വരികയായിരുന്നു. വഴിമധ്യേ അയാളുടെ കഴുത ചത്തുപോയി. അദ്ദേഹം വുളൂഅ് ചെയ്ത് രണ്ട് റക്അത്ത് നിസ്കരിച്ചു. ശേഷം ഇപ്രകാരം പ്രാർത്ഥിച്ചു:
    “അല്ലാഹുവേ, നിന്റെ മാർഗ്ഗത്തിൽ ജിഹാദിനായും നിന്റെ പ്രീതി തേടിയുമാണ് ഞാൻ വന്നിരിക്കുന്നത്. നീ മരിച്ചവരെ ജീവിപ്പിക്കുമെന്നും ഖബറിലുള്ളവരെ പുനർജീവിപ്പിക്കുമെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. ഇന്ന് ആരുടെയും മുന്നിൽ എന്നെ നിന്ദ്യനാക്കരുത്. എന്റെ കഴുതയെ എനിക്ക് വേണ്ടി ജീവിപ്പിച്ചു തരണമെന്ന് ഞാൻ നിന്നോട് അപേക്ഷിക്കുന്നു. ഉടനെ ആ കഴുത ചെവികൾ കുടഞ്ഞുകൊണ്ട് എഴുന്നേറ്റു നിന്നു! ബൈഹഖി(റ) പറയുന്നു: ഇത്തരം സംഭവങ്ങൾ പ്രവാചകന്റെﷺ ഉമ്മത്തിൽ സംഭവിക്കുന്നത് പ്രവാചകത്വത്തിന്റെ തന്നെ ആദരവാണ്. ശഅ്ബി(റ) പറയുന്നു: “ആ കഴുതയെ പിന്നീട് ചന്തയിൽ വിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.” ഉമർ ബിൻ ഖത്വാബ്(റ)വിന്റെ കാലത്ത് നുഖഅ് ഗോത്രക്കാരനായ ഒരു വ്യക്തിക്കാണ് ഇത് സംഭവിച്ചത്.

    ബുഖാരി(റ)യും മുസ്‌ലിമും(റ) ഉൾപ്പെടെയുള്ള പ്രമുഖർ അബൂഹുറൈറ(റ), അനസ്(റ), ഇബ്നു അബ്ബാസ്(റ), ജാബിർ ബിൻ അബ്ദില്ല(റ) തുടങ്ങിയവരിൽ നിന്ന് നിവേദനം ചെയ്യുന്നു: ഖൈബർ വിജയിച്ചപ്പോൾ ഒരു യഹൂദ സ്ത്രീ തിരുനബിﷺക്ക് പൊരിച്ച ആട്ടിറച്ചി സമ്മാനമായി നൽകി. തിരുനബിﷺ അതിന്റെ മുൻകാലിന്റെ ഭാഗം എടുത്തു. കൂടെയുള്ളവരും കൈ നീട്ടിയപ്പോൾ തിരുനബിﷺ പറഞ്ഞു: “നിങ്ങളുടെ കൈകൾ പിൻവലിക്കുക! ഇതിൽ വിഷമുണ്ടെന്ന് ഇതിലെ അസ്ഥി എന്നോട് സംസാരിക്കുന്നു.”

    തുടർന്ന് ആ സ്ത്രീയെ വിളിച്ച് ചോദിച്ചു: “നീ ഇതിൽ വിഷം ചേർത്തോ?” അവൾ ചോദിച്ചു: “ആരാണ് നിങ്ങളോട് പറഞ്ഞത്?” അവിടുന്ന് കയ്യിലുള്ള അസ്ഥി ചൂണ്ടിക്കൊണ്ട് പറഞ്ഞു: “ഈ എല്ലിൻ കഷ്ണമാണ് എന്നോട് പറഞ്ഞത്.” അവൾ പറഞ്ഞു: “അതെ, ഞാൻ വിഷം ചേർത്തിട്ടുണ്ട്.” തിരുനബിﷺ ചോദിച്ചു: “എന്തിനാണ് നീ ഇത് ചെയ്തത്?”
    അവൾ പറഞ്ഞു: “ഞാൻ ഇപ്രകാരം കരുതി: അവിടുന്ന് ഒരു പ്രവാചകനാണെങ്കിൽ അല്ലാഹു ഇത് വെളിപ്പെടുത്തിത്തരും, അത് ഉപദ്രവിക്കില്ല. ഇനി പ്രവാചകനല്ലെങ്കിൽ ഞങ്ങൾക്ക് രക്ഷപ്പെടാമല്ലോ.”
    അപ്പോൾ തിരുനബിﷺ പറഞ്ഞു: “എന്നെ വധിക്കാൻ നിനക്ക് അല്ലാഹു അധികാരം നൽകിയിട്ടില്ല.” തുടർന്ന് അവിടുന്ന് അവൾക്ക് മാപ്പ് നൽകുകയും ശിക്ഷിക്കാതിരിക്കുകയും ചെയ്തു.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...