Tweet 1385

    Tweet 1385
    March 30, 2026 • Monday
    Post Header

    ആഇശ(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “നരകം അതിന്റെ ഒരറ്റം മറ്റൊന്നിനെ തകർക്കുന്നതായി അഥവാ തിരതല്ലുന്നതായി ഞാൻ കണ്ടു. കൂടാതെ, അംറ് ബിൻ ആമിർ അൽ-ഖുസാഇ തന്റെ കുടൽമാലകൾ നരകത്തിലൂടെ വലിച്ചിഴക്കുന്നത് ഞാൻ കണ്ടു. അവനാണ് ആദ്യമായി ‘സാഇബ’കളെ അഥവാ വിഗ്രഹങ്ങൾക്കായി മൃഗങ്ങളെ നേർച്ചയാക്കി അഴിച്ചുവിടുന്ന സമ്പ്രദായം തുടങ്ങിയത്.”

    ഇമാം അഹ്മദ് ജാബിർ ബിൻ അബ്ദുല്ലാഹ്(റ), ഉബയ്യ് ബിൻ കഅബ്(റ) എന്നിവരിൽ നിന്ന് നിവേദനം ചെയ്യുന്നു: ഞങ്ങൾ ളുഹ്ർ അല്ലെങ്കിൽ അസർ നിസ്കാരത്തിൽ തിരുനബിﷺയുടെ പിന്നിൽ വരിവരിയായി നിൽക്കുകയായിരുന്നു. നിസ്കാരത്തിനിടയിൽ അവിടുന്ന് മുന്നിലുള്ള എന്തോ ഒന്ന് പിടിക്കാനായി കൈനീട്ടുന്നത് ഞങ്ങൾ കണ്ടു. വീണ്ടും അത് പിടിക്കാനായി ആഞ്ഞു, എന്നാൽ തങ്ങളുടെയും അതിനും ഇടയിൽ മറയുണ്ടായി. പിന്നീട് പിന്നോട്ട് നീങ്ങി, അപ്പോൾ ഞങ്ങളും പിന്നോട്ട് നീങ്ങി. രണ്ടാമതും പിന്നോട്ട് നീങ്ങി, അപ്പോൾ ഞങ്ങളും പിന്നോട്ട് നീങ്ങി. നിസ്കാരം കഴിഞ്ഞപ്പോൾ ഉബയ്യ് ബിൻ കഅബ്(റ) ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരെﷺ, അങ്ങ് മുമ്പ് ചെയ്യാത്ത ചില കാര്യങ്ങൾ ഇന്ന് നിസ്കാരത്തിൽ ചെയ്യുന്നത് ഞങ്ങൾ കണ്ടു.” അവിടുന്ന് പറഞ്ഞു: “സ്വർഗ്ഗവും അതിലെ സൗന്ദര്യവും സമൃദ്ധിയും എനിക്ക് കാണിക്കപ്പെട്ടു. നിങ്ങൾക്ക് കൊണ്ടുവരാനായി അതിൽ നിന്നൊരു മുന്തിരിക്കുല ഞാൻ പറിക്കാൻ നോക്കി. ഞാനത് എടുത്തിരുന്നെങ്കിൽ ആകാശഭൂമികൾക്കിടയിലുള്ള എല്ലാവരും ഭക്ഷിച്ചാലും അത് തീരുമായിരുന്നില്ല. എന്നാൽ എനിക്കും അതിനും ഇടയിൽ ഒരു മറയുണ്ടായി. പിന്നീട് എനിക്ക് നരകം കാണിക്കപ്പെട്ടു. അതിന്റെ ചൂട് അനുഭവപ്പെട്ടപ്പോൾ ഞാൻ പിന്നോട്ട് നീങ്ങി. അവിടെ ഞാൻ കണ്ടവരിലധികവും സ്ത്രീകളായിരുന്നു. അവർ രഹസ്യങ്ങൾ പരസ്യമാക്കുന്നവരും, ചോദിക്കപ്പെട്ടാൽ വിവരങ്ങൾ മറച്ചുവെക്കുന്നവരും, ലഭിച്ചാൽ നന്ദി കാണിക്കാത്തവരുമാണ്. അവിടെ ഞാൻ ലുഹയ്യ് ബിൻ അംറ് തന്റെ കുടൽമാലകൾ നരകത്തിൽ വലിച്ചിഴക്കുന്നത് കണ്ടു. ഞാൻ കണ്ടവരിൽ അയാളോട് ഏറ്റവും സാമ്യമുള്ളത് മഅ്ബദ് ബിൻ അക്തമി(റ)നെയാണ്.”
    അപ്പോൾ മഅ്ബദ്(റ) ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേﷺ, എന്നെ ഒരാളോട് സാദൃശ്യപ്പെടുത്തിയതിൽ എനിക്ക് ഭയപ്പെടാനുണ്ടോ? അയാൾ എന്റെ പിതാവാണല്ലോ.”
    തിരുനബിﷺ പറഞ്ഞു: “ഇല്ല, നീ സത്യവിശ്വാസിയാണ്, അവൻ സത്യനിഷേധിയും. അറബികളെ വിഗ്രഹാരാധനയ്ക്കായി ആദ്യം ഒരുമിച്ചുകൂട്ടിയത് അവനാണ്.”

    അത്ഭുതകരമായ രോഗശാന്തിയുടെയും പ്രാർത്ഥനയുടെയും നിവേദനങ്ങൾ കൂടി വായിക്കാം.
    ഇബ്നു അബിദ്ദുനിയ(റ), അബൂ നുഐം(റ), ബൈഹഖി(റ) എന്നിവർ അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു:
    ഞങ്ങൾ തിരുനബിﷺയുടെ അടുക്കൽ ‘സുഫ്ഫ’യിൽ ഇരിക്കുകയായിരുന്നു. അപ്പോൾ മദീനയിലേക്ക് ഹിജ്റ വന്ന അന്ധയായ ഒരു വൃദ്ധയും വളർച്ചയെത്തിയ മകനും അവിടെ വന്നു. താമസിയാതെ ആ യുവാവിന് മദീനയിലെ പകർച്ചവ്യാധി ബാധിച്ചു. ഏതാനും ദിവസത്തെ രോഗത്തിന് ശേഷം അദ്ദേഹം മരണപ്പെട്ടു. തിരുനബിﷺ അദ്ദേഹത്തിന്റെ കണ്ണുകൾ അടച്ചുകൊടുക്കുകയും ജനാസ സംസ്കാരത്തിന് ഒരുക്കങ്ങൾ ചെയ്യാൻ കൽപ്പിക്കുകയും ചെയ്തു. ഞങ്ങൾ കുളിപ്പിക്കാൻ ഒരുങ്ങിയപ്പോൾ തിരുനബിﷺ പറഞ്ഞു: “അനസേ(റ), നീ അവന്റെ ഉമ്മയുടെ അടുത്ത് ചെന്ന് വിവരം അറിയിക്കുക.” അനസ്(റ) പറയുന്നു: ഞാൻ അവരെ വിവരം അറിയിച്ചു. അവർ വന്ന് മകന്റെ കാല്ക്കൽ ഇരുന്നു. അവന്റെ പാദങ്ങളിൽ പിടിച്ചുകൊണ്ട് അവർ ഇപ്രകാരം പ്രാർത്ഥിച്ചു: “അല്ലാഹുവേ, ഞാൻ നിനക്ക് പൂർണ്ണമനസ്സോടെ കീഴ്പ്പെട്ടു. വിരക്തിയോടെ വിഗ്രഹങ്ങളെ ഉപേക്ഷിച്ചു. നിന്നിലേക്കുള്ള ആഗ്രഹത്താൽ ഹിജ്റ വന്നു. അല്ലാഹുവേ, വിഗ്രഹാരാധകർ എന്നെ പരിഹസിക്കാൻ, എന്റെ ദുരവസ്ഥയിൽ സന്തോഷിക്കാൻ നീ ഇടയാക്കരുതേ. താങ്ങാൻ കഴിയാത്ത ഈ വിപത്ത് എന്റെ മേൽ ചുമത്തരുതേ.” അനസ്(റ) പറയുന്നു: അല്ലാഹുവെ തന്നെ സത്യം! അവരുടെ പ്രാർത്ഥന അവസാനിക്കുന്നതിന് മുമ്പ് തന്നെ ആ യുവാവ് തന്റെ പാദങ്ങൾ ചലിപ്പിക്കുകയും മുഖത്തെ തുണി മാറ്റി എഴുന്നേൽക്കുകയും ചെയ്തു. അദ്ദേഹം ഭക്ഷണം കഴിച്ചു, ഞങ്ങളും അദ്ദേഹത്തോടൊപ്പം കഴിച്ചു. തിരുനബിﷺ വഫാത്താകുന്നത് വരെയും അദ്ദേഹത്തിന്റെ ഉമ്മ മരിക്കുന്നത് വരെയും അദ്ദേഹം ജീവിച്ചിരുന്നു.

    ഇമാം ബൈഹഖി(റ)യുടെ മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരം കാണാം: ഞങ്ങൾ അൻസ്വാരികളിൽപ്പെട്ട ഒരു യുവാവിനെ സന്ദർശിക്കാൻ പോയി. അദ്ദേഹത്തിന്റെ അടുത്ത് വൃദ്ധയായ ഉമ്മയുമുണ്ടായിരുന്നു. ഞങ്ങൾ അവിടെ ഇരിക്കെ തന്നെ അദ്ദേഹം മരണപ്പെട്ടു. ഞങ്ങൾ അദ്ദേഹത്തിന്റെ മുഖത്ത് തുണിയിട്ടു. അദ്ദേഹത്തിന്റെ ഉമ്മയോട് ഞങ്ങൾ പറഞ്ഞു: “താങ്കൾക്ക് ഉണ്ടായ ഈ വിപത്തിൽ അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം ഇച്ഛിക്കുക ,ക്ഷമിക്കുക. അവർ ചോദിച്ചു: “എന്റെ മകൻ മരിച്ചോ?” ഞങ്ങൾ പറഞ്ഞു: “അതെ.” അവർ പ്രാർത്ഥിച്ചു: “അല്ലാഹുവേ, ഓരോ പ്രയാസഘട്ടത്തിലും നീ എന്നെ സഹായിക്കുമെന്ന പ്രതീക്ഷയിൽ നിന്റെ അടുത്തേക്കും നിന്റെ പ്രവാചകനിﷺലേക്കും ഞാൻ ഹിജ്റ വന്നവളാണെന്ന് നിനക്കറിയാമെങ്കിൽ, ഈ വിപത്ത് ഇന്ന് എന്റെ മേൽ ചുമത്തരുതേ.” അനസ്(റ) പറയുന്നു: അല്ലാഹുവെ തന്നെ സത്യം! ഞങ്ങൾ അവിടെ നിന്ന് മാറും മുമ്പ് തന്നെ അദ്ദേഹം മുഖത്തെ തുണി മാറ്റുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. ഞങ്ങളും അദ്ദേഹത്തോടൊപ്പം കഴിച്ചു.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...