Tweet 1384

    Tweet 1384
    March 29, 2026 • Sunday
    Post Header

    ഇമാം ഹാക്കിം(റ) നിവേദനം ചെയ്യുന്നു: ഒരിക്കൽ തിരുനബിﷺയും ബിലാൽ(റ)വും നടന്നുപോകുമ്പോൾ അവിടുന്ന് ചോദിച്ചു: “ബിലാൽ(റ), ഞാൻ കേൾക്കുന്നത് നീ കേൾക്കുന്നുണ്ടോ?” അദ്ദേഹം പറഞ്ഞു: “ഇല്ല അല്ലാഹുവിന്റെ ദൂതരെﷺ, ഞാൻ ഒന്നും കേൾക്കുന്നില്ല.” അപ്പോൾ തിരുനബിﷺ പറഞ്ഞു: “ഖബറിലുള്ളവർ ശിക്ഷിക്കപ്പെടുന്നത് നീ കേൾക്കുന്നില്ലേ?” ഇമാം അഹ്മദ്(റ) സ്വഹീഹായ പരമ്പരയിലൂടെ ഇപ്രകാരം നിവേദനം ചെയ്തിട്ടുണ്ട്: “ഖബറിലുള്ള ആൾ ശിക്ഷിക്കപ്പെടുന്നു.” അതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ അതൊരു യഹൂദിയുടേതാണെന്ന് കണ്ടെത്തി.

    ഇബ്നു ഖുസൈമ(റ) തന്റെ ‘കിതാബുസ്സുന്ന’യിൽ അബൂ ഉമാമ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ മദീനയിലെ ഖബർസ്ഥാൻ ബഖീഉൽ ഗർഖദിൽ വരികയും പുതുതായി നിർമ്മിച്ച രണ്ട് ഖബറുകൾക്ക് അരികിൽ നിൽക്കുകയും ചെയ്തു. അവിടുന്ന് ചോദിച്ചു: “നിങ്ങൾ ഇവിടെ ഇന്ന പുരുഷനെയും ഇന്ന സ്ത്രീയെയും അല്ലെങ്കിൽ ഇന്നയിന്ന ആളുകളെയും ആണോ മറവുചെയ്തത്?” അവർ പറഞ്ഞു: “അതെ.” അപ്പോൾ തിരുനബിﷺ പറഞ്ഞു: “ഇപ്പോൾ ഒരാളെ ഇരുത്തി മർദ്ദിക്കുകയാണ്.” തുടർന്ന് പറഞ്ഞു: “എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം! മനുഷ്യരും ജിന്നുകളും ഒഴികെയുള്ള എല്ലാ സൃഷ്ടികളും കേൾക്കുമാറ് ഒരു അടി അവന് നൽകപ്പെട്ടു. നിങ്ങളുടെ ഹൃദയങ്ങൾ അശ്രദ്ധമാവുകയും നിങ്ങൾ സംസാരത്തിൽ അതിരുവിടുകയും ചെയ്തില്ലായിരുന്നുവെങ്കിൽ ഞാൻ കേൾക്കുന്നത് നിങ്ങളും കേൾക്കുമായിരുന്നു.”

    പിന്നീട് പറഞ്ഞു: “ഇപ്പോൾ മറ്റവനെ മർദ്ദിക്കുകയാണ്. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം! അവന്റെ എല്ലുകളെല്ലാം ഒടിയുമാറുള്ള ഒരു അടിയാണ് അവന് ലഭിച്ചത്. അവന്റെ ഖബർ അഗ്നിയാൽ നിറഞ്ഞിരിക്കുന്നു.” അനുചരന്മാർ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേﷺ, എന്താണ് അവരുടെ പാപം?” തിരുമേനിﷺ പറഞ്ഞു: “ഇവനാകട്ടെ മൂത്രത്തിൽ നിന്ന് ശുദ്ധി വരുത്തുന്നതിൽ ശ്രദ്ധിക്കുമായിരുന്നില്ല. മറ്റവൻ ആളുകളുടെ മാംസം ഭക്ഷിക്കുന്നവനായിരുന്നു അഥവാ പരദൂഷണം പറയുന്നവനായിരുന്നു.”

    ഇമാം അഹ്മദ്(റ) ആഇശ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: അവർ തിരുനബിﷺയോട് മുശ്രിക്കുകളുടെ കുട്ടികളെക്കുറിച്ച് പരാമർശിച്ചു. അപ്പോൾ തിരുമേനിﷺ പറഞ്ഞു: “നിനക്ക് വേണമെങ്കിൽ നരകത്തിൽ അവർ നിലവിളിക്കുന്നത് ഞാൻ കേൾപ്പിച്ചു തരാം.”
    ഇമാം അഹ്മദ്(റ) അബ്ദുല്ലാഹിബ്നു അംറ്(റ)വിൽ നിന്നും, ത്വബ്റാനി(റ) ഇമ്രാൻ ബിൻ ഹുസൈൻ(റ)വിൽ നിന്നും നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “ഞാൻ സ്വർഗ്ഗത്തിലേക്ക് നോക്കി, അവിടെയുള്ളവരിൽ അധികവും ദുർബലരും ദരിദ്രരുമാണെന്ന് കണ്ടു. ഞാൻ നരകത്തിലേക്ക് നോക്കി, അവിടെയുള്ളവരിൽ അധികവും സ്ത്രീകളാണെന്ന് കണ്ടു.” ഇമ്രാൻ(റ)വിന്റെ നിവേദനത്തിൽ ‘സ്ത്രീകൾ’ എന്നും ഇബ്നു അംറ്(റ)വിന്റെ നിവേദനത്തിൽ ‘സമ്പന്നർ’ എന്നുമാണുള്ളത്.

    ത്വബ്റാനി(റ) ഉഖ്ബത്ത് ബിൻ ആമിർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: ഞാൻ തിരുനബിﷺയോടൊപ്പം ഒരു ദിവസം നിസ്കരിച്ചു. അവിടുന്ന് നിർത്തം/ഖിയാം ദീർഘിപ്പിച്ചു. സാധാരണ ഞങ്ങൾക്ക് നേതൃത്വം നൽകി നിസ്കരിക്കുമ്പോൾ ലഘൂകരിക്കാറായിരുന്നു പതിവ്. തിരുനബിﷺ എന്തോ എടുക്കാനെന്നപോലെ കൈ നീട്ടുന്നത് ഞാൻ കണ്ടു, അതിന് ശേഷമാണ് റുകൂഅ് ചെയ്തത്. നിസ്കാരം കഴിഞ്ഞപ്പോൾ പറഞ്ഞു: “എന്റെ നിസ്കാരവും നിർത്തവും ദീർഘിച്ചത് നിങ്ങളെ അത്ഭുതപ്പെടുത്തിയെന്ന് എനിക്കറിയാം.” ഞങ്ങൾ പറഞ്ഞു: “അതെ ‘എന്റെ രക്ഷിതാവേ, ഞാൻ അവരോടൊപ്പമാണോ?’ എന്ന് അങ്ങ് പറയുന്നത് ഞങ്ങൾ കേട്ടു.”

    അപ്പോൾ തിരുനബിﷺ പറഞ്ഞു:
    “…എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം! പരലോകത്ത് നിങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ട യാതൊരു കാര്യവും എന്റെ ഈ നിൽപിൽ എനിക്ക് പ്രദർശിപ്പിക്കപ്പെടാതിരുന്നിട്ടില്ല. അവസാനം നരകം പോലും എനിക്ക് മുന്നിൽ ഹാജരാക്കപ്പെട്ടു. അത് മുന്നോട്ട് വന്ന് എന്റെ ഈ വിരിപ്പിന് അല്ലെങ്കിൽ കൂടാരത്തിന് അഭിമുഖമായി എത്തി. അത് നിങ്ങളെ പൊതിയുമോ എന്ന് ഞാൻ ഭയപ്പെട്ടു. അപ്പോൾ ഞാൻ ചോദിച്ചു: ‘എന്റെ രക്ഷിതാവേ, ഞാനും അവർക്കിടയിലുണ്ടോ?’ അപ്പോൾ അല്ലാഹു അതിനെ നിങ്ങളിൽ നിന്ന് തിരിച്ചുവിട്ടു. അത് പരവതാനി കഷ്ണങ്ങൾ പോലെ ചിതറി പിൻവാങ്ങി.

    അപ്പോൾ ഞാൻ അതിലേക്ക് ഒന്നു നോക്കി. ഗിഫാർ ഗോത്രക്കാരനായ ഇമ്രാൻ ബിൻ ഹർഥാൻ ബിൻ അൽ ഹാരിസിനെ തന്റെ വില്ലിന്മേൽ ചാരി നരകത്തിൽ ഇരിക്കുന്നത് ഞാൻ കണ്ടു. അവിടെ ഒരു ഹിംയരി സ്ത്രീയെയും ഞാൻ കണ്ടു. അവൾ ഒരു പൂച്ചയുടെ ഉടമയായിരുന്നു. അവൾ ആ പൂച്ചയെ കെട്ടിയിടുകയും അതിന് ഭക്ഷണം നൽകുകയോ വെള്ളം കുടിപ്പിക്കുകയോ ചെയ്തിരുന്നില്ല.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...