Tweet 1383

    Tweet 1383
    March 28, 2026 • Saturday
    Post Header

    ബർസഖ് അഥവാ മരണാനന്തര ലോകം, സ്വർഗ്ഗം, നരകം എന്നിവ. തിരുനബിﷺ ഈ ലോകത്ത് വെച്ച് ദർശിച്ച കാര്യങ്ങൾ വിവരിക്കുന്ന ചില ഹദീസുകളുടെ ആശയം കൂടി ഈ അധ്യായത്തിൽ നമുക്ക് വായിച്ചു പോകാനുണ്ട്.

    ഇമാം ഇബ്‌നു മാജ(റ) ഹുസൈൻ ബിൻ അലി(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺയുടെ മകൻ ഖാസിം മരണപ്പെട്ടപ്പോൾ ഖദീജ(റ) പറഞ്ഞു: “അല്ലാഹു അവനെ മുലകുടി പ്രായം പൂർത്തിയാകുന്നത് വരെ ജീവിപ്പിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോയി.” അപ്പോൾ തിരുനബിﷺ പറഞ്ഞു: “അവന്റെ മുലകുടി പൂർത്തിയാക്കപ്പെടുന്നത് സ്വർഗ്ഗത്തിലാണ്.” ഖദീജ(റ) പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, എനിക്കത് അറിഞ്ഞിരുന്നെങ്കിൽ അവന്റെ വേർപാടിലുള്ള പ്രയാസം കുറയുമായിരുന്നു.” തിരുനബിﷺ പറഞ്ഞു: “നിങ്ങൾക്ക് വേണമെങ്കിൽ അവന്റെ ശബ്ദം കേൾപ്പിക്കാൻ ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കാം.” അപ്പോൾ അവർ പറഞ്ഞു: “വേണ്ട, ഞാൻ അല്ലാഹുവിനെയും അവന്റെ റൂസൂലിﷺനെയും വിശ്വസിക്കുന്നു.”

    മുസ്‌ലിം(റ) സൈദ് ബിൻ സാബിത്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: ഒരിക്കൽ തിരുനബിﷺ ബനൂ നജ്ജാർ ഗോത്രത്തിന്റെ തോട്ടത്തിൽ കോവർകഴുതപ്പുറത്ത് പോവുകയായിരുന്നു. ഞങ്ങൾ കൂടെയുണ്ട്. പെട്ടെന്ന് കഴുത വിരണ്ടോടുകയും തിരുനബിﷺതാഴെ വീണുപോകുമോ എന്ന് ഞങ്ങൾ ഭയപ്പെടുകയും ചെയ്തു. അവിടെ ആറോ അഞ്ചോ ഖബറുകളുണ്ടായിരുന്നു. തിരുനബിﷺ ചോദിച്ചു: “ഈ ഖബറിലുള്ളവരെ ആർക്കെങ്കിലും അറിയുമോ?” ഒരാൾ പറഞ്ഞു: “എനിക്കറിയാം.” അവർ ജാഹിലിയ്യ കാലത്ത് മരണപ്പെട്ടവരാണെന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ തിരുനബിﷺ പറഞ്ഞു: “തീർച്ചയായും ഈ സമുദായം അവരുടെ ഖബറുകളിൽ പരീക്ഷിക്കപ്പെടും. നിങ്ങൾ മൃതദേഹങ്ങളെ മറവുചെയ്യാതിരിക്കില്ലായിരുന്നെങ്കിൽ ഖബറിലെ ശിക്ഷയിൽ നിന്ന് ഞാൻ കേൾക്കുന്നത് നിങ്ങളെയും കേൾപ്പിക്കാൻ ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുമായിരുന്നു.”

    ബുഖാരി(റ)യും മുസ്‌ലിമും(റ) ഇബ്‌നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ രണ്ട് ഖബറുകൾക്കരികിലൂടെ നടന്നുപോയപ്പോൾ പറഞ്ഞു: “തീർച്ചയായും ഇവർ രണ്ടാളും ശിക്ഷിക്കപ്പെടുകയാണ്. വലിയ കാര്യങ്ങളുടെ പേരിലൊന്നുമല്ല അവർ ശിക്ഷിക്കപ്പെടുന്നത്. അവരിലൊരാൾ മൂത്രത്തിൽ നിന്ന് ശുദ്ധി വരുത്തിയിരുന്നില്ല. മറ്റെയാൾ പരദൂഷണം പറഞ്ഞു നടന്നിരുന്നവനുമായിരുന്നു.

    ഇമാം ബുഖാരി(റ) അസ്മാഅ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: സൂര്യഗ്രഹണമുണ്ടായപ്പോൾ തിരുനബിﷺ നിസ്കരിച്ചു. ശേഷം അല്ലാഹുവിനെ സ്തുതിക്കുകയും പുകഴ്ത്തുകയും ചെയ്തുകൊണ്ട് ഇപ്രകാരം പറഞ്ഞു: “സ്വർഗ്ഗവും നരകവും ഉൾപ്പെടെ ഇതുവരെ ഞാൻ കാണാത്ത കാഴ്ചകൾ ഇവിടെവച്ച് എനിക്ക് ദർശിക്കാൻ അവസരമുണ്ടായി.”

    ഇമാം ബുഖാരി(റ) ഇബ്‌നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺയുടെ കാലത്ത് സൂര്യഗ്രഹണമുണ്ടായപ്പോൾ അവിടുന്ന് നിസ്കരിച്ചു. ശേഷം അവർ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേﷺ, അവിടുന്ന് നിൽക്കുന്നിടത്ത് നിന്ന് എന്തോ ഒന്ന് പിടിക്കാൻ ആഞ്ഞതായും പിന്നീട് പിന്നോട്ട് മാറിയതായും ഞങ്ങൾ കണ്ടു.” എന്തായിരുന്നു അത്? തിരുനബിﷺ പറഞ്ഞു: “ഞാൻ സ്വർഗ്ഗം കണ്ടു. അതിൽ നിന്ന് ഒരു മുന്തിരിക്കുല പറിക്കാൻ ഞാൻ കൈനീട്ടി. ഞാനത് എടുത്തിരുന്നെങ്കിൽ ദുനിയാവ് നിലനിൽക്കുന്ന കാലത്തോളം നിങ്ങൾക്കത് തിന്നാമായിരുന്നു. പിന്നീട് ഞാൻ നരകം കണ്ടു. ഇന്നത്തെപ്പോലെ ഭയാനകമായ ഒരു കാഴ്ച ഞാൻ കണ്ടിട്ടേയില്ല. അതിൽ അധികവും സ്ത്രീകളെയാണ് ഞാൻ കണ്ടത്.”

    ഇമാം ഹാകിം(റ) അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: ഒരിക്കൽ രാത്രിയിൽ തിരുനബിﷺ നിസ്കരിക്കുകയായിരുന്നു. അവിടുന്ന് കൈ മുന്നോട്ട് നീട്ടുകയും പിന്നീട് പിൻവലിക്കുകയും ചെയ്തു. ഞങ്ങൾ അതിനെക്കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞു: “സ്വർഗ്ഗം എന്റെ മുന്നിൽ പ്രദർശിപ്പിക്കപ്പെട്ടു. അതിലെ പഴക്കുലകൾ അടുത്തുനിൽക്കുന്നതായി ഞാൻ കണ്ടു. അതിൽ നിന്ന് ഒന്നെടുക്കാൻ ഞാൻ ആഗ്രഹിച്ചു. പിന്നീട് നിങ്ങൾക്കും എനിക്കുമിടയിൽ നിഴൽ പോലെ നരകം പ്രദർശിപ്പിക്കപ്പെട്ടു.”

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...