
അബ്ദുർ റസാഖ്(റ), മഅ്മറി(റ)ൽ നിന്നും അദ്ദേഹം അബ്ദുർ റഹ്മാൻ അൽ-ജുറാശി(റ)യിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു: ഞങ്ങളുടെ മുൻഗാമികൾ ഞങ്ങളെ അറിയിച്ചു, അബ്ദുല്ലാഹിബ്നു ജഹ്‌ശ്(റ) തന്റെ വാൾ നഷ്ടപ്പെട്ട അവസ്ഥയിൽ തിരുനബിﷺയുടെ അടുക്കൽ വന്നു. അപ്പോൾ തിരുനബിﷺ അദ്ദേഹത്തിന് ഒരു ഈത്തപ്പന മട്ടൽ അഥവാ ഈർക്കിൽ നീക്കിയ ഭാഗം നൽകി. അബ്ദുല്ല(റ)യുടെ കയ്യിലിരുന്ന ആ മട്ടൽ ഒരു വാളായി മാറി.
സുബൈർ ബിൻ ബക്കാർ(റ) തന്റെ ‘അൽ-മുവഫഖിയാത്തി’ൽ അബ്ദുല്ലാഹിബ്നു ജഹ്‌ശിൽ(റ) നിന്ന് റിപ്പോർട്ട് ചെയ്യുന്നു: അദ്ദേഹത്തിന്റെ വാൾ ഒടിഞ്ഞുപോയപ്പോൾ അല്ലാഹുവിന്റെ ദൂതർﷺ അദ്ദേഹത്തിന് ഒരു ഉണങ്ങിയ ഈത്തപ്പന കുലയുടെ തണ്ട് നൽകി. അത് അദ്ദേഹത്തിന്റെ കയ്യിൽ ഒരു വാളായി മാറി. അത് ‘അൽ-ഇർജൂൻ’ ഈത്തപ്പനത്തണ്ട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിൽ അത് അനന്തരാവകാശമായി കൈമാറിക്കൊണ്ടിരുന്നു. ഒടുവിൽ ബഗ്ദാദിലെ ഒരു തുർക്കി വംശജന് 200 ദീനാറിനാണ് അത് വിൽക്കപ്പെട്ടത്.
ബൈഹഖി(റ) ദാവൂദ് ബിൻ അൽ-ഹുസൈനി(റ)ൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. ബനൂ അബ്ദിൽ അശ്ഹൽ ഗോത്രത്തിലെ പലരിൽ നിന്നായി അദ്ദേഹം കേട്ടതാണിത്. ബദ്ർ യുദ്ധദിവസം സലമ ബിൻ ഹുറൈശിന്റെ(റ) വാൾ ഒടിഞ്ഞുപോയി. ആയുധമില്ലാത്ത അവസ്ഥയിൽ അദ്ദേഹം ബാക്കിയായി. അപ്പോൾ തിരുനബിﷺ കയ്യിലുണ്ടായിരുന്ന ഇബ്നു താബ് ഇനത്തിൽപ്പെട്ട ഒരു ഈത്തപ്പനത്തണ്ട് അദ്ദേഹത്തിന് നൽകിയിട്ട് പറഞ്ഞു: “ഇതുകൊണ്ട് നീ യുദ്ധം ചെയ്യുക.” പെട്ടെന്ന് അതൊരു മികച്ച വാളായി മാറി. ‘ജിസ്‌റു അബീ ഉബൈദ്’ യുദ്ധത്തിൽ അദ്ദേഹം രക്തസാക്ഷിയാകുന്നത് വരെ ആ വാൾ അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു.
ആകാശഭൂമികളുടെ രഹസ്യങ്ങളും പരലോകാവസ്ഥകളും തിരുനബിﷺക്ക് വെളിപ്പെട്ടത്
ഇമാം അഹ്മദും(റ) ത്വബ്റാനി(റ)യും ഒരു സ്വഹാബിയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: ഒരു ദിവസം പ്രഭാതത്തിൽ അല്ലാഹുവിന്റെ ദൂതർﷺ അതീവ സന്തോഷവാനായും പ്രസന്നവദനനായും ഞങ്ങളുടെ അടുത്തേക്ക് വന്നു. ഞങ്ങൾ അതിനെക്കുറിച്ച് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: “എനിക്ക് സന്തോഷിക്കാതിരിക്കാൻ കഴിയില്ല; ഇന്നലെ രാത്രി എന്റെ രക്ഷിതാവ് ഏറ്റവും മനോഹരമായ രൂപത്തിൽ എനിക്ക് ദർശനം നൽകി. അല്ലാഹു ചോദിച്ചു: ‘ഓ മുഹമ്മദ്’, ഞാൻ മറുപടി നൽകി: ‘ലബ്ബൈക് റബ്ബീ വ സഅ്ദൈക്’ നാഥാ, ഞാൻ ഇതാ നിന്റെ കല്പനകൾക്ക് ഉത്തരം നൽകുന്നു. അല്ലാഹു ചോദിച്ചു: ‘ഉന്നത ലോകത്തെ മലക്കുകൾ എന്തിനെക്കുറിച്ചാണ് തർക്കിക്കുന്നത്?’ ഞാൻ പറഞ്ഞു: ‘എനിക്കറിയില്ല.’ അപ്പോൾ അവൻ എന്റെ തോളുകൾക്കിടയിൽ അനുഗ്രഹ സ്പർശം നിർവഹിച്ചു. അതിന്റെ തണുപ്പ് എന്റെ നെഞ്ചിനുള്ളിൽ ഞാൻ അനുഭവിച്ചു. അതോടെ ആകാശഭൂമികളിലുള്ള സകല കാര്യങ്ങളും എനിക്ക് വെളിപ്പെട്ടു.” തുടർന്ന് തിരുനബിﷺ ഖുർആൻ അൽ-അൻആം: 75 ആം സൂക്തം ഓതി: “അപ്രകാരം ഇബ്രാഹീമിന് ആകാശഭൂമികളുടെ ആധിപത്യം നാം കാണിച്ചുകൊടുത്തു. അദ്ദേഹം ദൃഢവിശ്വാസികളിൽ പെട്ടവനാകാൻ വേണ്ടിയായിരുന്നു അത്.”
തിരുനബിﷺയുടെ “എന്റെ രക്ഷിതാവ് എന്റെ അടുക്കൽ വന്നു” എന്ന പ്രാഥമിക അർത്ഥം നൽകുന്ന പ്രയോഗമാണ് ഹദീസിൽ ഉള്ളത് അത് ആലങ്കാരികമാണ്. ‘എന്റെ രക്ഷിതാവിന്റെ കല്പന അല്ലെങ്കിൽ ദൂതൻ വന്നു’ എന്നാണ് ഇതിന്റെ അർത്ഥം. അതുപോലെ “അവൻറെ കൈ എന്റെ തോളുകൾക്കിടയിൽ വെച്ചു” എന്ന വാചകാർത്ഥം നൽകുന്ന പ്രയോഗത്തെക്കുറിച്ച് ഇമാം ബൈളാവി(റ) പറയുന്നത്: ഇത് അല്ലാഹു തന്റെ ദൂതന് നൽകിയ പ്രത്യേക പദവിയെയും അനുഗ്രഹത്തെയുമാണ് സൂചിപ്പിക്കുന്നത്. രാജാക്കന്മാർ തങ്ങളുടെ ഭൃത്യന്മാരെ ആദരിക്കുമ്പോഴോ കാര്യങ്ങൾ ഗ്രഹിക്കാൻ പ്രോത്സാഹിപ്പിക്കുമ്പോഴോ അവരുടെ മുതുകിൽ കൈ വെക്കാറുള്ളത് പോലെ, അല്ലാഹു തിരുനബിﷺക്ക് നൽകിയ പ്രത്യേക പിന്തുണയെയും ദിവ്യ ബോധനത്തെയും ആണ് ഇത് അർത്ഥമാക്കുന്നത്. അല്ലാതെ അല്ലാഹുവിന് അവയവങ്ങളോ ഭൗതികമായ സ്പർശനമോ ഉണ്ടെന്നല്ല ഇതിന്റെ അർത്ഥം.
“ആകാശങ്ങളിലുള്ളതെല്ലാം ഞാൻ അറിഞ്ഞു” എന്ന പ്രയോഗം അല്ലാഹു നൽകിയ ആ പ്രത്യേക അനുഗ്രഹം തിരുനബിﷺയുടെ അറിവിന്റെ സ്രോതസ്സായി മാറി എന്നാണ് കാണിക്കുന്നത്. ഇബ്രാഹീം നബി(അ)ക്ക് ആകാശഭൂമികളുടെ രഹസ്യങ്ങൾ വെളിപ്പെടുത്തിക്കൊടുത്തത് പോലെ, അല്ലാഹു എനിക്കും അദൃശ്യ കാര്യങ്ങളുടെ വാതിലുകൾ തുറന്നുതന്നു എന്നും പ്രപഞ്ചത്തിലെ വസ്തുക്കളെയും വിശേഷണങ്ങളെയും മറഞ്ഞിരിക്കുന്ന കാര്യങ്ങളെയും കുറിച്ച് ഞാൻ അറിവുള്ളവനായി എന്നും തിരുനബിﷺ ഇതിലൂടെ വ്യക്തമാക്കുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
