Tweet 1364

    Tweet 1364
    March 9, 2026 • Monday
    Post Header

    സൽമാൻ അൽ ഫാരിസി(റ)വിന്റെ മോചനവുമായി ബന്ധപ്പെട്ട ചരിത്ര സംഭവം ഇങ്ങനെ വായിക്കാം.
    അബൂ യസീദ്(റ) തന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു: സൽമാൻ(റ) തിരുനബിﷺയുടെ അടുക്കൽ വന്നപ്പോൾ അവിടുന്ന് ചോദിച്ചു: “നീ ആരുടേതാണ്?” അഥവാ ആരുടെ അടിമയാണ്? അദ്ദേഹം പറഞ്ഞു: “ഇന്നയിന്ന ആളുകളുടേതാണ്.” തിരുനബിﷺ പറഞ്ഞു: “നിന്നെ മോചിപ്പിക്കാനുള്ള കരാറിൽ ഏർപ്പെടാൻ അവരോട് ആവശ്യപ്പെടുക.” അങ്ങനെ അദ്ദേഹം അവരുമായി കരാറിലേർപ്പെട്ടു.

    “അവർക്കായി നിശ്ചിത എണ്ണം ഈത്തപ്പനകൾ വെച്ചുപിടിപ്പിക്കുകയും, അവ കായ്ക്കുന്നത് വരെ അവ പരിപാലിക്കുകയും ചെയ്യുക എന്നതായിരുന്നു വ്യവസ്ഥ.” തുടർന്ന് തിരുനബിﷺ വരികയും ആ ഈത്തപ്പനകളെല്ലാം സ്വയം വെച്ചുപിടിപ്പിക്കുകയും ചെയ്തു. എന്നാൽ ഒരൊറ്റ മരം മാത്രം ഉമർ ഇബ്നുൽ ഖത്വാബ്(റ) ആണ് നട്ടത്. ഉമർ(റ) നട്ട ആ ഒരു മരം ഒഴികെ എല്ലാം ആ വർഷം തന്നെ കായ്ച്ചു. അപ്പോൾ തിരുനബിﷺ ചോദിച്ചു: “ഇത് ആരാണ് നട്ടത്?” അവർ പറഞ്ഞു: “ഉമർ ഇബ്നുൽ ഖത്വാബ്(റ).” ഉടനെ തിരുനബിﷺ അത് പിഴുതുമാറ്റി സ്വന്തം കൈകൊണ്ട് വീണ്ടും നട്ടു. ആ വർഷം തന്നെ അത് ഫലം നൽകുകയും ചെയ്തു.

    ഈ പ്രമേയത്തിൽ ഇമാം ബൂസ്വീരി(റ)യുടെ വരികൾ എത്ര മനോഹരമാണ്.
    “അവിടുത്തെ വിളിക്കുത്തരം നൽകിക്കൊണ്ട് വൃക്ഷങ്ങൾ സുജൂദ് ചെയ്തവരായി വന്നു… പാദങ്ങളില്ലാത്ത തണ്ടുകളിൽ (തടിയിൽ) നടന്ന് അവ അവിടുത്തെ അടുത്തേക്ക് എത്തി.”
    “വഴിയുടെ മധ്യത്തിൽ ആ മരങ്ങൾ നടന്നുവന്ന അടയാളങ്ങൾ, മനോഹരമായ ലിപിയിൽ എഴുതപ്പെട്ട വരികൾ പോലെ ദൃശ്യമായിരുന്നു.”

    അചേതന വസ്തുക്കളിലെ തിരുനബിﷺയുടെ അത്ഭുതങ്ങളിൽ ചിലത് വായിക്കാം. അബൂദർറ്(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺയുടെ മുന്നിൽ ഏഴോ ഒൻപതോ കല്ലുകൾ ഉണ്ടായിരുന്നു. അവിടുന്ന് അവ കയ്യിലെടുത്തു. അപ്പോൾ അവ തസ്ബീഹ് അഥവാ അല്ലാഹുവിനെ മഹത്വപ്പെടുത്തുന്ന മന്ത്രങ്ങൾ ചൊല്ലാൻ തുടങ്ങി. തേനീച്ചകളുടെ മൂളൽ പോലെ ആ ശബ്ദം ഞാൻ കേട്ടു. പിന്നീട് അവിടുന്ന് അവ താഴെ വെച്ചപ്പോൾ അവ നിശബ്ദമായി. തുടർന്ന് തിരുനബിﷺ അവയെടുത്ത് അബൂബക്കർ(റ)വിന്റെ കയ്യിൽ വെച്ചു. അപ്പോഴും തേനീച്ചകളുടെ മൂളൽ പോലെ അവ തസ്ബീഹ് ചൊല്ലുന്നത് ഞാൻ കേട്ടു. അദ്ദേഹം അവ താഴെ വെച്ചപ്പോൾ അവ നിശബ്ദമായി. പിന്നീട് അവയെടുത്ത് ഉമർ(റ)വിന്റെ കയ്യിൽ വെച്ചു. അപ്പോഴും തേനീച്ചകളുടെ മൂളൽ പോലെ അവ തസ്ബീഹ് ചൊല്ലി. അദ്ദേഹം അവ താഴെ വെച്ചപ്പോൾ അവയും നിശബ്ദമായി. ശേഷം ഉസ്മാൻ(റ)വിന്റെ കയ്യിൽ വെച്ചു. അപ്പോഴും അവ തസ്ബീഹ് ചൊല്ലി. അദ്ദേഹം അവ താഴെ വെച്ചപ്പോൾ അവയും നിശബ്ദമായി. അപ്പോൾ തിരുനബിﷺ പറഞ്ഞു: “ഇത് പ്രവാചകത്വത്തിന്റെ ഖിലാഫത്താകുന്നു അഥവാ പിൻഗാമികളാകുന്നു.”

    ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം: ഹദ്‌റമൗത്തിലെ രാജാക്കന്മാരും അവരിൽപ്പെട്ട അശ്അഥ് ബിൻ ഖൈസും തിരുനബിﷺയുടെ അടുക്കൽ വന്നു. അവർ പറഞ്ഞു: “ഞങ്ങൾ അങ്ങേയ്ക്കായി ഒരു കാര്യം ഒളിപ്പിച്ചു വെച്ചിട്ടുണ്ട്, അതെന്താണെന്ന് പറയാമോ?” തിരുനബിﷺ പറഞ്ഞു: “സുബ്ഹാനല്ലാഹ്! ജോത്സ്യന്മാരാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. ജോത്സ്യം നരകത്തിലാണ്.” അവർ ചോദിച്ചു: “എങ്കിൽ അങ്ങ് അല്ലാഹുവിന്റെ ദൂതനാണെന്ന് ഞങ്ങൾക്ക് എങ്ങനെ ബോധ്യപ്പെടും?” അപ്പോൾ തിരുനബിﷺ ഒരു പിടി മണ്ണും കല്ലും കയ്യിലെടുത്തു കൊണ്ട് പറഞ്ഞു: “ഞാൻ അല്ലാഹുവിന്റെ ദൂതനാണെന്ന് ഇവ സാക്ഷ്യം വഹിക്കും.” ഉടനെ ആ കല്ലുകൾ അവിടുത്തെ കയ്യിലിരുന്ന് തസ്ബീഹ് ചൊല്ലി. അതുകണ്ടപ്പോൾ അവർ പറഞ്ഞു: “അങ്ങ് അല്ലാഹുവിന്റെ ദൂതനാണെന്ന് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു.”(അബൂ നുഐം, ഹകീം തിർമിദി).

    അനസ്(റ)വിൽ നിന്ന് നിവേദനം: തിരുനബിﷺ ഭൂമിയിൽ നിന്ന് ഏഴ് കല്ലുകൾ എടുത്തു. അവ അവിടുത്തെ കയ്യിലിരുന്ന് തസ്ബീഹ് ചൊല്ലി. പിന്നീട് അവിടുന്ന് അവ അബൂബക്കർ(റ)വിന് നൽകി, അപ്പോഴും അവ തസ്ബീഹ് ചൊല്ലി. ശേഷം ഉമർ(റ)വിനും പിന്നീട് ഉസ്മാൻ(റ)വിനും നൽകി. അവരിലോരോരുത്തരുടെയും കയ്യിലിരുന്ന് ആ കല്ലുകൾ തസ്ബീഹ് ചൊല്ലുകയുണ്ടായി.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...