Tweet 1363

    Tweet 1363
    March 8, 2026 • Sunday
    Post Header

    ഇമാം അഹമ്മദും(റ) ഇബ്നു മാജ(റ)യും സ്വഹീഹായ പരമ്പരയോടെ അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. അനസ്(റ) പറയുന്നു: ഒരിക്കൽ തിരുനബിﷺ ദുഖിതരായി ഇരിക്കുകയായിരുന്നു. മക്കയിലെ ചില ആളുകൾ മർദ്ദിച്ചതിനെ തുടർന്ന് ശരീരത്തിൽ നിന്ന് രക്തം വാർന്നിരുന്നു. ആ സമയം ജിബ്‌രീൽ(അ) അടുക്കൽ വന്നിട്ട് ചോദിച്ചു: “എന്തുപറ്റി?” അപ്പോൾ തിരുനബിﷺ പറഞ്ഞു: “അവർ എന്നോട് ഇങ്ങനെയൊക്കെ ചെയ്തു.” അപ്പോൾ ജിബ്‌രീൽ(അ) ചോദിച്ചു: “ഞാൻ ഒരു ദൃഷ്ടാന്തം കാണിച്ചുതരണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നുണ്ടോ?” “അതെ.” അപ്പോൾ ജിബ്‌രീൽ(അ) താഴ്‌വരയ്ക്ക് അപ്പുറമുള്ള ഒരു മരത്തെ നോക്കി പറഞ്ഞു: “ആ മരത്തെ വിളിക്കൂ.” തിരുനബിﷺ അതിനെ വിളിച്ചപ്പോൾ ആ മരം നടന്നു വരികയും തിരുനബിﷺയുടെ മുന്നിൽ വന്നു നിൽക്കുകയും ചെയ്തു. ജിബ്‌രീൽ(അ) പറഞ്ഞു: “അതിനോട് തിരിച്ചുപോകാൻ പറയൂ.” തിരുനബിﷺ കൽപ്പിച്ചപ്പോൾ അത് അതിന്റെ സ്ഥാനത്തേക്ക് തന്നെ മടങ്ങിപ്പോയി. അപ്പോൾ അവിടുന്ന് പറഞ്ഞു: “എനിക്ക് ഇത് മതി എനിക്ക് തൃപ്തിയായി.”

    ജിന്നുകൾ ഖുർആൻ കേൾക്കാൻ വന്ന രാത്രിയിൽ അവരെക്കുറിച്ച് തിരുനബിﷺയെ അറിയിച്ചത് ആരാണെന്ന് അബ്ദുറഹ്മാൻ ബിൻ അബ്ദില്ല ബിൻ മസ്‌ഊദ്(റ) മസ്‌റൂഖി(റ)നോട് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: “നിന്റെ പിതാവ് ഇബ്നു മസ്‌ഊദ്(റ) എന്നോട് പറഞ്ഞു: അവരെക്കുറിച്ച് ഒരു മരമാണ് തിരുനബിﷺയെ അറിയിച്ചത്.” ബുഖാരി(റ), മുസ്‌ലിം(റ) ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.

    ഇമാം അഹ്മദ്(റ), ബൈഹഖി(റ) തുടങ്ങിയവർ യഅ്‌ല ബിൻ മുറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു:
    ഞങ്ങൾ ഒരിക്കൽ നബിﷺയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. ഒരിടത്ത് ഇറങ്ങിയപ്പോൾ തിരുനബിﷺ ഉറങ്ങാൻ കിടന്നു. ആ സമയം ഒരു മരം ഭൂമി പിളർന്നു വരികയും തിരുനബിﷺയെ പൊതിയുകയും ചെയ്തു. ശേഷം അത് അതിന്റെ പഴയ സ്ഥാനത്തേക്ക് തന്നെ മടങ്ങിപ്പോയി. തിരുനബിﷺ ഉണർന്നപ്പോൾ ഞങ്ങൾ ഈ കാര്യം പറഞ്ഞു. അപ്പോൾ അവിടുന്ന് പറഞ്ഞു: “അത് ഒരു മരമാണ്, എനിക്ക് സലാം പറയാൻ വേണ്ടി അത് അതിന്റെ റബ്ബിനോട് അനുവാദം ചോദിച്ചു, അല്ലാഹു അതിന് അനുവാദം നൽകുകയും ചെയ്തു.”

    ബുറൈദ (റ) വിൽ നിന്ന് നിവേദനം:
    ഒരിക്കൽ ഒരു ഗ്രാമീണൻ തിരുനബിﷺയുടെ അടുത്ത് വന്ന് പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരെﷺ, ഞാൻ ഇസ്‌ലാം സ്വീകരിച്ചു. എന്റെ ഉറപ്പ് വർദ്ധിപ്പിക്കാൻ എനിക്കൊരു അത്ഭുതം കാണിച്ചുതന്നാലും.” തിരുനബിﷺ ചോദിച്ചു: “നിനക്ക് എന്താണ് വേണ്ടത്?” അദ്ദേഹം പറഞ്ഞു: “ആ മരത്തെ വിളിക്കൂ, അത് അവിടുത്തെ അടുത്ത് വരട്ടെ.”
    തിരുനബിﷺ പറഞ്ഞു: “നീ തന്നെ പോയി അതിനെ വിളിക്കൂ.” അദ്ദേഹം മരത്തിന്റെ അടുത്ത് ചെന്ന് പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരുﷺടെ വിളിക്ക് ഉത്തരം നൽകുക.” ഉടനെ ആ മരം ഓരോ വശങ്ങളിലേക്കും ചരിഞ്ഞ് അതിന്റെ വേരുകൾ പൊട്ടിച്ചെടുത്ത് തിരുനബിﷺയുടെ മുന്നിലെത്തി. എന്നിട്ട് പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, അങ്ങേക്ക് സലാം. തിരുനബിﷺ ചോദിച്ചു: “മരമേ, നീ എന്തിനാണ് സാക്ഷ്യം വഹിക്കുന്നത്?” അത് പറഞ്ഞു: “അല്ലാഹു അല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, അങ്ങ് അല്ലാഹുവിന്റെ ദാസനും റസൂലുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.”

    തിരുനബിﷺ പറഞ്ഞു: “നീ സത്യം പറഞ്ഞു.” ഇത് കണ്ട് അത്ഭുതപ്പെട്ട അഅ്‌റാബി പറഞ്ഞു: “എനിക്ക് മതി, എനിക്ക് മതി! ഇനി അതിനോട് അതിന്റെ സ്ഥാനത്തേക്ക് മടങ്ങിപ്പോകാൻ പറഞ്ഞാലും.” തിരുനബിﷺ കൽപ്പിച്ചതനുസരിച്ച് ആ മരം തിരിച്ചുപോയി അതിന്റെ കുഴിയിൽ തന്നെ ഇരുന്നു. ഓരോ വേരുകളും പഴയ സ്ഥാനത്ത് തന്നെ ഉറച്ചു. അപ്പോൾ ആ മനുഷ്യൻ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരെﷺ, അവിടുത്തെ ശിരസ്സും പാദങ്ങളും ഉമ്മ വെക്കാൻ എനിക്ക് അനുവാദം നൽകുമോ?” തിരുനബിﷺ അനുവാദം നൽകി. ശേഷം അദ്ദേഹം ചോദിച്ചു: “അങ്ങയെ സുജൂദ് ചെയ്യാൻ അഥവാ സാഷ്ടാംഗം നമസ്കരിക്കാൻ എനിക്ക് അനുവാദം നൽകുമോ?” തിരുനബിﷺ പറഞ്ഞു: “ഒരാളും മറ്റൊരാളെ സുജൂദ് ചെയ്യാൻ പാടുള്ളതല്ല.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...