Tweet 1365

    Tweet 1365
    March 10, 2026 • Tuesday
    Post Header

    സാബിത് അൽ ബുന്നാനി അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ കയ്യിൽ ഏതാനും കല്ലുകൾ എടുത്തു. അവ തസ്ബീഹ് ചൊല്ലാൻ തുടങ്ങി, ഞങ്ങൾ ആ തസ്ബീഹ് കേൾക്കുക പോലും ചെയ്തു. പിന്നീട് അവ അബൂബക്കർ(റ)വിന്റെ കയ്യിൽ വെച്ചു, അപ്പോഴും അവ തസ്ബീഹ് ചൊല്ലി, ഞങ്ങൾ അത് കേട്ടു. പിന്നീട് അവ ഉമർ(റ)വിന്റെ കയ്യിൽ വെച്ചു, അപ്പോഴും അവ തസ്ബീഹ് ചൊല്ലി, ഞങ്ങൾ അത് കേട്ടു. പിന്നീട് അവ ഉസ്മാൻ(റ)വിന്റെ കയ്യിൽ വെച്ചു, അപ്പോഴും അവ തസ്ബീഹ് ചൊല്ലി, ഞങ്ങൾ അത് കേട്ടു. പിന്നീട് അവ ഓരോരുത്തരായി ഞങ്ങളുടെ കൈകളിൽ വെച്ചു, എന്നാൽ ഞങ്ങളുടെ കയ്യിൽ വെച്ചപ്പോൾ ആ കല്ലുകളൊന്നും തന്നെ തസ്ബീഹ് ചൊല്ലിയില്ല.

    സൽമാൻ(റ)വിന് നൽകിയ സ്വർണ്ണത്തിൽ തിരുനബിﷺ ബറക്കത്ത് നൽകിയത് കൂടി ഇവിടെ ചേർത്തു വായിക്കാം. ഇമാം അഹ്മദ്(റ), ഇബ്നു സഅദ്(റ), ഹാക്കിം(റ) എന്നിവർ സൽമാൻ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺയുടെ അടുത്ത് ഒരാൾ ഖനിയിൽ നിന്ന് ലഭിച്ച കോഴിമുട്ടയുടെ വലിപ്പമുള്ള ഒരു സ്വർണ്ണക്കഷ്ണവുമായി വന്നു. അപ്പോൾ തിരുനബിﷺ പറഞ്ഞു: സൽമാൻ, ഇത് വാങ്ങുക, നിന്റെ കടം വീട്ടാൻ ഇത് ഉപയോഗിക്കുക. ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരെﷺ, എനിക്ക് വീട്ടാനുള്ള കടവുമായി താരതമ്യം ചെയ്യുമ്പോൾ ഇതിന് എന്ത് വലിപ്പമാണുള്ളത്? ഇത് എങ്ങനെ തികയും? തുടർന്ന് തിരുനബിﷺ അത് അവിടുത്തെ നാവിലിട്ട് ഉരുട്ടി എനിക്ക് നൽകിക്കൊണ്ട് പറഞ്ഞു: ഇതുമായി പോവുക, തീർച്ചയായും അല്ലാഹു ഇത് മുഖേന നിന്റെ കടം വീട്ടുന്നതാണ്.

    സൽമാൻ(റ) പറയുന്നു: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം! ഞാൻ എൻ്റെ യജമാനന് അതിൽ നിന്ന് 40 ഔഖിയ തൂക്കി നൽകി. എന്റെ കടം വീട്ടിയതിന് ശേഷവും എനിക്ക് ലഭിച്ച അത്രയും തന്നെ സ്വർണ്ണം എന്റെ കയ്യിൽ ബാക്കിയുണ്ടായിരുന്നു.

    തിരുനബിﷺയുടെ പ്രാർഥനയ്ക്ക് വീടിന്റെ ഉമ്മരപ്പടിയും ചുവരുകളും ആമീൻ പറഞ്ഞ സംഭവം
    ബൈഹഖി(റ)യും അബൂ നുഐമും(റ) അബൂ അസൈദ് അൽ-സാഇദി(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നതിങ്ങനെയാണ്. തിരുനബിﷺ അബ്ബാസ് ബിൻ അബ്ദുൽ മുത്വലിബി(റ)നോട് പറഞ്ഞു: ഓ അബുൽ ഫദ്ല്‍(റ), നാളെ ഞാനിങ്ങോട്ട് വരുന്നത് വരെ നിങ്ങളും നിങ്ങളുടെ മക്കളും വീട്ടിൽ തന്നെ ഉണ്ടാവണം, എനിക്ക് നിങ്ങളോട് ഒരു കാര്യമുണ്ട്. അങ്ങനെ പിറ്റേന്ന് സൂര്യൻ ഉദിച്ചുയർന്ന ശേഷം തിരുനബിﷺ വരുന്നത് വരെ അവർ കാത്തിരുന്നു. തിരുനബിﷺ അവരുടെ അടുത്തെത്തി. അസ്സലാമു അലൈക്കും എന്ന് പറഞ്ഞു. അവർ മറുപടി നൽകി: വഅലൈക്കുമുസ്സലാം വറഹ്മത്തുല്ലാഹി വബറകാതുഹു. തുടർന്ന് തിരുനബിﷺ പറഞ്ഞു: നിങ്ങൾ പരസ്പരം അടുത്തേക്ക് വരിക. അവർ അവിടുത്തെ അരികിലേക്ക് തിങ്ങിക്കൂടിയപ്പോൾ, തിരുനബിﷺ അവിടുത്തെ പുതപ്പ് അഥവാ ‘മിലാഅത്ത്’ കൊണ്ട് അവരെയെല്ലാം പൊതിഞ്ഞു. എന്നിട്ട് ഇപ്രകാരം പ്രാർഥിച്ചു: എന്റെ രക്ഷിതാവേ, ഇത് എന്റെ പിതൃവ്യനാണ്, എന്റെ പിതാവിന്റെ പ്രിയപ്പെട്ടവനാണ്, ഇവർ എന്റെ കുടുംബവുമാണ്. ഞാൻ ഈ പുതപ്പ് കൊണ്ട് അവരെ പൊതിഞ്ഞത് പോലെ നീ അവരെ നരകാഗ്നിയിൽ നിന്ന് മറയ്ക്കേണമേ.

    നിവേദകൻ പറയുന്നു: അപ്പോൾ ആ വീടിന്റെ ഉമ്മറപ്പടിയും ചുവരുകളും ആമീൻ, ആമീൻ, ആമീൻ എന്ന് പറഞ്ഞുകൊണ്ട് ആ പ്രാർഥനയിൽ പങ്കുചേർന്നു.

    തിരുനബിﷺയോടുള്ള സന്തോഷത്താൽ പർവ്വതം ചലിച്ച സംഭവം ഇവിടെ വായിക്കാം. ഇമാം ബുഖാരി(റ) അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ ഉഹ്‌ദ് പർവ്വതത്തിന് മുകളിൽ കയറി. അവിടുത്തോടൊപ്പം അബൂബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ) എന്നിവരുമുണ്ടായിരുന്നു. അപ്പോൾ പർവ്വതം അവരെയും കൊണ്ട് ഒന്ന് ഉലഞ്ഞു. ഉടനെ തിരുനബിﷺ അവിടുത്തെ കാൽ കൊണ്ട് പർവ്വതത്തിൽ അമർത്തുകയും ഇപ്രകാരം പറയുകയും ചെയ്തു: ഉറച്ചുനിൽക്കുക! നിന്റെ മുകളിൽ ഒരു നബിയും ഒരു സ്വിദ്ദീഖും രണ്ട് ശുഹദാക്കളും മാത്രമാണുള്ളത്.

    അബു യഅ്‌ല(റ)യും ബൈഹഖി(റ)യും സഹൽ ബിൻ സഅ്‌ദ്(റ)വിൽ നിന്ന് ഉഹ്‌ദ് പർവ്വതത്തെക്കുറിച്ച് മാത്രമായി ഇതേ സംഭവം നിവേദനം ചെയ്തിട്ടുണ്ട്. ഇമാം മുസ്‌ലിം(റ) അബൂഹുറൈറ(റ) വിൽ നിന്ന് നിവേദനം ചെയ്തതിൽ അലി(റ), ത്വൽഹ(റ), സുബൈർ(റ) എന്നിവരുടെ പേരുകൾ കൂടി അധികമായി ചേർത്തിട്ടുണ്ട്. അപ്പോൾ തിരുനബിﷺ പറഞ്ഞു: അടങ്ങിനിൽക്കുക! നിന്റെ മുകളിൽ ഒരു നബിയോ, സ്വിദ്ദീഖോ, ശുഹദാക്കളോ അല്ലാതെ മറ്റാരുമില്ല. ഇമാം അഹ്മദ്(റ) ബുറൈദ(റ)വിൽ നിന്ന് ‘ഹിറാ’ പർവ്വതം എന്ന് സൂചിപ്പിച്ചും ഇത് നിവേദനം ചെയ്തിട്ടുണ്ട്.

    അബൂ നുഐം(റ) സഈദ് ബിൻ സൈദ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: തിരുനബിﷺ ഹിറാ പർവ്വതത്തിന് മുകളിലായിരിക്കെ പർവ്വതം ചലിക്കുന്നത് ഞാൻ കേട്ടു. അപ്പോൾ തിരുനബിﷺ കാൽ കൊണ്ട് പർവ്വതത്തിൽ തട്ടിക്കൊണ്ട് പറഞ്ഞു: ഹിറാ, ശാന്തമാവുക! നിന്റെ മുകളിൽ ഒരു നബിയോ, സ്വിദ്ദീഖോ, ശുഹദാക്കളോ അല്ലാതെ മറ്റാരുമില്ല.
    ആ സമയത്ത് അവിടുത്തോടൊപ്പം അബൂബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ), അലി(റ), ത്വൽഹ(റ), സുബൈർ(റ), സഅ്‌ദ്(റ), അബ്ദുറഹ്മാൻ ബിൻ ഔഫ്(റ) എന്നിവരും ഞാനും സഈദ് ബിൻ സെയ്ദും(റ) ഉണ്ടായിരുന്നു.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...