Tweet 1354

    Tweet 1354
    February 27, 2026 • Friday
    Post Header

    അലി(റ) പറയുന്നു: ഒരു രാത്രി ഞങ്ങൾ ഭക്ഷണമൊന്നുമില്ലാതെയാണ് ഉറങ്ങിയത്. രാവിലെ ഞാൻ കുറച്ച് പണം സംഘടിപ്പിക്കുകയും ഒരു ദിർഹമിന് ഇറച്ചിയും ഭക്ഷണസാധനങ്ങളും വാങ്ങുകയും ചെയ്തു. അത് ഫാത്വിമ(റ)യുടെ അടുത്ത് എത്തിച്ചു. അവർ റൊട്ടിയുണ്ടാക്കുകയും പാകം ചെയ്യുകയും ചെയ്തു. ഭക്ഷണം തയ്യാറായപ്പോൾ അവർ പറഞ്ഞു: “നിങ്ങൾ പിതാവിനെ അഥവാ നബിﷺയെ വിളിച്ചു കൊണ്ടുവരൂ.”

    ഞാൻ തിരുനബിﷺയുടെ അടുത്തെത്തിയപ്പോൾ അവിടുന്ന് ഇപ്രകാരം പ്രാർഥിക്കുകയായിരുന്നു: “അല്ലാഹുവേ, കൂടെക്കഴിയുന്ന വിശപ്പിൽ നിന്ന് ഞാൻ നിന്നോട് കാവൽ ചോദിക്കുന്നു.” ഞാൻ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, ഞങ്ങളുടെ അടുക്കൽ ഭക്ഷണമുണ്ട്, അങ്ങ് വരണം.” തിരുനബിﷺ വന്നു, ചട്ടി അടുപ്പത്ത് തിളച്ചുകൊണ്ടിരിക്കുകയായിരുന്നു. അവിടുന്ന് പറഞ്ഞു: “ഇതിൽ നിന്ന് ഒരു പാത്രം ആഇശ(റ)യ്ക്ക് നൽകുക.” അങ്ങനെ അവിടുത്തെ എല്ലാ ഭാര്യമാർക്കും ഓരോ പാത്രം വീതം വിളമ്പി നൽകി. ശേഷം പറഞ്ഞു: “നിന്റെ പിതാവിനും നിന്റെ ഭർത്താവിനും വിളമ്പുക.” ഫാത്വിമ(റ) അപ്രകാരം ചെയ്തു. പിന്നീട് പറഞ്ഞു: “ഇനി നീയും വിളമ്പി ഭക്ഷിക്കുക.” അവർ വിളമ്പി. ഞങ്ങൾ ചട്ടി എടുത്തു മാറ്റുമ്പോൾ അത് നിറഞ്ഞു കവിയുകയായിരുന്നു. അതിൽ നിന്ന് അല്ലാഹു ഉദ്ദേശിച്ച അത്രയും കാലം ഞങ്ങൾ ഭക്ഷിച്ചു.

    ത്വബ്റാനി(റ), അബൂ നുഐം(റ), ബൈഹഖി(റ) എന്നിവർ ഹംസ ബിൻ അംറ് അൽ-അസ്‌ലമി(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: “ഞാൻ നബിﷺക്കായി അല്പം ഭക്ഷണം തയ്യാറാക്കി അത് കൊണ്ടുപോയി. അതിനിടയിൽ ആ തോൽപാത്രം അനങ്ങുകയും അതിലുണ്ടായിരുന്നത് മറിയുകയും ചെയ്തു. അപ്പോൾ ഞാൻ പറഞ്ഞു: ‘എന്റെ കൈകളാലാണല്ലോ അല്ലാഹുവിന്റെ റസൂലിﷺന്റെ ഭക്ഷണം നഷ്ടപ്പെട്ടത്!’ അപ്പോൾ തിരുനബിﷺ പറഞ്ഞു: ‘അടുത്ത് വരിക.’ ഞാൻ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരെﷺ, എനിക്ക് സാധിക്കുന്നില്ല.’ ഞാൻ എന്റെ പഴയ സ്ഥാനത്തേക്ക് തന്നെ മടങ്ങിപ്പോയി. അപ്പോൾ ആ പാത്രം ‘ഖുബ് ഖുബ്’ എന്ന് ശബ്ദമുണ്ടാക്കുന്നത് കേട്ടു. ഞാൻ പറഞ്ഞു: ‘നിൽക്കൂ, അതിൽ ബാക്കിയുണ്ടായിരുന്ന അല്പം കൂടി കളഞ്ഞു പോയല്ലോ.’ ഞാനത് വലിച്ചെടുത്തു നോക്കിയപ്പോൾ അത് മുകൾഭാഗം വരെ നിറഞ്ഞിരിക്കുന്നു! ഞാനത് കെട്ടിവെച്ചു തിരുനബിﷺയുടെ അടുത്ത് വന്ന് വിവരം പറഞ്ഞു. അപ്പോൾ പറഞ്ഞു: ‘നീ അത് വിട്ടിരുന്നെങ്കിൽ അത് വായ്‌വട്ടം വരെ നിറയുമായിരുന്നു.'”

    ഇമാം ത്വബറാനി(റ) ജാബിർ ബിൻ അബ്ദില്ല(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: “എന്റെ ഉമ്മ തിരുനബിﷺക്കായി അല്പം ഭക്ഷണമുണ്ടാക്കി. എന്നിട്ട് ക്ഷണിക്കാൻ എന്നോട് പറഞ്ഞു. ഞാൻ വന്ന് തിരുനബിﷺയോട് രഹസ്യമായി പറഞ്ഞു. അപ്പോൾ അവിടുന്ന് അനുചരന്മാരോട് പറഞ്ഞു: ‘എഴുന്നേൽക്കൂ.’ അമ്പതോളം ആളുകൾ ഒപ്പം എഴുന്നേറ്റു. തിരുനബിﷺ പറഞ്ഞു: ‘പത്തുപേർ വീതമായി പ്രവേശിക്കുക.’ അങ്ങനെ അവരെല്ലാം വയറുനിറയെ കഴിച്ചു. ഭക്ഷണം തീർന്നതുമില്ല, ആദ്യം ഉണ്ടായിരുന്ന അത്രതന്നെ ബാക്കിയാവുകയും ചെയ്തു.”

    അബൂ നുഐം(റ) സുഹൈബ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: “ഞാൻ തിരുനബിﷺക്കായി അല്പം ഭക്ഷണമുണ്ടാക്കി. അവിടുന്ന് അനുചരന്മാർക്കിടയിൽ ഇരിക്കുമ്പോൾ ഞാൻ അടുത്തുചെന്ന് അഭിമുഖമായി നിന്നു. എന്നെ നോക്കിയപ്പോൾ രഹസ്യമായി വരാൻ ഞാൻ ആംഗ്യം കാണിച്ചു. അപ്പോൾ ചോദിച്ചു: ‘ഇവരും കൂടെയോ?’ ഞാൻ രണ്ടുതവണ ‘അല്ല’ എന്ന് പറഞ്ഞു. പക്ഷേ മൂന്ന് തവണ ആവർത്തിച്ചപ്പോൾ ഞാൻ പറഞ്ഞു: ‘അതെ, ഇവരും വരിക.’ യഥാർത്ഥത്തിൽ ഞാൻ തിരുനബിﷺക്ക് വേണ്ടി മാത്രം ഉണ്ടാക്കിയ വളരെ കുറഞ്ഞ ഭക്ഷണമായിരുന്നു അത്. എന്നാൽ അവരെല്ലാവരും കഴിക്കുകയും അതിൽ ബാക്കി വരികയും ചെയ്തു.”

    ഇബ്നു സഅദ്(റ) ഉമ്മു ആമിർ അസ്മാഅ് ബിൻത് യസീദി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു:
    “തിരുനബിﷺ ഞങ്ങളുടെ പള്ളിയിൽ വന്ന് മഗ്‌രിബ് നിസ്കരിക്കുന്നത് ഞാൻ കണ്ടു. ഉടനെ ഞാൻ വീട്ടിൽ പോയി അല്പം മാംസവും കുറച്ച് റൊട്ടികളുമായി വന്നു. ഞാൻ പറഞ്ഞു: ‘എന്റെ മാതാപിതാക്കൾ അങ്ങേക്ക് പകരമാകട്ടെ, അങ്ങ് രാത്രി ഭക്ഷണം കഴിച്ചാലും.’ അപ്പോൾ അവിടുന്ന് അനുചരന്മാരോട് പറഞ്ഞു: ‘അല്ലാഹുവിന്റെ നാമത്തിൽ നിങ്ങൾ ഭക്ഷിക്കുക.’ അങ്ങനെ തിരുനബിﷺയും കൂടെ വന്നവരും വീട്ടിലുണ്ടായിരുന്നവരും എല്ലാം ഭക്ഷണം കഴിച്ചു. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം! നാൽപ്പതോളം പുരുഷന്മാർ ആ ഭക്ഷണം കഴിച്ചിട്ടും മാംസത്തിന്റെ ഒരു ഭാഗം ബാക്കിയുണ്ടായിരുന്നു, റൊട്ടിയും മിക്കവാറും അതുപോലെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...