
ഇമാം അഹ്മദ്(റ), ഇബ്നു സഅദ്(റ), അബൂ നുഐം(റ) എന്നിവർ അബ്ദുള്ളാഹിബ്നു തഹ്ഫ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: അതിഥികൾ ഒത്തുകൂടുമ്പോൾ തിരുനബിﷺ പറയുമായിരുന്നു: “ഓരോരുത്തരും തങ്ങളുടെ കൂടെ ഇരിക്കുന്നവരുമായി ഭക്ഷണത്തിനായി മടങ്ങിക്കൊള്ളട്ടെ.” അങ്ങനെ പ്രവാചകനോﷺടൊപ്പം മടങ്ങിയവരിൽ ഒരാളായിരുന്നു ഞാൻ. വീട്ടിലെത്തിയപ്പോൾ പ്രവാചകൻﷺ ചോദിച്ചു: “ആഇശാ(റ), വല്ലതും കഴിക്കാനുണ്ടോ?” അവർ പറഞ്ഞു: “അവിടുത്തേക്ക് നോമ്പ് തുറക്കാനായി ഞാൻ കരുതിവെച്ച അല്പം ‘ഹുവൈസ’ അഥവാ ഈന്തപ്പഴവും നെയ്യും ചേർത്ത വിഭവമുണ്ട്.” അതൊരു ചെറിയ പാത്രത്തിൽ കൊണ്ടുവന്നു. തിരുനബിﷺ അതിൽ നിന്ന് അല്പം കഴിച്ചു. ശേഷം ഞങ്ങളുടെ അടുത്തേക്ക് നീക്കിവെച്ചിട്ട് പറഞ്ഞു: “ബിസ്മി ചൊല്ലി കഴിച്ചോളൂ.” ഞങ്ങൾ അത് വയറുനിറയെ കഴിച്ചു, അല്ലാഹുസത്യം! പിന്നീട് അതിലേക്ക് നോക്കാൻ പോലും കഴിയാത്തത്ര ഞങ്ങൾ തൃപ്തരായി. ശേഷം തിരുനബിﷺ ചോദിച്ചു: “കുടിക്കാൻ വല്ലതുമുണ്ടോ?” അപ്പോൾ ആഇശ(റ) പറഞ്ഞു: “അല്പം പാൽ കരുതിയിട്ടുണ്ട്.” അവർ അത് കൊണ്ടുവന്നു. തിരുനബിﷺ അതിൽ നിന്ന് അല്പം കുടിച്ചു. ശേഷം പറഞ്ഞു: “ബിസ്മി ചൊല്ലി കുടിച്ചോളൂ.” ഞങ്ങൾ എല്ലാവരും വയറുനിറയെ കുടിച്ചു.
ഇമാം ത്വബ്റാനി(റ) അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: ഒരു രാത്രി തിരുനബിﷺ എന്നെ വീട്ടിലേക്ക് വിളിച്ചു. എന്നിട്ട് പറഞ്ഞു: “നിങ്ങളുടെ അടുത്തുള്ള ഭക്ഷണം ഇങ്ങോട്ട് കൊണ്ടുവരൂ.” അപ്പോൾ ഈന്തപ്പഴം ചേർത്ത’ കുറുക്ക് പോലുള്ള വിഭവം അഥവാ ‘അസീദ’ ഉള്ള ഒരു പാത്രം അവർ നൽകി. തിരുനബിﷺ എന്നോട് പറഞ്ഞു: “പള്ളിയിലുള്ള അഹ്‌ലുസ്സുഫ്ഫക്കാരെ വിളിക്കുക.” അപ്പോൾ ഞാൻ മനസ്സിൽ വിചാരിച്ചു: “ഈ കുറഞ്ഞ ഭക്ഷണം കണ്ട് എനിക്ക് കഷ്ടം തന്നെ, എന്നാൽ പ്രവാചകനെﷺ അനുസരിക്കാതിരുന്നാലോ അതിലും കഷ്ടം!” ഞാൻ അവരെ വിളിച്ചു, അവർ ഒത്തുകൂടി. തിരുനബിﷺ അവിടുത്തെ വിരലുകൾ ആ ഭക്ഷണത്തിൽ വെച്ചു അമർത്തിക്കൊണ്ട് പറഞ്ഞു: “അല്ലാഹുവിന്റെ നാമത്തിൽ കഴിച്ചോളൂ.” എല്ലാവരും വയറുനിറയെ കഴിച്ചു. ഞാനും വയറുനിറയെ കഴിച്ചു. ഞാൻ ആ പാത്രം എടുത്തു മാറ്റുമ്പോൾ, അത് വെച്ചപ്പോൾ എങ്ങനെയുണ്ടായിരുന്നോ അതുപോലെ തന്നെ ഇരിക്കുന്നു! തിരുനബിﷺയുടെ വിരലടയാളം മാത്രമേ അതിൽ മാറിയിട്ടുണ്ടായിരുന്നുള്ളൂ.
ഇബ്നു അസാക്കിർ(റ) അബ്ദുള്ളാഹിബ്നു മുഗീസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: ഉമ്മു ആമിർ അൽ അശ്‌ഹലിയ്യ(റ) ഒരു പാത്രം ഈന്തപ്പഴവും നെയ്യും ചേർത്ത ‘ഹൈസ്’ വിഭവം തിരുനബിﷺക്ക് കൊടുത്തയച്ചു. അന്ന് അവിടുന്ന് ഉമ്മുസലമ(റ)യുടെ അടുത്തായിരുന്നു. അവർ തനിക്ക് ആവശ്യമുള്ളത് കഴിച്ചു പാത്രം പുറത്തേക്ക് നൽകി. അപ്പോൾ തിരുനബിﷺയുടെ വിളംബരക്കാരൻ ഖന്തഖിലെ കിടങ്ങ് കുഴിക്കുന്നവരെ ഭക്ഷണത്തിനായി വിളിച്ചു. അവരെല്ലാവരും അത് കഴിച്ചു, എന്നിട്ടും ആ ഭക്ഷണം പഴയപടി തന്നെ അവശേഷിച്ചു.
ഇമാം ഇബ്നു ഹിബ്ബാൻ(റ) അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: ഞാൻ ഭക്ഷണം കഴിക്കാതെ മൂന്ന് ദിവസങ്ങൾ കടന്നുപോയി. ഞാൻ ‘സുഫ്ഫ’ ലക്ഷ്യമാക്കി നടക്കുമ്പോൾ വിശപ്പുകാരണം തലകറങ്ങി വീഴാൻ തുടങ്ങി. കുട്ടികൾ പറഞ്ഞു: “അബൂഹുറൈറ(റ)യ്ക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്നു.” ഞാൻ വിളിച്ചു പറഞ്ഞു: “അല്ല, ഭ്രാന്ത് നിങ്ങൾക്കാണ്.” അങ്ങനെ ഞാൻ സുഫ്ഫയിലെത്തി. അപ്പോൾ തിരുനബിﷺയുടെ അടുത്ത് ഒരു പാത്രം ഇറച്ചിയും അപ്പവും ചേർത്ത സരീദ് വിഭവം എത്തിച്ചിട്ടുണ്ടായിരുന്നു.
തിരുനബിﷺ സുഫ്ഫയിലുള്ളവരെ വിളിച്ചു, അവർ കഴിക്കാൻ തുടങ്ങി. എന്നെയും വിളിക്കുമെന്ന് കരുതി ഞാൻ കാത്തുനിന്നു. എല്ലാവരും കഴിച്ചു എഴുന്നേറ്റപ്പോൾ പാത്രത്തിന്റെ വശങ്ങളിൽ അല്പം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. തിരുനബിﷺ അത് ഒന്നിച്ചുകൂട്ടി ഒരു ഉരുളയാക്കി വിരലുകളിൽ വെച്ചു കൊണ്ട് എന്നോട് പറഞ്ഞു: “ബിസ്മി ചൊല്ലി കഴിക്കൂ.” എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം! ഞാൻ വയറുനിറയുന്നത് വരെ അതിൽ നിന്ന് കഴിച്ചു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
