Tweet 1353

    Tweet 1353
    February 26, 2026 • Thursday
    Post Header

    ഇമാം അഹ്‌മദും(റ) ബൈഹഖി(റ)യും ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു:
    തിരുനബിﷺ ഉംറയ്ക്കായി ‘മർറുദ്ദഹ്‌റാൻ’ എന്ന സ്ഥലത്ത് എത്തിയപ്പോൾ, അവിടുത്തെ അനുചരന്മാർക്കിടയിൽ ഒരു വാർത്ത എത്തി. “മുസ്‌ലീംകൾ ദാരിദ്ര്യവും ക്ഷീണവും കാരണം തീരെ അവശരായിരിക്കുന്നു” എന്ന് ഖുറൈശികൾ പരിഹസിക്കുന്നുവെന്ന്. ഇതുകേട്ടപ്പോൾ സ്വഹാബികൾ പറഞ്ഞു: “നമ്മുടെ വാഹന മൃഗങ്ങളെ അറുത്ത് അതിന്റെ ഇറച്ചി ഭക്ഷിക്കുകയും ചാറു കുടിക്കുകയും ചെയ്തിരുന്നെങ്കിൽ, നാളെ ശത്രുക്കളുടെ മുന്നിൽ എത്തുമ്പോൾ നമുക്ക് നല്ല ഉന്മേഷം ഉണ്ടാകുമായിരുന്നു.”
    അപ്പോൾ നബിﷺ പറഞ്ഞു: “അപ്രകാരം ചെയ്യരുത്. പകരം നിങ്ങളുടെ പക്കലുള്ള ബാക്കി ഭക്ഷണസാധനങ്ങൾ അല്പമെങ്കിലും എനിക്ക് കൊണ്ടുവരിക.”

    അവർ തങ്ങളുടെ പക്കലുള്ള ഭക്ഷണപ്പൊതികൾ കൊണ്ടുവരികയും തോൽ വിരിപ്പുകളിൽ അത് നിരത്തുകയും ചെയ്തു. തിരുനബിﷺ അതിൽ ബറക്കത്തിനായി പ്രാർത്ഥിച്ചു. തുടർന്ന് എല്ലാവരും വയറു നിറയെ ആഹാരം കഴിച്ചു. ശേഷം ഓരോരുത്തരും തങ്ങളുടെ ഭക്ഷണസഞ്ചികൾ നിറയെ അതിൽ നിന്നും വാരിയെടുക്കുകയും ചെയ്തു.

    അബൂഹുറൈറ(റ) പറയുന്നു: തിരുനബിﷺ എന്നോട് പറഞ്ഞു: “നിന്റെ കൂട്ടുകാരെ അഥവാ അഹ്‌ലുസ്സുഫ്ഫക്കാരെ വിളിച്ചുകൊണ്ടുവരിക.” ഞാൻ ഓരോരുത്തരെയായി പോയി വിളിച്ചു. ഞങ്ങൾ തിരുനബിﷺയുടെ വാതിക്കൽ വന്ന് അനുവാദം ചോദിക്കുകയും അവിടുന്ന് അനുവാദം നൽകുകയും ചെയ്തു.
    അബൂഹുറൈറ(റ) തുടരുന്നു: ഏകദേശം ഒരു ചെറിയ അളവ് യവം കൊണ്ട് തയ്യാറാക്കിയ ഒരു പാത്രം ഭക്ഷണം ഞങ്ങളുടെ മുന്നിൽ വെക്കപ്പെട്ടു. തിരുനബിﷺ അതിൽ കൈവെച്ചുകൊണ്ട് പറഞ്ഞു: “അല്ലാഹുവിന്റെ നാമത്തിൽ നിങ്ങൾ ഭക്ഷിക്കുക.” ഞങ്ങൾ എഴുപതിനും എൺപതിനും ഇടയിലുള്ള ആളുകളുണ്ടായിരുന്നു. എല്ലാവർക്കും മതിയാവോളം അതിൽ നിന്ന് ഭക്ഷിച്ചു. ഞങ്ങൾ കൈകൾ പിൻവലിച്ചപ്പോൾ തിരുനബിﷺ പറഞ്ഞു: “എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം! ഇന്ന് വൈകുന്നേരം മുഹമ്മദ് നബിﷺയുടെ കുടുംബത്തിന് കഴിക്കാൻ വേറെ ഭക്ഷണമൊന്നുമില്ല.”

    അനസ്(റ)വിനോട് ചോദിക്കപ്പെട്ടു: “ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ അതിൽ എത്ര ബാക്കിയുണ്ടായിരുന്നു?” അദ്ദേഹം പറഞ്ഞു: “ആദ്യം വെച്ചപ്പോൾ എത്രയുണ്ടായിരുന്നോ അത്രതന്നെ ഇപ്പോഴുമുണ്ട്, വിരലുകൾ കൊണ്ടുള്ള അടയാളങ്ങൾ മാത്രമേ അതിൽ കാണാനുള്ളൂ.”

    വാസിലത്ത് ബിൻ അസ്ഖഅ്(റ) പറയുന്നു: അഹ്‌ലുസ്സുഫ്ഫക്കാർ തങ്ങളുടെ വിശപ്പിനെക്കുറിച്ച് പരാതിപ്പെടാൻ എന്നെ തിരുനബിﷺയുടെ അടുത്തേക്ക് അയച്ചു. അവിടുന്ന് വീട്ടിലേക്ക് തിരിഞ്ഞു ചോദിച്ചു: “കഴിക്കാൻ വല്ലതുമുണ്ടോ?” അവർ പറഞ്ഞു: “ഉണ്ട്, ഒന്നോ രണ്ടോ കഷണം റൊട്ടിയും അല്പം പാലുമുണ്ട്.”

    അത് കൊണ്ടുവന്നപ്പോൾ തിരുനബിﷺ ആ റൊട്ടി കഷണങ്ങൾ ചെറിയ കഷണങ്ങളായി നുറുക്കി പാലിൽ ചേർത്തു. എന്നിട്ട് തിരുകരങ്ങൾ കൊണ്ട് അതൊരു ‘സരീദ്’ അഥവാ റൊട്ടിയും മാംസവും ചേർത്ത വിഭവം പോലെയാക്കി മാറ്റി. ശേഷം എന്നോട് പറഞ്ഞു: “വാസിലാ(റ), നിന്റെ കൂട്ടരിൽ പത്തുപേരെ വിളിക്കൂ.” അവർ വന്നപ്പോൾ തിരുനബിﷺ പറഞ്ഞു: “ബിസ്മി ചൊല്ലി പാത്രത്തിന്റെ വശങ്ങളിൽ നിന്ന് ഭക്ഷിക്കുക, നടുഭാഗം ബാക്കിവെക്കുക. കാരണം ബറക്കത്ത് ഇറങ്ങുന്നത് മുകൾഭാഗത്തുകൂടിയാണ്.” അവർ വയറുനിറയെ ഭക്ഷിച്ചു പോയി. ശേഷം തിരുനബിﷺ പറഞ്ഞു: “അടുത്ത പത്തുപേരെ കൂടി വിളിക്കൂ.” അവർക്കും ഇപ്രകാരം നിർദ്ദേശം നൽകി, അവരും വയറുനിറയെ ഭക്ഷിച്ചു. അങ്ങനെ ബാക്കിയുള്ളവരെയെല്ലാം പത്തുപേരടങ്ങുന്ന ഗ്രൂപ്പുകളായി വിളിച്ചു, എല്ലാവരും വയറുനിറയെ കഴിച്ചു. എന്നിട്ടും പാത്രത്തിൽ ഭക്ഷണം ബാക്കിയുണ്ടായിരുന്നു. ഇത് കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...