
സലമത്ത് ബിൻ അക്വഅ്(റ), അബൂഹുറൈറ(റ), ഉമർ ബിൻ ഖത്വാബ്(റ) തുടങ്ങി പ്രമുഖരായ സ്വഹാബികൾ ഉദ്ധരിച്ച ഒരു സംഭവത്തിന്റെ ചുരുക്കം ഇപ്രകാരമാണ്:
തബൂഖ് യുദ്ധവേളയിൽ ഞങ്ങൾ തിരുനബിﷺയോടൊപ്പമായിരുന്നു. അന്ന് സൈന്യത്തിന് കഠിനമായ വിശപ്പും ഭക്ഷണക്ഷാമവും നേരിട്ടു. തങ്ങളുടെ വാഹനങ്ങളായ ഒട്ടകങ്ങളെ അറുത്ത് ഭക്ഷിക്കാൻ അനുവാദം ചോദിച്ചപ്പോൾ തിരുനബിﷺ അവർക്ക് അനുവാദം നൽകി.
ഇതറിഞ്ഞ ഉമർ(റ) അല്ലാഹുവിന്റെ ദൂതരുﷺടെ അടുത്തു വന്ന് ഇപ്രകാരം പറഞ്ഞു: “അല്ലാഹുവിന്റെ പ്രവാചകരേﷺ, ജനങ്ങൾ തങ്ങളുടെ വാഹനങ്ങളെ അറുത്താൽ അവർ എന്തിൻമേൽ സവാരി ചെയ്യും? അതിനാൽ, ജനങ്ങളോട് അവരുടെ കൈവശം ബാക്കിയുള്ള ഭക്ഷണം കൊണ്ടുവരാൻ ആവശ്യപ്പെടുകയും, അത് ഒരു തുണിയിൽ ഒരുമിച്ചു കൂട്ടി അങ്ങ് അല്ലാഹുവിനോട് അതിൽ ബറക്കത്തിനായി പ്രാർഥിക്കുകയും ചെയ്യുന്നതല്ലേ ഉചിതം? അല്ലാഹു അവിടുത്തെ പ്രാർഥനയാൽ ഞങ്ങൾക്ക് വേണ്ടത് നൽകുമല്ലോ.”
തിരുനബിﷺ ചോദിച്ചു: “ഇബ്നുൽ ഖത്വാബ്(റ), അതാണോ നിങ്ങളുടെ അഭിപ്രായം?” അദ്ദേഹം ‘അതെ’ എന്ന് മറുപടി നൽകി. തുടർന്ന് തിരുനബിﷺ ജനങ്ങളോട് അവരുടെ പക്കലുള്ള ഭക്ഷണപ്പൊതികൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഓരോരുത്തരും തങ്ങളുടെ കൈവശമുള്ള തുച്ഛമായ ഭക്ഷണസാധനങ്ങൾ കൊണ്ടുവന്നു. ചിലർ ഒരു പിടി ധാന്യവും, ചിലർ ഒരു സ്വാഅ് ഈത്തപ്പഴവുമാണ് കൊണ്ടുവന്നത്. തിരുനബിﷺ അതൊക്കെയും ഒരു തുണിയിൽ ശേഖരിച്ചു. അതിനുശേഷം അതിൽ ബറക്കത്തിനായി അല്ലാഹുവിനോട് പ്രാർഥിച്ചു.
പിന്നീട് അവിടുന്ന് കല്പിച്ചു: “നിങ്ങളുടെ പാത്രങ്ങൾ കൊണ്ടുവരൂ.” സൈന്യത്തിലുള്ള എല്ലാവരും തങ്ങളുടെ പാത്രങ്ങൾ നിറച്ചു. സൈന്യത്തിൽ ഒരു പാത്രം പോലും നിറയാതെ അവശേഷിച്ചില്ല. ചിലർ പാത്രങ്ങൾ ഇല്ലാത്തതിനാൽ തങ്ങളുടെ കുപ്പായം കൊണ്ട് പൊതിഞ്ഞുപോലും ഭക്ഷണം എടുത്തു. എന്നിട്ടും വന്ന അത്രയും തന്നെ ഭക്ഷണം അവിടെ ബാക്കിയുണ്ടായിരുന്നു. ഇത് കണ്ട് തിരുനബിﷺ അണപ്പല്ലുകൾ പുറത്തു കാണുമാറ് മന്ദഹസിച്ചു. ശേഷം ഇപ്രകാരം പ്രഖ്യാപിച്ചു: “അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹില്ലെന്നും ഞാൻ അല്ലാഹുവിന്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. ഒരു സത്യവിശ്വാസിയും അയാൾക്ക് നരകം നിഷിദ്ധമാക്കപ്പെട്ടിട്ടല്ലാതെ ഈ രണ്ട് സാക്ഷ്യവചനങ്ങളുമായി അല്ലാഹുവിനെ കണ്ടുമുട്ടുകയില്ല, അഥവാ അയാൾ സ്വർഗാവകാശിയാകും.”
ഉമ്മുൽ മുഅ്മിനീൻ സ്വഫിയ്യ(റ) നിവേദനം ചെയ്യുന്നു: ഒരിക്കൽ തിരുനബിﷺ എന്റെ അടുക്കൽ വന്ന് ചോദിച്ചു: “നിന്റെ അടുക്കൽ ഭക്ഷണമായി വല്ലതുമുണ്ടോ? എനിക്ക് വിശക്കുന്നു.” ഞാൻ പറഞ്ഞു: “ഇല്ല, രണ്ട് മുദ്ദ് അഥവാ ഒരു ചെറിയ അളവ് മാവ് അല്ലാതെ മറ്റൊന്നുമില്ല.” തിരുനബിﷺ പറഞ്ഞു: “നീ അത് പാകം ചെയ്യുക.” അങ്ങനെ ഞാൻ അത് ചട്ടിയിൽ വെച്ച് വേവിച്ചു. അത് പാകമായപ്പോൾ ഞാൻ പറഞ്ഞു: “ഇത് തയ്യാറായിട്ടുണ്ട്.” പിന്നീട് തിരുനബിﷺ അവിടുത്തെ പക്കലുള്ള ചെറിയൊരു പാത്രം കൊണ്ടുവരാൻ പറഞ്ഞു. അതിൽ വളരെ കുറച്ച് നെയ്യ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. തിരുനബിﷺ ആ പാത്രത്തിന്റെ വശങ്ങൾ ചട്ടിയിലേക്ക് തടവി അതിലെ നെയ്യ് ഭക്ഷണത്തിൽ ചേർത്തു.
ശേഷം ‘ബിസ്മി’ ചൊല്ലി തിരുനബിﷺ പറഞ്ഞു: “നിന്റെ സഹോദരിമാരെ അഥവാ മറ്റ് ഉമ്മുൽ മുഅ്മിനീങ്ങളെ വിളിക്കുക, അവർക്കും എന്നെപ്പോലെ വിശക്കുന്നുണ്ടാകുമെന്ന് എനിക്കറിയാം.”
ഞാൻ അവരെല്ലാവരെയും വിളിച്ചു. ഞങ്ങൾ എല്ലാവരും വയറു നിറയെ കഴിച്ചു. പിന്നീട് അബൂബക്കർ(റ) വന്നു, അദ്ദേഹം കഴിച്ചു. ശേഷം ഉമർ(റ) വന്നു, അദ്ദേഹവും കഴിച്ചു. പിന്നീട് വേറെയും ഒരാൾ വന്നു. അങ്ങനെ എല്ലാവരും വയറു നിറയെ കഴിച്ചിട്ടും ആ ഭക്ഷണത്തിൽ നിന്നും മിച്ചം വന്നു. ഞാൻ ആ പാത്രം എടുത്തു മാറ്റുമ്പോൾ, ആദ്യം അതിൽ എത്രത്തോളം ഭക്ഷണമുണ്ടായിരുന്നോ അത്രയും തന്നെ അപ്പോഴും ബാക്കിയുള്ളതായി എനിക്ക് കാണാൻ കഴിഞ്ഞു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
