Tweet 1338

    Tweet 1338
    February 11, 2026 • Wednesday
    Post Header

    അബൂ നുഐമും(റ) ബസ്സാറും(റ) അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു:
    “തിരുനബിﷺ ഞങ്ങളുടെ വീട്ടിൽ അതിഥിയായി എത്തുകയുണ്ടായി. അപ്പോൾ ഞങ്ങളുടെ വീട്ടിലുണ്ടായിരുന്ന ഒരു കിണറ്റിൽ നിന്ന് ഞങ്ങൾ അവിടുത്തേക്ക് കുടിക്കാൻ നൽകി. ജാഹിലിയ്യാ കാലത്ത് ‘അന്നസൂർ’ വെള്ളം കുറഞ്ഞത് എന്നായിരുന്നു ആ കിണർ അറിയപ്പെട്ടിരുന്നത്. തിരുനബിﷺ ആ കിണറ്റിൽ ഉമിനീർ തുപ്പി. അതിനുശേഷം ആ കിണറ്റിലെ വെള്ളം ഒരിക്കലും വറ്റുകയുണ്ടായില്ല.”

    ഇതാ ഹുദൈബിയ്യയിലെ കിണറ്റിൽ നബിﷺ വെള്ളം വർദ്ധിപ്പിച്ചതിനെ കുറിച്ചുള്ള ഹദീസിന്റെ ആശയം കൂടി വായിക്കാം. ഇമാം ബുഖാരി(റ) ബറാഅ്(റ)വിൽ നിന്നും, ഇമാം മുസ്‌ലിം(റ) സലമത്ത് ബിൻ അക്‌വഅ്(റ)വിൽ നിന്നും നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു:
    “ഞങ്ങൾ റസൂൽﷺയോടൊപ്പം ഹുദൈബിയ്യയിൽ എത്തി. ഞങ്ങൾ അന്ന് ആയിരത്തിനാനൂറ് പേരുണ്ടായിരുന്നു. ഹുദൈബിയ്യ എന്നത് ഒരു കിണറാണ്. ഞങ്ങൾ അതിലെ വെള്ളം മുഴുവൻ കോരിയെടുത്തു, അതിൽ ഒരു തുള്ളി പോലും ബാക്കിവെച്ചില്ല. തുടർന്ന് അല്ലാഹുവിന്റെ റസൂൽﷺ ആ കിണറിന്റെ വക്കിൽ ഇരുന്നു.” ബറാഅ്(റ) പറയുന്നു: ” ശേഷം തിരുനബി സമക്ഷത്തിലേക്ക് ഒരു ബക്കറ്റിൽ കുറച്ച് വെള്ളം കൊണ്ടുവന്നു. അവിടുന്ന് അതിൽ ഉമിനീർ തുപ്പുകയും പ്രാർഥിക്കുകയും ചെയ്തു. ശേഷം നബിﷺ പറഞ്ഞു: ‘കുറച്ചു സമയം അത് വിട്ടേക്കുക’.” സലമത്ത്(റ) പറയുന്നു: “പിന്നീട് ആ കിണറിൽ വെള്ളം നിറഞ്ഞൊഴുകി. അവരും അവരുടെ വാഹനങ്ങളും ദാഹം തീർക്കുവോളം കുടിച്ചു. അങ്ങനെ ഞങ്ങൾ വെള്ളം കുടിക്കുകയും സംഭരിക്കുകയും ചെയ്തു.”

    ഇബ്നു ശിഹാബ്(റ) വഴിയുള്ള മറ്റ് നിവേദനങ്ങളിൽ ഇപ്രകാരം കൂടി വന്നിട്ടുണ്ട്:
    തിരുനബിﷺ അമ്പ് കൂട്ടിനുള്ളിൽ നിന്ന് ഒരു അമ്പ് പുറത്തെടുത്ത് വെള്ളമില്ലാത്ത ആ കിണറ്റിൽ നാട്ടി. ഉടനെ ജനങ്ങൾക്ക് കുടിക്കാനുള്ള വെള്ളം അവിടെ ഉറവയെടുത്തു. അവർ തങ്ങളുടെ കൂടാരങ്ങൾക്ക് സമീപം ഒട്ടകങ്ങളെ കെട്ടിയിടുന്നത് വരെ ധാരാളമായി വെള്ളം ലഭിച്ചു.”

    ഹുദൈബിയ്യ സന്ധിയുടെ സമയത്ത് നടന്ന ഈ അത്ഭുത സംഭവം ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രധാനമായ ഒന്നാണ്.

    ഇതാ ‘ബിഅ്റ് ഗർസ്’ എന്ന കിണറിലെ വെള്ളത്തിൽ നബിﷺ ബറകത്ത് നൽകിയതിനെ കുറിച്ചുള്ള ഹദീസിന്റെ ഉള്ളടക്കം. ഇബ്നു സഅദ്(റ), സഈദ് ബിൻ റുഖൈശി(റ)ൽ നിന്ന്, അദ്ദേഹം അനസ്(റ)വിൽ നിന്നും നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു:
    “ഞങ്ങൾ അല്ലാഹുവിൻ്റെ ദൂതർﷺയോടൊപ്പം ഖുബായിലേക്ക് വന്നു. അങ്ങനെ ‘ഗർസ്’ എന്ന കിണറിനടുത്തെത്തി. അന്ന് ഒരു കഴുതയെ ഉപയോഗിച്ചായിരുന്നു അതിൽ നിന്ന് വെള്ളം കോരിയിരുന്നത്. പകൽ സമയങ്ങളിൽ അധികവും അതിൽ വെള്ളം കാണാറില്ലായിരുന്നു, അത്രക്കും കുറവായിരുന്നു. തിരുനബിﷺ ഒരു ബക്കറ്റിലെ വെള്ളം കൊണ്ട് വായ കൊപ്ലിക്കുകയും അത് ആ കിണറ്റിലേക്ക് തന്നെ ഒഴിക്കുകയും ചെയ്തു. പിന്നീട് ആ കിണർ സമൃദ്ധമായ വെള്ളത്താൽ നിറഞ്ഞൊഴുകി.”

    മദീനയിലെ ഖുബായിൽ സ്ഥിതി ചെയ്യുന്ന ഈ കിണറിലെ വെള്ളം നബിﷺക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. നബിﷺ അവിടുത്തെ വഫാത്തിന് ശേഷം കുളിപ്പിക്കാൻ ഈ കിണറ്റിലെ വെള്ളം ഉപയോഗിക്കണമെന്ന് വസ്വിയ്യത്ത് ചെയ്തിരുന്നതായും ചരിത്രരേഖകളിൽ കാണാം.

    ഇത്തരം സംഭവങ്ങളുടെ നേർ സാക്ഷ്യത്തോടുകൂടിയുള്ള പുനർവായനക്ക് പുതിയകാലത്തും സാധ്യമാകുന്നു എന്നത് നബി ജീവിതത്തിൻ്റെ മാത്രം ഒരു സവിശേഷതയാണ്. അവിടുത്തെ കുറിച്ചുള്ള പഠനങ്ങൾ ഓരോ അധ്യായവും വേറിട്ടതും ആശ്ചര്യ ജനകവുമാണല്ലോ!

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...