
യമനിലെ റഹാത്ത് എന്ന സ്ഥലത്തെ ഭൂമിയിൽ നബിﷺ വെള്ളം വർദ്ധിപ്പിച്ചു നൽകിയതിനെക്കുറിച്ചുള്ള വിവരണം ഇവിടെ നമുക്ക് ചേർത്തുവയ്ക്കാം.
ഇമാം അബൂ നുഐം(റ), റാശിദ് ബിൻ അബ്ദു റബ്ബിഹി അസ്സുലമി(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു:
അദ്ദേഹം പറഞ്ഞു: ‘സുവാഅ്’ എന്ന് വിളിക്കപ്പെട്ടിരുന്ന വിഗ്രഹം അൽ-മഅ്‌ലയിലായിരുന്നു ഉണ്ടായിരുന്നത്. ബനൂ സഫർ ഗോത്രം ആ വിഗ്രഹത്തിന് ഒരു കാഴ്ചദ്രവ്യവുമായി എന്നെ അങ്ങോട്ടേക്ക് അയച്ചു. പുലർച്ചെ ഞാൻ സുവാഇന് മുൻപുള്ള മറ്റൊരു വിഗ്രഹത്തിനടുത്തെത്തി. അപ്പോൾ ആ വിഗ്രഹത്തിന്റെ ഉള്ളിൽ നിന്ന് ഒരാൾ ഇപ്രകാരം വിളിച്ചുപറയുന്നത് ഞാൻ കേട്ടു. “അതിശയകരമായ കാര്യം! അബ്ദുൽ മുത്തലിബിന്റെ സന്തതികളിൽ നിന്ന് ഒരു പ്രവാചകൻ പുറപ്പെട്ടിരിക്കുന്നു. ആ പ്രവാചകൻ വ്യഭിചാരവും പലിശയും വിഗ്രഹങ്ങൾക്കുള്ള ബലിയും നിരോധിച്ചിരിക്കുന്നു. ആകാശം കാവൽ ഏർപ്പെടുത്തപ്പെടുകയും ഞങ്ങൾക്ക് നേരെ ഉൽക്കാപിണ്ഡങ്ങൾ എറിയപ്പെടുകയും ചെയ്തിരിക്കുന്നു.”
പിന്നീട് മറ്റൊരു വിഗ്രഹത്തിനുള്ളിൽ നിന്ന് ഒരാൾ വിളിച്ചുപറഞ്ഞു: “മുൻപ് ആരാധിക്കപ്പെട്ടിരുന്ന ദമ്മാദ് ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. അഹ്മദ്ﷺ എന്ന പ്രവാചകൻ പുറപ്പെട്ടിരിക്കുന്നു. ആ പ്രവാചകൻ നിസ്കരിക്കുകയും സകാത്ത് നൽകാനും നോമ്പ് നോൽക്കാനും പുണ്യപ്രവൃത്തികൾ ചെയ്യാനും കുടുംബബന്ധം ചേർക്കാനും കൽപ്പിക്കുകയും ചെയ്യുന്നു.”
തുടർന്ന് മറ്റൊരു വിഗ്രഹത്തിനുള്ളിൽ നിന്ന് ഇപ്രകാരം കേട്ടു: “ഈസാ നബി(അ)ക്ക് ശേഷം പ്രവാചകത്വവും സന്മാർഗ്ഗവും ഖുറൈശികളിൽ നിന്നുള്ള സന്മാർഗ്ഗിയായ ഒരാൾക്ക് ലഭിച്ചിരിക്കുന്നു. കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ചും നാളെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും അവിടുന്ന് വാർത്ത നൽകുന്നു.”
റാശിദ്(റ) പറയുന്നു: “അന്ന് പുലർച്ചെ ഞാൻ സുവാഅ് വിഗ്രഹത്തെ ഉപേക്ഷിച്ചു. രണ്ട് കുറുക്കന്മാർ ആ വിഗ്രഹത്തിന് ചുറ്റുമുള്ളത് നക്കുകയും അതിന് സമർപ്പിച്ച കാഴ്ചവസ്തുക്കൾ ഭക്ഷിക്കുകയും ചെയ്യുന്നു. പിന്നീട് അവ ആ വിഗ്രഹത്തിന് മേൽ മൂത്രമൊഴിക്കുന്നു! അത് കണ്ടപ്പോൾ ഞാൻ ഇപ്രകാരം പാടി:”
“തന്റെ തലയിൽ കുറുക്കൻ മൂത്രമൊഴിക്കുന്ന ഒന്നാണോ ദൈവം? കുറുക്കന്മാർ മൂത്രമൊഴിക്കുന്നവൻ തീർച്ചയായും നിന്ദ്യൻ തന്നെ!”
ഈ സംഭവം നടന്നത് തിരുനബിﷺ മദീനയിലേക്ക് പുറപ്പെട്ട സമയത്തായിരുന്നു. റാശിദ്(റ) മദീനയിൽ നബിﷺയുടെ അടുത്തെത്തി ഇസ്‌ലാം സ്വീകരിക്കുകയും പ്രവാചകരോﷺട് അനുസരണ പ്രതിജ്ഞ /ബൈഅത്ത് ചെയ്യുകയും ചെയ്തു. തുടർന്ന് അദ്ദേഹം റഹാത്ത് എന്ന സ്ഥലത്ത് തനിക്ക് കുറച്ച് ഭൂമി അനുവദിച്ചു തരാൻ നബിﷺയോട് ആവശ്യപ്പെട്ടു. തിരുനബിﷺ അത് അദ്ദേഹത്തിന് നൽകുകയും വെള്ളം നിറഞ്ഞ ഒരു പാത്രം നൽകി അതിൽ ഉമിനീർ ചേർത്ത് കൊടുക്കുകയും ചെയ്തു. എന്നിട്ട് പറഞ്ഞു: “ഇത് ആ ഭൂമിയുടെ ഉയർന്ന ഭാഗത്ത് ഒഴിക്കുക, ബാക്കി വരുന്ന വെള്ളം ജനങ്ങൾക്ക് തടയരുത്.”
അദ്ദേഹം അപ്രകാരം ചെയ്തു. അപ്പോൾ അവിടെ അന്ന് മുതൽ ഇന്നുവരെ വറ്റാത്ത ഒരു നീരുറവ രൂപപ്പെട്ടു. അദ്ദേഹം അവിടെ ഈന്തപ്പനകൾ നട്ടുപിടിപ്പിച്ചു. റഹാത്തിലുള്ളവർ മുഴുവൻ ആ വെള്ളമാണ് കുടിക്കുന്നത് എന്ന് പറയപ്പെടുന്നു. ജനങ്ങൾ ഇതിനെ ‘മാഉർറസൂൽ’ അല്ലെങ്കിൽ ‘അയ്നുർറസൂൽ’ അഥവാ തിരുനബിﷺയുടെ ഉറവ എന്ന് വിളിച്ചു. ഇന്നും റഹാത്തിലുള്ളവർ ആ വെള്ളത്തിൽ കുളിക്കുകയും അത് കുടിക്കാനായി ഉപയോഗിക്കുകയും ചെയ്യുന്നു.
ഈ ലേഖകന് പ്രസ്തുത സ്ഥലം സന്ദർശിക്കാനും തിരുനബിﷺയുടെ അനുഗ്രഹീതമായ ഉറവയിൽ നിന്ന് കുടിക്കാനും കുളിക്കാനും അവസരം ലഭിച്ചു. ഇന്ന് സൗദി ഗവൺമെൻ്റ് ടൂറിസം ആൻഡ് ഹെറിറ്റേജിന്റെ ഭാഗമായി നവീകരണ പ്രവർത്തനങ്ങൾ നടത്തുകയും വിവരങ്ങൾ നൽകുന്ന ഫലകങ്ങൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത സ്ഥലത്തേക്ക് എത്താൻ ആവശ്യമായ സ്ഥലനാമസൂചിക ഹൈവേയിൽ തന്നെ സ്ഥാപിച്ചതു കാണാം.
