Tweet 1339

    Tweet 1339
    February 12, 2026 • Thursday
    Post Header

    തിരുനബിﷺ രണ്ട് തോൽപാത്രങ്ങളിലെ വെള്ളം വർദ്ധിപ്പിച്ചത്, ഇമാം അഹ്മദ്(റ), ബുഖാരി(റ), മുസ്‌ലിം(റ), ത്വബറാനി(റ), ബൈഹഖി(റ) എന്നിവർ ഇമ്രാൻ ബിൻ ഹുസൈൻ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു:

    ഞങ്ങൾ അല്ലാഹുവിന്റെ ദൂതനോﷺടൊപ്പം ഒരു യാത്രയിലായിരുന്നു. ജനങ്ങൾ ദാഹത്തെക്കുറിച്ച് അവിടുത്തോട് പരാതിപ്പെട്ടു. അപ്പോൾ വാഹനം നിർത്തി അലി(റ)യെയും മറ്റൊരാളെയും മറ്റൊരു റിപ്പോർട്ടിൽ ഇമ്രാൻ ബിൻ ഹുസൈൻ(റ)നേയും വിളിച്ചു പറഞ്ഞു: “നിങ്ങൾ പോയി വെള്ളം അന്വേഷിക്കുക. ഇന്നയിന്ന സ്ഥലത്ത് ഒട്ടകപ്പുറത്ത് രണ്ട് തോൽപാത്രങ്ങളുമായി ഒരു സ്ത്രീയെ നിങ്ങൾക്ക് കാണാം. അവളെ ഇങ്ങോട്ട് കൊണ്ടുവരിക.”

    അവർ പോയി തിരഞ്ഞപ്പോൾ ഒട്ടകപ്പുറത്ത് രണ്ട് തോൽപാത്രങ്ങളുമായി ഒരു സ്ത്രീയെ കണ്ടുമുട്ടി. അവർ അവളോട് ചോദിച്ചു: “വെള്ളം എവിടെയാണുള്ളത്?” അവൾ പറഞ്ഞു: “ഇന്നലെ ഈ സമയത്താണ് ഞാൻ വെള്ളം ശേഖരിച്ചത് അഥവാ വെള്ളമുള്ള സ്ഥലത്തേക്ക് അത്രയും ദൂരമുണ്ട്.” അവർ പറഞ്ഞു: “എങ്കിൽ നീ ഞങ്ങളോടൊപ്പം വരിക.” അവൾ ചോദിച്ചു: “എവിടേക്ക്?”
    അവർ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരുﷺടെ അടുത്തേക്ക്.” അവൾ ചോദിച്ചു: “ആ ‘സാബിഅ്’ എന്ന് വിളിക്കപ്പെടുന്ന വ്യക്തിയുടെ അടുത്തേക്കോ?” അവർ പറഞ്ഞു: “നീ ഉദ്ദേശിക്കുന്ന വ്യക്തി തന്നെയാണ്.” അങ്ങനെ അവർ അവളെ തിരുനബിﷺയുടെ അടുത്തെത്തിച്ചു. അവർ നടന്ന കാര്യങ്ങൾ വിവരിച്ചു.
    നബിﷺ അവളോട് ഒട്ടകപ്പുറത്ത് നിന്നിറങ്ങാൻ പറഞ്ഞു. അവിടുന്ന് ഒരു പാത്രം ആവശ്യപ്പെടുകയും ആ രണ്ട് തോൽപാത്രങ്ങളുടെയും വായ തുറന്ന് അതിലേക്ക് അല്പം വെള്ളം പകരുകയും ചെയ്തു. തിരുനബിﷺ ആ വെള്ളത്തിൽ വായ കഴുകുകയും അത് തിരികെ തോൽപാത്രങ്ങളിലേക്ക് തന്നെ ഒഴിക്കുകയും ചെയ്തു.

    ശേഷം അവയുടെ വായകൾ കെട്ടുകയും താഴത്തെ വായകൾ തുറന്നുകൊടുക്കുകയും ചെയ്തു.
    തുടർന്ന് ജനങ്ങൾക്കിടയിൽ ഇപ്രകാരം വിളിച്ചുപറഞ്ഞു: “നിങ്ങൾ കുടിക്കുകയും വെള്ളം ശേഖരിക്കുകയും ചെയ്യുക.” ആഗ്രഹിച്ചവരൊക്കെ കുടിക്കുകയും അവരവരുടെ പാത്രങ്ങളിൽ വെള്ളം നിറയ്ക്കുകയും ചെയ്തു. ഞങ്ങളുടെ പക്കലുണ്ടായിരുന്ന എല്ലാ തോൽപാത്രങ്ങളും വലിയ പാത്രങ്ങളും ഞങ്ങൾ നിറച്ചു. തന്റെ വെള്ളം കൊണ്ട് എന്താണ് ചെയ്യുന്നതെന്ന് നോക്കി ആ സ്ത്രീ അവിടെത്തന്നെ നിൽക്കുന്നുണ്ടായിരുന്നു.

    അല്ലാഹുവാണെ സത്യം! ആ സ്ത്രീയിൽ നിന്ന് വെള്ളം എടുക്കുന്നത് അവസാനിപ്പിച്ചപ്പോൾ, ആ തോൽപാത്രങ്ങൾ ആദ്യം കണ്ടതിനേക്കാൾ കൂടുതൽ നിറഞ്ഞതുപോലെയാണ് അവൾക്ക് തോന്നിയത്. ശേഷം നബിﷺ പറഞ്ഞു: “ഇവൾക്കായി ഭക്ഷണസാധനങ്ങൾ ശേഖരിക്കുക.” ജനങ്ങൾ അവൾക്കായി ഈത്തപ്പഴവും മാവും മറ്റ് ഭക്ഷണപദാർത്ഥങ്ങളും ശേഖരിച്ച് ഒരു തുണിയിൽ കെട്ടി അവളുടെ മുന്നിൽ വെച്ചുകൊടുത്തു.
    അവർ അവളോട് പറഞ്ഞു: “നിന്റെ വെള്ളത്തിൽ നിന്ന് ഞങ്ങൾ ഒന്നും തന്നെ കുറച്ചിട്ടില്ലെന്ന് നീ അറിഞ്ഞുകൊള്ളുക. എന്നാൽ അല്ലാഹുവാണ് ഞങ്ങളെ കുടിപ്പിച്ചത്.” ഈ സംഭവത്തിന് ശേഷം അവളും അവളുടെ ഗോത്രവും ഇസ്‌ലാം സ്വീകരിച്ചു എന്ന് ചരിത്രം പറയുന്നു.

    നബിﷺയുടെ ബറക്കത്ത് കൊണ്ട് യമനിലെ ഒരു കിണറ്റിലെ വെള്ളം മധുരമുള്ളതായി മാറിയ ചരിത്ര സംഭവം കൂടി വായിക്കാം. ഇമാം ഇബ്നുസ്സകൻ(റ), ഹമ്മാം ബിൻ നുഖൈദ് അസ്സഅ്ദി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: ഞാൻ അല്ലാഹുവിന്റെ ദൂതന്റെﷺ അടുത്തേക്ക് ചെന്നു എന്നിട്ട് ഇപ്രകാരം പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, ഞങ്ങൾ ഞങ്ങൾക്കായി ഒരു കിണർ കുഴിച്ചു, പക്ഷേ അതിൽ നിന്ന് ലഭിച്ചത് ഉപ്പുവെള്ളമാണ്.” അപ്പോൾ നബിﷺ വെള്ളമുള്ള ഒരു പാത്രം എനിക്ക് നൽകിക്കൊണ്ട് പറഞ്ഞു: “ഇത് അതിൽ ഒഴിക്കുക.”
    ഞാൻ അത് ആ കിണറ്റിൽ ഒഴിച്ചു. അതിനുശേഷം ആ വെള്ളം അത്യധികം മധുരമുള്ളതായി മാറി. യമനിലെ കിണറുകളിൽ വെച്ച് ഏറ്റവും മധുരമുള്ള വെള്ളം ആ കിണറ്റിലേതാണ്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...