Tweet 1321

    Tweet 1321
    January 25, 2026 • Sunday
    Post Header

    ഇബ്നു അബ്ബാസ്(റ)വിന്റെ ഒരു നിവേദനം അബൂ നുഐം(റ) റിപ്പോർട്ട് ചെയ്തതിങ്ങനെയാണ്.
    തിരുനബിﷺയുടെ കാലത്ത് വലീദ് ബിൻ മുഗീറ, അബൂജഹൽ ഹിശാം, ആസ്വിബ്നു വാഇൽ, അസ്‌വദ് ബിൻ യഗൂസ്, അസ്‌വദ് ബിൻ അബ്ദുൽ മുത്വലിബ്, നള്‌റ് ബിൻ ഹാരിസ് എന്നിവരും അവരെപ്പോലെയുള്ളവരുമായ മുശ്രിക്കുകൾ ഒരുമിച്ചു കൂടി. അവർ അല്ലാഹുവിന്റെ റസൂലിﷺനോട് ഒരു അത്ഭുതം കാണിച്ചുതരാൻ ആവശ്യപ്പെട്ടു. അവർ പറഞ്ഞു: “സത്യവാനാണെങ്കിൽ ഞങ്ങൾക്ക് ചന്ദ്രനെ പിളർന്ന് രണ്ട് കഷ്ണങ്ങളാക്കി കാണിച്ചുതരൂ. ഒരു പകുതി അബൂ ഖുബൈസ് പർവ്വതത്തിന് മുകളിലും മറുപകുതി ഖുഐഖിആൻ പർവ്വതത്തിന് മുകളിലുമായിരിക്കണം.” മറ്റൊരു റിപ്പോർട്ടിൽ “അസർ മുതൽ രാത്രി വരെയുള്ള സമയം അവർക്കിടയിൽ അത് നീണ്ടുനിന്നു” എന്നും കാണാം. അപ്പോൾ റസൂൽﷺ പറഞ്ഞു: ഇതാ നിങ്ങൾ സാക്ഷ്യം വഹിക്കുവിൻ. സത്യനിഷേധികൾ അത് നോക്കി, പിന്നെ കണ്ണുകൾ തിരിച്ചു, വീണ്ടും നോക്കി. അവർ തങ്ങളുടെ കണ്ണുകൾ തിരുമ്മി നോക്കിയിട്ട് പറഞ്ഞു: “മുഹമ്മദ് നമ്മുടെ കണ്ണുകളെ മന്ത്രവിദ്യ /സിഹ്‌ർ ചെയ്തിരിക്കുന്നു.” അപ്പോൾ അവരിൽ ചിലർ അന്യോന്യം പറഞ്ഞു: “അങ്ങനെ നമ്മളെ മന്ത്രവിദ്യ ചെയ്തതാണെങ്കിൽ, എല്ലാ ജനങ്ങളെയും മന്ത്രവിദ്യ ചെയ്യാൻ കഴിയില്ലല്ലോ. അതിനാൽ യാത്രക്കാരോട് ചോദിച്ചുനോക്കാം. നിങ്ങൾ കണ്ടതുപോലെ അവരും കണ്ടിട്ടുണ്ടെന്ന് അവർ അറിയിക്കുകയാണെങ്കിൽ ഇപ്പോൾ പറഞ്ഞത് സത്യമാണ്.” തുടർന്ന് അവർ യാത്രക്കാരെ കണ്ടുമുട്ടിയപ്പോൾ, തങ്ങൾ കണ്ട അതേ കാഴ്ച അവരും കണ്ടതായി യാത്രക്കാർ അവരോട് പറഞ്ഞു. എന്നിട്ടും അവർ അത് നിഷേധിച്ചു. അപ്പോഴാണ് അല്ലാഹു “അന്ത്യസമയം അടുത്തിരിക്കുന്നു” എന്ന് തുടങ്ങുന്ന സൂറത്തുൽ ഖമറിലെ ആദ്യ സൂക്തങ്ങൾ അവതരിപ്പിച്ചത്.

    ചില നിവേദനങ്ങളിൽ പ്രത്യേകിച്ച് അനസ്(റ)വിൽ നിന്ന് ഇമാം അഹ്‌മദും(റ) മുസ്‌ലിമും(റ) റിപ്പോർട്ട് ചെയ്തതിൽ, ചന്ദ്രൻ “രണ്ടുതവണ” പിളർന്നതായി പരാമർശമുണ്ട്. എന്നാൽ ഇതിനെ പണ്ഡിതന്മാർ വിശദീകരിക്കുന്നത് ഇപ്രകാരമാണ്:
    ഇമാം ഇബ്നു കസീർ(റ) പറഞ്ഞു. “രണ്ടുതവണ” എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് രണ്ട് കഷ്ണങ്ങളായി പിളർന്നു എന്നാണ്. അല്ലാതെ രണ്ടു വ്യത്യസ്ത സമയങ്ങളിൽ ചന്ദ്രൻ പിളർന്നു എന്നല്ല.
    ഇബ്നു ഖയ്യിം(റ) വിശദീകരിച്ചു: ‘മർറത്തൈനി’ /രണ്ടുതവണ എന്ന പദം ചിലപ്പോൾ എണ്ണത്തെയും ചിലപ്പോൾ വസ്തുക്കളെയും സൂചിപ്പിക്കാൻ ഉപയോഗിക്കാറുണ്ട്. ഇവിടെ അത് ‘രണ്ട് ഭാഗങ്ങൾ’ എന്ന അർഥത്തിലാണ്. ചന്ദ്രൻ രണ്ടുതവണ പിളർന്നു എന്ന് വാദിക്കുന്നത് ഹദീസിലും ചരിത്രത്തിലും അവഗാഹമുള്ളവർ തെറ്റാണെന്ന് തിരിച്ചറിയും. കാരണം ഇത് ഒരു തവണ മാത്രമേ സംഭവിച്ചിട്ടുള്ളൂ.
    ഇമാം ബൈഹഖി(റ) പറഞ്ഞു. ഖതാദ(റ)യിൽ നിന്ന് ഈ ഹദീസ് റിപ്പോർട്ട് ചെയ്തവരിൽ ഏറ്റവും പ്രമുഖനായ ശുഅ്ബ(റ)വിന്റെ നിവേദനത്തിൽ ‘രണ്ടുതവണ’ എന്ന വാക്കില്ല. ഇബ്നു മസ്ഊദ്(റ), ഇബ്നു ഉമർ(റ), ജുബൈർ ബിൻ മുത്ഇം(റ) എന്നിവരുടെ നിവേദനങ്ങളിലെല്ലാം ‘രണ്ട് കഷ്ണങ്ങൾ’ എന്നാണ് വന്നിട്ടുള്ളത്.

    ഹദീസ് പണ്ഡിതന്മാർ (മുഹദ്ദിസീങ്ങൾ) പൊതുവെ അംഗീകരിക്കുന്നത് തിരുനബിﷺയുടെ കാലത്ത് ചന്ദ്രൻ ഒരു തവണ മാത്രമേ പിളർന്നിട്ടുള്ളൂ എന്നാണ്. എന്നാൽ അത് രണ്ട് കഷ്ണങ്ങളായി വേർപെട്ടു എന്നതാണ് ‘രണ്ട്’ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ഹാഫിള് അബുൽ ഫള്ലി(റ)ന്റെ കവിതയിലെ വരികളും ഇതിനെ ശരിവെക്കുന്നു:
    “അത് രണ്ട് ഭാഗങ്ങളായി മാറി; ഒരു ഭാഗം ഉയരത്തിലും ഒരു ഭാഗം പർവ്വതത്തിന് താഴെയായും കാണപ്പെട്ടു. അതാണ് ഇജ്മാഅ് അഥവാ പണ്ഡിത ഏകോപന പ്രകാരവും ഖുർആൻ സൂക്തങ്ങൾ പ്രകാരവും സ്ഥിരപ്പെട്ട ‘രണ്ട്’ എന്നതിന്റെ അർത്ഥം.”

    ചുരുക്കത്തിൽ, ചന്ദ്രൻ പിളർന്ന സംഭവം ചരിത്രപരമായി ഒന്നേയുള്ളൂ, പക്ഷേ കാഴ്ചയിൽ അത് രണ്ട് കഷ്ണങ്ങളായിട്ടായിരുന്നു ഉണ്ടായിരുന്നത്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...